ലണ്ടൻ: അപ്രതീക്ഷിതവും വിചിത്രവുമായ ഒരു മരണത്തിന്റെ ഷോക്കിലാണ് യുകെ മലയാളി സമൂഹം. കട്ടപ്പന സ്വദേശിയും യുകെയിൽ സീനിയർ കെയററായി ജോലി ചെയ്തിരുന്ന നഴ്‌സുമായ മുപ്പതുകാരിയുടെ അപ്രതീക്ഷിത മരണമാണ് യുകെ മലയാളി സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്. നാലു ദിവസം മുൻപ് മാത്രം തിരിച്ചറിഞ്ഞ ബ്‌ളഡ് കാൻസർ മൂലം മരിക്കുക എന്ന ദുരന്തമാണ് ജോസി ആന്റണി എന്ന മുപ്പതുകാരിയുടെ കാര്യത്തിൽ ഉണ്ടായത്. വിസ പ്രശ്‌നങ്ങൾ മൂലം ഭർത്താവും ഏക മകളും നാട്ടിലായതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഏക മനസ്സോടെ യുകെ മലയാളികൾ ഒരുമിച്ചിരിക്കുകയാണ്.

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം കണ്ടെത്താൻ പ്രധാനമായും ശ്രമിക്കുന്നത്. വായനക്കാരിൽ നിന്ന് ലഭിക്കുന്ന തുകയുടെ 25 ശതമാനം കൂടി കൂടുതൽ നൽകിയാണ് ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. മൂന്നു ദിവസം കൊണ്ട് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പണം മുഴുവൻ ശേഖരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

ഇത്രമേൽ വേദനാജനകമായ ഒരു മരണം അടുത്ത കാലത്തൊന്നും യുകെ മലയാളികൾ കേട്ടിട്ടുണ്ടാവില്ല. വർഷങ്ങൾക്ക് മുമ്പ് സാലിസ്‌ബറിയിൽ മരിച്ച മിനി എന്ന മലയാളി നഴ്‌സിന്റെ ദുരന്തത്തെ ഓർമ്മിപ്പിക്കുന്ന വേദനാജനകമായ ദുരന്തമായി മാറിയിക്കുകയാണ് ഇത്. നാലാഴ്ചയായി പല്ലുവേദനയും മോണയിൽനിന്നുള്ള രക്തസ്രാവവും മൂലം അസ്വസ്ഥയായിരുന്നു ജോസി. ആ വേദനകൾ എല്ലാം മറക്കാൻ ജോസിയേ പ്രാപ്തയാക്കിയിരുന്നത് ഏത് നിമിഷവും ഹോം ഓഫീസിൽ നിന്നും എത്തുമെന്ന് കരുതിയിരുന്ന പ്രതീക്ഷാ നിർഭരമായ ഒരു കത്തായിരുന്നു. വിസ എക്‌സ്റ്റെൻഷനു വേണ്ടി പാസ്‌പോർട്ട് സഹിതം അപേക്ഷ നൽകി കാത്തിരുന്ന ജോസി ഉടൻ വിസ അടിച്ചു കിട്ടുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ ആ പാസ്‌പോർട്ട് കാണാൻ ഭാഗ്യമില്ലാതെ ആ യുവതി യാത്രയാവുന്നു.

ഏതാണ്ട് നാലാഴ്ച മുമ്പ് രോഗ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരുന്നെങ്കിലും ഗുരുതരമായ രോഗമാണ് എന്ന് ജോസി തിരിച്ചറിഞ്ഞത് കേലവം രണ്ട് ദിവസം മുമ്പ് മാത്രമാണ്. നാലാഴ്ചയായി പല്ലുവേദനയ്ക്കും മോണയിൽ നിന്നുള്ള രക്തസ്രാവത്തിനും ജിപിവൈഇ കണ്ട് ചികിത്സ തേടിയിരുന്ന ജോസി സിക്ക് ലീവിലായിരുന്നു. നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിച്ചിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രമെ ആയുള്ളു. ആ തിരിച്ചറിവിന്റെ ഷോക്ക് മാറും മുമ്പ് കോമയിലേയ്ക്ക് വീണുപോയ ജോസി ഇന്നലെ രാവിലെ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിശ്ചലമായ ശരീരം ഇനി നാട്ടിലേയ്ക്ക് അയയ്ക്കണമെങ്കിൽ പോലും ആ പാസ്‌പോർട്ട് കനിയണം. വിസ എക്‌സറ്റെൻഷനുള്ള അപേക്ഷ പിൻവലിച്ചാൽ മാത്രമെ ഹോം ഓഫീസ് പാസ്‌പോർട്ട് തിരിച്ചുനൽകു. അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. പോസ്റ്റ്‌മോർട്ടം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയും പാസ്‌പോർട്ട് മടക്കി കിട്ടുകയും ചെയ്താൽ മാത്രമെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാൻ പറ്റു.

ആകസ്മിക മരണം എന്ന നിലയിൽ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ജോസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമോ എന്ന കാര്യത്തിൽ തിങ്കളാഴ്ചയേ തീരുമാനമാകൂ എന്നാണ് അറിയുവാൻ കഴിയുന്നത്. തിങ്കാളാഴ്ച തന്നെ മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഫ്യൂണറൽ ഡയറക്ടേഴ്സിന് നൽകുവാനാണ് പ്രാദേശിക മലയാളി സമൂഹം ശ്രമിക്കുന്നത്. ഇത് ലഭിച്ചു കഴിഞ്ഞാലേ ഹോം ഓഫീസിലുള്ള പാസ്പോർട്ട് തിരികെ ലഭിക്കുന്നതിന് ഫ്യൂണറൽ ഡയറക്ടേഴ്സിന് ഇടപെടാൻ കഴിയൂ.

ഈ നിയമ നടപടികൾ പൂർത്തിയാക്കുവാൻ കഴിഞ്ഞാൽ ഉടനെ മൃതദേഹം നാട്ടിലെത്തക്കാൻ കഴിയും. ഇതിനായി ഇന്ന് ഓസ്ട്രേലിയയിൽ ഉള്ള ജോസിയുടെ ഒരു ബന്ധു യുകെയിൽ എത്തും. മൃതദേഹം പൊതു ദർശനത്തിന് വയ്ക്കുന്ന കാര്യം ബന്ധുക്കളുമായി ചോർന്ന് തീരുമാനിക്കുമെന്ന് മലയാളി സംഘാടനയായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ സീമ പ്രസിഡന്റ് സോജി ജോണിക്കുട്ടി അറിയിച്ചു.

ജോസിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് രേഖാമൂലം അപേക്ഷ നൽകിയതും സീമയുടെ ഭാരവാഹികൾ തന്നെയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി ഫണ്ട് ശേഖരിച്ചാൽ ഒരോരുത്തരും നൽകുന്ന പണത്തിന്റെ 25 ശതമാനം കൂടി ലഭിക്കും എന്നതുകൊണ്ട് ഇതുവഴി പരമാവധി ഫണ്ട് നൽകാൻ സീമ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നുണ്ട്.

ഏഴ് വർഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജോസിക്ക് അടിക്കടിയുള്ള നിയമമാറ്റങ്ങൾ മൂലം ഇതുവര പെർമെനന്റ് റസിഡൻസി ലഭിച്ചിരുന്നില്ല. ബക്‌സിലെ ഒരു കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്യുകയായിരുന്നു ജോസി. ഭർത്താവ് ചാംസ് ജോസഫും ഏക മകൾ ഒലീവിയയും നാട്ടിൽ ആണുള്ളത്. ബെഡ്ഫോർഡിലെ ഒരു നഴ്സിങ് ഹോമിൽ ജോലി ചെയ്തു വരവെ വിസ കാലാവധി തീർന്നതിനെ തുടർന്ന് ആയിരുന്നു ഇവർ നാട്ടിലേക്ക് തിരികെ പോയത്. ജോസിക്ക് ഈസ്റ്റ്ബോണിൽ വർക്ക് പെർമിറ്റ് കിട്ടിയാലുടൻ തിരികെ യുകെയിലേയ്ക്ക് വരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മരണം എത്തിയത്. കട്ടപ്പന പാറത്തോട് പാപ്പച്ചന്റെ മകളാണ്. പെരിയിലക്കാട്ട് കുടുംബാംഗമാണ് ഭർത്താവ് ചാംസ് ജോസഫ്.

പുതിയ ജോലി സ്ഥലത്ത് വർക്ക് പെർമിറ്റ് ലഭിച്ച ആശ്വാസത്തിൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ ബെക്സിൽ എത്തിയ ജോസി ഈ സ്ഥലവുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മലയാളികളിൽ നല്ല പങ്കിനെയും പരിചയപ്പെടാൻ സമയം പോലും ആയിട്ടില്ല. എന്നിട്ടും മരണമുണ്ടായി മണിക്കൂറുകൾക്കകം ബെക്സ്ഹിൽ മലയാളികകൾക്ക് ജോസിയുടെ മരണത്തെ തുടർന്നുള്ള അടിയന്തിര സ്ഥിഗതികൾ ഒന്നിച്ചു നിന്ന് വേഗത്തിലും കാര്യക്ഷമതയോടെയും ചെയ്യുവാനായി. ഇതേ കാഴ്ച തന്നെയാണ് ഇന്നലെ ബെഡ്ഫോർഡിലും ലഭ്യമായത്. നാല് കൊല്ലം തങ്ങളുടെ കൂട്ടത്തിൽ കളിച്ചു ചിരിച്ചു കഴിഞ്ഞ ഒരു ജീവൻ ഞെട്ടിൽ നിന്ന് അടർന്ന പുഷ്പ്പം പോലെ ജീവനറ്റു എന്നത് വിശ്വസിക്കാൻ പൊരുത്തപ്പെടുകയാണ് ബെഡ്ഫോർഡ് മലയാളികൾ. വിവരം അറിഞ്ഞ ഉടൻ അനേകം വാഹനങ്ങളിലായി ജോലിയിൽ അല്ലാത്ത മുഴുവൻ മലയാളികളും തന്നെ കാര്യവിവരം അറിയുന്നതിനും അടിയന്തിര സഹായം ഒരുക്കുന്നതിനും ബെക്സ്ഹിൽ എത്തി.

ഒരേ സമയം ഏകയായി വിധിയോടും ആശ്രയമില്ലാത്ത നാട്ടിലെ നിയമത്തോടും പോരാടേണ്ടി വന്ന പ്രവാസ ജീവിതം. അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ജീവിതാവസ്ഥ. അപകടകരമായ രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണിക്കാതെ പ്രിയപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും അണുവിട പോലും ബുദ്ധിമുട്ടിക്കാതെ ഇന്നലെ ഒരു മിന്നൽ പോലെ കടന്നു പോയ കട്ടപ്പനക്കാരി ജോസി ആന്റണിയുടെ ജീവിതം ഇ്ങ്ങനെയായിരുന്നു. രക്താർബുദത്തിന് ഏറ്റവും തീക്ഷണമായ അവസ്ഥയിൽ ആയിരുന്നിട്ടും പ്രകടമാകാതിരുന്ന രോഗാവസ്ഥ ഒരു പക്ഷെ ശരീരത്തിന്റെ വേദനിയേക്കാൾ മനസ്സിന്റെ വേദന കൂടുതൽ തീവ്രമായിരുന്നതിനാൽ ജോസി പോലും അറിയാതെ പോയതാകാനും ഇടയുണ്ട്.

വിദ്യാർത്ഥി വിസയിലും താൽക്കാലിക വർക്ക് പെർമിറ്റ് വിസകളിലും എത്തുന്നവർ ഒരു സാഹചര്യത്തിലും ഇനി മുതൽ ബ്രിട്ടണിൽ സ്ഥിരവാസം ഉറപ്പിക്കരുത് എന്ന ബ്രിട്ടീഷ് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിയമത്തിന്റെ രക്ത സാക്ഷികൂടിയാണ് ജോസി എന്നതാണ് സത്യം. കാരണം നിലവിൽ ഉണ്ടായിരുന്ന വിസ കാലഹരണപ്പെട്ടതോടെ പ്രിയതമനെയും പൊന്നോമനയെയും അനധികൃത താമസത്തിനു അധികൃതർ പിടികൂടിയേക്കും എന്ന സാഹചര്യത്തിലാണ് ഏതാനും മാസം മുൻപ് ഇവർ നാട്ടിലേക്കു മടങ്ങിയത്. വിസ പുതുക്കാൻ ഹോം ഓഫീസിന്റെ കരുണ കാത്തിരുന്ന നേരത്ത് അപ്രതീക്ഷിതമായി മരണം തേടിയെത്തുകയായിരുന്നു.