ലണ്ടൻ: ഒരുപക്ഷെ കോവിഡിനേക്കാൾ വലിയ ദുരന്തമായി മാറുമോ ഇന്ധനക്ഷാമം എന്ന ആശങ്കയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. പെട്രോൾ സ്റ്റേഷനുകളിലെ ജീവനക്കാർക്ക് ചീത്തവിളി കേൾക്കുന്നതും മർദ്ദനമേൽക്കുന്നതും പതിവായതോടെ കടുത്ത മുന്നറിയിപ്പുമായി പെട്രോൾ സ്റ്റേഷൻ അസ്സോസിയേഷൻ രംഗത്തെത്തി. ആശങ്കയോടെ ആവശ്യത്തിൽ കവിഞ്ഞ് പെട്രോൾ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം പെരുകിയതോടെ ഇന്ധനം ലഭിക്കാതെ ആംബുലൻസ് സർവ്വീസുകൾ നിർത്തിവയ്ക്കേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്. ഈ പ്രതിസന്ധി ഇനിയും ഒരു മാസം കൂടി നീണ്ടേക്കുമെന്ന അഭ്യുഹവും പരക്കുന്നുണ്ട്.

അതേസമയം നില മെച്ചപ്പെടുന്നു എന്നാണ് പെട്രോൾ റീടെയ്ലേഴ്സ് അസ്സോസിയേഷൻ അവകാശപ്പെടുന്നത്. ചൊവ്വാഴ്‌ച്ച മൂന്നിൽ ഒരു പെട്രോൾ പമ്പ് വീതം ഇന്ധനം സ്റ്റോക്കില്ലാതെ പ്രവർത്തനം നിർത്തിയപ്പോൾ ഇന്നലെ നാലിൽ ഒരു പെട്രോൾ സ്റ്റേഷനിൽ മാത്രമാണ് ഇത് സംഭവിച്ചതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. അസ്സോസിയേഷൻ നടത്തിയ സർവ്വേയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. ഇത് അടിവരയിട്ടു പറഞ്ഞ്, ആവശ്യത്തിലധികം ഇന്ധനം വാങ്ങിക്കൂട്ടരുതെന്ന് ആവശ്യപ്പെടുമ്പോഴും പെട്രോളിനായുള്ള തിക്കും തിരക്കും വർദ്ധിച്ചുതന്നെ വരികയാണ്.

എസ്സെക്സിൽ വരി തെറ്റിച്ച് മുന്നിൽ കയറിയതിനും ഒപ്പം അളവിൽ കവിഞ്ഞ പെട്രോൾ വാങ്ങിക്കൂട്ടിയതിനും എതിരെയുള്ള പ്രതിഷേധം അടിപിടിയിലേക്ക് നയിച്ചതോടെ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയെത്തി. പെട്രോൾ ക്ഷാമം പുതിയൊരു ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്കയ്ക്ക് ശക്തിപകരുന്നതായിരുന്നു ഇന്നലെ രാജ്യത്തെ വിവിധ പെട്രോൾ സ്റ്റേഷനുകളിൽ നടന്ന കൈയാംങ്കളികൾ. പെട്രോൾ ക്ഷാമം ജെറി കാനുകളുടെ ക്ഷാമത്തിനും വഴിതെളിച്ചപ്പോൾ ഇന്നലെ ഡസ്റ്റ് ബിന്നിലും ബക്കറ്റിലുമൊക്കെയാണ് പലയിടങ്ങളിലും ആളുകൾ പെട്രോൾ വാങ്ങിക്കൂട്ടിയത്. അത്യന്തം അപകടകരമായ ഒരു കാര്യമാണിതെന്നോർക്കണം.

അതിനിടയിൽ നോർത്ത് വെയിൽസിൽ ഒരു ആംബുലൻസ് തകരാറിലായതോടെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന രോഗിക്ക് നാല് മണിക്കൂറോളം റോഡിൽ കഴിയേണ്ടി വന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ധനം ലഭ്യമല്ലാത്തതിനാൽ റിക്കവറി വാഹനങ്ങൾ വരാൻ കാലതാമസമെടുത്തതായിരുന്നു കാരണം. വിദ്യാഭ്യാസമേഖലയേക്കൂടി ഇന്ധനക്ഷാമം പ്രതികൂലമായി ബാധിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചില സ്‌കൂളുകൾ കുട്ടികളെ സ്‌കൂളുകളിലെത്തിക്കുവാനും, ഭക്ഷണം നൽകുവാനും സാധിക്കാത്ത അവസ്ഥയിലാണ്. അദ്ധ്യാപകർക്കും പലയിടങ്ങളിലും സ്‌കൂളുകളിൽ എത്തിച്ചേരാൻ കഴിയുന്നില്ല. ഓൺലൈൻ ക്ലാസ്സുകൾ പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് പല സ്‌കൂളുകളും.

തുടർച്ചയായ ആറാം ദിവസവും രാത്രികാലങ്ങളിൽ പോലും പൊതുജനം ഇന്ധനത്തിനായി കാവൽനിൽക്കാൻ തുടങ്ങിയതോടെ പല പബ്ലിക് സർവ്വീസുകളും തകർച്ചയിലേക്ക് നീങ്ങുവാൻ തുടങ്ങി. പലയിടങ്ങളിലും സ്‌കൂൾ ബസ്സുകൾ റദ്ദാക്കി. രക്തവിതരണം പോലും നിർത്തി വയ്ക്കേണ്ടതായി വന്നിരിക്കുന്നു. പല ആശുപത്രികളിലും നഴ്സുമാർ, വീടുകളിലേക്ക് തിരികെ പോകാനാകാതെ വാർഡുകളിൽ തന്നെ ഉറങ്ങുന്നു. കറുത്ത ക്യാബുകളിൽ മൂന്നിൽ ഒരെണ്ണവും കാലിയായ ഇന്ധന ടാങ്കുകളുമായി വിശ്രമിക്കാൻ തുടങ്ങി.

കഴിഞ്ഞകുറേ കാലങ്ങളായി ഉപഭോക്താക്കളുടെ ക്ഷാമം നിമിത്തം പല പെട്രോൾ ഫോർകോർട്ടുകളും ഷോപ്പിങ് കോംപ്ലക്സുകളായി മാറുന്ന കാഴ്‌ച്ചയായിരുന്നു ലണ്ടനിൽ കണ്ടിരുന്നത്. എന്നാൽ, ഇന്ന് ഏറ്റവുമധികം തിരക്ക് ദൃശ്യമാകുന്നത് ലണ്ടനിലെ പെട്രോൾ സ്റ്റേഷനുകളിലാണ്. സ്‌കോട്ട്ലാൻഡിലും നോർത്തേൺ അയർലൻഡിലും ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും പെട്രോൾ ക്ഷാമം ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ലണ്ടനേയും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിനെയുമാണെന്നാണ് എ എ പ്രസിഡണ്ട് എഡ്മണ്ട് കിങ് സ്‌കൈ ന്യുസിനോട് പറഞ്ഞത്.

വലിയ കമ്പനികളിൽ നിന്നും ഗ്യാരേജ് ഫോർകോർട്ടുകളിലേക്ക് ഇന്ധനം എത്തിക്കുന്നില്ല വൻ സ്ഥാപനങ്ങളേക്കാൾ ജനങ്ങളുടെ ആവശ്യത്തിന് പരിഗണന ൻൽകണം എന്ന ഉത്തരവിനെ തുടർന്നാണിത്. അതിനുപകരമായി വലിയ കമ്പനികൾക്കായുള്ള ടാങ്കറുകൾ ഗാരേജുകളിലേക്കും സർവ്വീസ് സ്റ്റേഷനുകളിലേക്കും പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുപക്ഷെ, ആളുകൾ ആവശ്യത്തിലേറെ പെട്രോൾ വാങ്ങിക്കൂട്ടുന്നത് അവസാനിപ്പിച്ചാലും എല്ലാം സാധാരണ നിലയിലേക്കെത്താൻ ആഴ്‌ച്ചകൾ വേണ്ടിവരും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. പെട്രോൾ സ്റ്റേഷനുകളിലെല്ലാം ആവശ്യത്തിനു സ്റ്റോക്കെത്തിക്കാൻ ഇനിയും ഒരു മാസമെടുത്തേക്കും.

അതേസമയം പെട്രോളിയം ഉദ്പാദകരായ ഷെൽ, എസ്സൊ, ബി പി എന്നിവരുടെ റിഫൈനറികളിലും ടെർമിനലുകളിലും ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് കമ്പനികൾ പറയുന്നു. ഇത് വിതരണം ചെയ്യുന്നതിനാണ് പ്രശ്നം. ഇപ്പോൾ 150 സൈനിക ഡ്രൈവർമാരെ ഇക്കാര്യത്തിനായി വിന്യസിച്ച നടപടിയെ കമ്പനികൾ സ്വാഗതം ചെയ്തു. അതേസമയം, സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന്റെ ഒരു സൂചനയും ഇല്ലെന്നാണ് ലൈസൻസ്ഡ് ടാക്സി ഡ്രൈവേഴ്സ് അസ്സോസിയേഷൻ വക്താവ് പറഞ്ഞത്. 25 മുതൽ 30 ശതമാനത്തോളം ടാക്സികൾ ഇന്ധനക്ഷാമത്തെ തുടർന്ന് ഇന്നലെ ഓടിയിട്ടില്ലെന്നും അവർ അറിയിച്ചു.

ഇന്ധനക്ഷാമം കൂടുതൽ മേഖലകളെ പ്രതിസന്ധിയിലാക്കിയേക്കാം എന്ന് റീടെയിൽ ഫാഷൻ ഭീമന്മാരായ നെക്സ്റ്റിന്റെ വക്താവ് ഇന്നലെ പറഞ്ഞു. ക്രിസ്ത്മസ്സ് ഉത്സവകാലം അടുക്കുന്ന സമയത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ സർക്കാർ നടപടികൾ എടുത്തില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ മുൻനിർത്തി സർക്കാർ കുടിയേറ്റ നിയമം കൂടുതൽ ലളിതവത്ക്കരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.