- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി പറഞ്ഞുള്ള ചീഞ്ഞ രാഷ്ട്രീയം ബ്രിട്ടനിലും; യോർക്ഷയറിലെ ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടു പിടിക്കാൻ മോദിയും ബോറീസും ഒന്നിച്ചുള്ള ചിത്രം പ്രചരിപ്പിച്ചു ലേബർ പാർട്ടി; നാലു വോട്ടിനായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് മതത്തെ കൂട്ടുവിളിക്കരുതെന്നു മറ്റു പാർട്ടികൾ
ലണ്ടൻ: ജാതിയും മതവും പരസ്യമായി പറയാൻ ബ്രിട്ടനിലും ആളുണ്ടായിരിക്കുന്നു. ഉടനെയൊന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്ന ആപത്താണ് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്കും കോവിഡ് വൈറസിനെ പോലെ നിശബ്ദമായി എത്തിയിരിക്കുന്നത്. രാഷ്ട്രീയം പറയാൻ കെല്പില്ലാതാകുമ്പോൾ ജാതിയും മതവും പറഞ്ഞു വോട്ടു പിടിക്കുക എന്ന ഇന്ത്യൻ രാഷ്ട്രീയ കുതന്ത്രം ബ്രിട്ടനിൽ പരസ്യമായി നടക്കുകയാണിപ്പോൾ. വെസ്റ്റ് യോർക്ഷയറിലെ ബാറ്റ്‌ലി ഉപതെരഞ്ഞെടുപ്പാണ് മുസ്ലിം വോട്ടു ആകർഷിക്കാനുള്ള രംഗമായി മാറുന്നത്. ഈ ഉപതിരഞ്ഞെടുപ്പിലെ ഫലം എന്തായാലും നിർണായകം അല്ലാതിരിക്കെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒത്തുള്ള ചിത്രം നോട്ടീസ് രൂപത്തിൽ മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു ലേബർ പാർട്ടി വിതരണം ചെയുന്നത്. ഇതിനെതിരെ രൂക്ഷമായ വിമർശം ഉയർന്നിട്ടും ലേബർ പാർട്ടിക്ക് കുലുക്കമില്ല എന്നതാണ് രസകരം. നിങ്ങൾ വീണ്ടും ടോറികൾ വിജയിക്കുന്നത് കണ്ടാൽ ഇത്തരക്കാർക്ക് കൂട്ടുനിൽകുകയാകും എന്നാണ് ബോറിസിന്റെയും മോദിയുടെയും ചിത്രം ചേർത്ത് വച്ച നോട്ടീസ് നൽകി മുസ്ലിം വോട്ടർമാരെ പ്രകോപിതരാക്കാൻ ഉള്ള ശ്രമം നടക്കുന്നത് .
മുസ്ലിം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ നടന്ന ശ്രമം പ്രാദേശിക മാധ്യമങ്ങൾ ചർച്ചയാക്കിയതിനെ തുടർന്ന് ദേശീയ മാധ്യമങ്ങളിലും തലക്കെട്ടായി നിറയുകയാണ്. നിങ്ങളോടൊപ്പം നിൽക്കാത്ത ടോറി എംപിയെ തിരഞ്ഞെടുത്തു റിസ്‌ക് എടുക്കരുത് എന്ന തലവാചകത്തിലാണ് ലീഫ്ലെറ്റുകൾ തയാറാക്കിയിരിക്കുന്നത്. ഒപ്പം എന്തുകൊണ്ട് മോദിയും ബോറീസും അപകടകാരികൾ ആണെന്ന വിശദീകരണവുമുണ്ട് . എന്നാൽ ലേബർ മാത്രമാണ് ശരിയെന്നു പറയാനും നോട്ടീസിൽ മറക്കുന്നില്ല . കാശ്മീരിൽ നടന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളോട് നിസ്സംഗത കാട്ടിയ മനുഷ്യനോട് ആണ് ബോറിസ് കൂട്ടുകൂടിയിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ ആരോപണം.
തീർന്നില്ല ഇസ്ലാമോഫോബിയയെ വൈറ്റ് വാഷ് ചെയുന്ന പണിയാണ് മോദി ചെയ്യുന്നത് . മുസ്ലിം സ്ത്രീകളെ അപമാനിക്കും വിധം സംസാരിക്കുന്ന ഇവർ ഇസ്ലാം ആണ് ലോകത്തിന്റെ പ്രശനം എന്ന ധ്വനിയും സൃഷ്ടിക്കുന്നു .ബോറിസ് ജോൺസൻ മുൻപ് മുസ്ലിം സ്ത്രീകളെ കുറിച്ചു ബുർഖ ധരിക്കുന്നത് കണ്ടാൽ ലെറ്റർ ബോക്‌സ് ആണെന്നു തോന്നിക്കും എന്ന് പറഞ്ഞതും ഇപ്പോൾ ഓർക്കാനുള്ള അവസരമാണ് എന്നും നോട്ടീസിൽ വക്തമാകുന്നു . ഇത്രയും കാര്യങ്ങൾ കേട്ടാൽ ഏതു മുസ്ലിമിനും ടോറികൾക്കു എതിരെ വോട്ടു ചെയ്യാനാകും എന്നതാണ് ലേബറിന്റെ ചിന്ത . ഈ വിദ്വേഷ ചിന്ത പ്രചാരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ മറ്റു പാർട്ടികൾ നടത്തുന്നത് . ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് ഇവ്വിധത്തിൽ മതം കടന്നു വരേണ്ടെന്ന കാര്യം ഇല്ലെന്നു ലേബർ പാർട്ടിയിൽ തന്നെ പലരുംകരുതുന്നുണ്ടെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു .
പ്രചാരണ രംഗത്ത് ലേബർ പാർട്ടി ടോറികളിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്നതാണ് ബ്രിട്ടൻ കാണാത്ത മട്ടിലുള്ള മതരാഷ്ട്രീയത്തെ ലേബർ കൂട്ടുപിടിക്കാൻ കാരണമാണ് കരുതപ്പെടുന്നു . എന്നാൽ ഇത്തരത്തിലല്ല വോട്ടു പിടിക്കേണ്ടതെന്നു ലേബർ എംപി തന്നെയായ നാവേന്ദു മിശ്ര ചൂണ്ടിക്കാട്ടുന്നു . ഇപ്പോൾ വംശീയതയിൽ ആരാണ് പിതൃ സ്ഥാനത്തു വരേണ്ടത് എന്ന തർക്കമാണ് പാർട്ടിയിൽ ഉള്ളതെന്ന് തോന്നുന്നു , അദ്ദേഹം എതിർപ്പ് തുറന്നു പറയുന്നു . ഇക്കഴിഞ്ഞ ഒക്ടോബറിൽ ലേബർ ഷാഡോ മന്ത്രിസഭയിൽ നിന്നും രാജി വച്ച നേതാവ് കൂടിയാണ് നാവേന്ദു . ലേബർ പാർട്ടിയിലെ കടുത്ത ഇന്ത്യ പക്ഷ വാദിയാണ് ഇദ്ദേഹം . അതിന്റെ പേരിൽ ഒറ്റപ്പെടൽ നേര്ദിണ്ടി വരുന്നു എന്ന കാരണത്താലാണ് അദ്ദേഹം രാജി നൽകിയത് .ലേബർ പാർട്ടിയിൽ ഇന്ത്യ പക്ഷ വാദികളും പാക് വംശക്കാരും തമ്മിലുള്ള പോര് ഏറെ കുപ്രസിദ്ധമാണ് . പേടിയിൽ ഇന്ത്യ പക്ഷത്തെ അടിച്ചമർത്തുകയാണ് പാക് ലോബിയുടെ പ്രധാന ഹോബിയെന്നും പരസ്യമായ രഹസ്യമാണ്.
ബ്രിട്ടന്റെ മഹത്തായ രാഷ്ട്രീയ സംസ്‌കാരം നശിപ്പിക്കുകയാണ് ലേബർ ചെയ്യുന്നതെന്നു ഇലക്ഷൻ കമ്മീഷന് പരാതി നൽകിയ ട്രേഡ് യൂണിയൻ കോൺഗ്രസ് ആരോപിക്കുന്നു . അതേസമയം ഈ പ്രകോപന നോട്ടീസ് ആരാണ് പുറത്തു വിട്ടത് എന്നത് പ്രിന്റ് ചെയ്യാത്തതിനാൽ ലേബർ പാർട്ടി കുറ്റം ഏൽക്കാൻ തയ്യാറല്ലെന്നും പ്രാദേശിക റിപോർട്ടുകൾ സൂചിപ്പിക്കുന്നു . സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടിയതോടെ പ്രമുഖ ലേബർ നേതാവ് കൂടിയായ വീരേന്ദ്ര ശർമ്മയും നോട്ടീസിന് എതിരെ രംഗത്തെത്തി . ഈ ലീഫ്ലെറ്റ് എത്രയും വേഗം പിൻവലിക്കേണ്ടത് ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ലണ്ടനിൽ മേയർ സാദിഖ് ഖാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എല്ലാ വിഭാഗക്കാരുടെയും വോട്ടു നേടിയാണെന്നും ഇതുരാജ്യത്തു എവിടെയും ലേബറിന് സാധിക്കുന്നതാണെന്നു എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അതേസമയം മറ്റെവിടെയും കാണാത്ത വിധവുള്ള തെരുവ് ആക്രമണത്തിലേക്കും ബാറ്റ്‌ലി ഉപതിരഞ്ഞെടുപ് നീങ്ങുകയാണ് . കഴിഞ്ഞ ആഴ്ച ലേബർ പ്രവര്ത്തകന് അടിയും ഇടിയും മാത്രമല്ല മുട്ടയേറും നേരിടേണ്ടി വന്നെന്നും പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു . ഇതേക്കുറിച്ചു ഒരു ഭാഗത്തു പൊലീസ് അനൗഷ്ണം നടക്കുകയാണ്. സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതത്ര നല്ല കാര്യമല്ല എന്നാണ് പ്രതികരിച്ചത് . സ്ഥലത്തു ബോറിസ് സന്ദർശനം നടത്തുകയും ചെയ്തു . തീവ്ര വലതു ചിന്തയുള്ള ഇവിടെ അഞ്ചു വര്ഷം മുൻപ് പകൽ വെളിച്ചത്തിൽ വെടിയേറ്റ് മരിച്ച ജോ കോക്‌സ് എംപിയുടെ സഹോദരിയായ കിം ലീഡ്ബെറ്റര് ആണ് ഇത്തവണ ലേബർ പാർട്ടി സ്ഥാനാര്ഥിയാവുന്നത് . ജോയും ലേബർ എംപിയായിരുന്നു . കഴിഞ്ഞ ദിവസം കിമ്മിനും തെരുവിൽ ആക്ഷേപം നേരിടേണ്ടി വന്നിരുന്നു . ഫേസ്‌ബുക് അടക്കം സോഷ്യൽ മീഡിയയിലും ഇവർക്കെതിരെ ആക്ഷേപം ശക്തമാണ് . ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകളുമായി കിമ്മിന് അടുപ്പമുണ്ടെന്നതാണ് പ്രകോപനത്തിന് കാരണം.
ഈ വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുൻപ് കൂടുതൽ അനിഷ്ട സംഭവം ഉണ്ടാകുമോ എന്നാണ് ഇപ്പോൾ അധികൃതരുടെ ഭീതി . മുസ്ലിം വിഭാഗത്തിന് നിർണായക സ്വാധീനമുള്ള മേഖലയാണ് ഈ മണ്ഡലം. അതിനിടെ ലേബർ പാർട്ടിയിലെ ഇന്ത്യൻ വംശജർ സംഭവത്തിൽ ശക്തമായ പ്രതികരണം ലേബർ നേതൃവത്തെ അറിയിച്ചു കഴിഞ്ഞു.
ഈ ഇലക്ഷനിൽ പ്രദേശത്തെ രാഷ്ട്രീയ ജ്വരം വക്തമാക്കുന്ന തരത്തിൽ വിവിധ പാർട്ടികളെയും ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ചു 16 സ്ഥാനാര്ഥികളാണ് മത്സര രംഗത്ത് ഉള്ളത് . സാധാരണ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇത് പതിവുള്ളതല്ല . മുൻ എംപി ലേബർ പാർട്ടിയുടെ ട്രേസി ബാർബിൻ വെസ്റ്റ് യോർക്ഷയർ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജി വച്ച ഒഴിവിലാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് . 2017 ലെ ഇലക്ഷനിൽ നിന്നും കഴിഞ്ഞ ഇലക്ഷനിൽ എത്തുമ്പോൾ ലേബർ പാർട്ടിക്ക് 12 ശതമാനം വോട്ടു ചോർച്ച ഉണ്ടായ മണ്ഡലമാണിത് . കടുത്ത മത്സരത്തിൽ 3525 വോട്ടിനാണ് കഴിഞ്ഞ തവണ ലേബർ ജയിച്ചു കയറിയത് . അതിനാൽ ഇത്തവണയും മത്സരം കടുക്കും എന്നറിയാവുന്നതിനാൽ ഏതു വിധത്തിലും വോട്ടുപിടിക്കുക എന്ന ലക്ഷ്യമാണ് ലേബറിനെ കൊണ്ട് ജാതി വിദ്വേഷം പടർത്തുന്ന നോട്ടീസ് വിതരത്തിനു പ്രേരിപ്പിച്ചത് എന്നും കരുതപ്പെടുന്നു.
മറുനാടന് ഡെസ്ക്