മെൽബൺ: അൻസാക് ഡേയിൽ പൊലീസുദ്യോഗസ്ഥന്റെ തലയറുക്കാൻ പദ്ധതിയിട്ടിരുന്ന യുകെ ബാലന്റെ വിചാരണം സെപ്റ്റംബറിൽ മാഞ്ചസ്റ്ററിൽ നടക്കും. പതിനാലു വയസുകാരനായ യുകെ ബാലൻ ഇസ്ലാമിക് ഭീകരവാദവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ബാലന്റെ പ്രായം പരിഗണിച്ചാണ് വിചരാണനടപടികൾ വേഗത്തിൽ സ്വീകരിക്കുന്നതെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.


കഴിഞ്ഞദിവസം ഓൾഡ് ബെയ്‌ലി കോടതിയിൽ കേസിന്റെ പ്രാഥമിക വാദം നടന്നിരുന്നു. അപൂർവമായ കേസാണിതെന്നും അതുകൊണ്ടു തന്നെ അത്തരത്തിൽ ഇതു കൈകാര്യം ചെയ്യണമെന്നും ജസ്റ്റിസ് സാന്തേഴ്‌സ് വ്യക്തമാക്കി. കേസിൽ നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നാണ് ജഡ്ജി ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി മുറിയിൽ ബാലനെ ഹാജരാക്കിയിരുന്നില്ല. പകരം കോടതി കെട്ടിടത്തിൽ തന്നെയുള്ള മറ്റൊരു മുറിയിലിരുന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ ബാലൻ വാദം കേൾക്കുകയായിരുന്നു. കോടതി മുറിയിൽ ബാലന്റെ അച്ഛനാണ് ഹാജരായിരുന്നത്.

മെൽബണിൽ ഒരാളോട് ആരുടെയങ്കിലും വീട്ടിൽ അതിക്രമിച്ച് കയറാനും അൻസാക് ഡേയിലെ ആക്രമണത്തിന് റിഹേഴ്‌സലെന്ന നിലയിൽ വീട്ടിലുള്ളയാളുടെ തലയറുക്കാനും ബാലൻ പ്രേരിപ്പിച്ചതായി പ്രോസിക്യൂട്ടർ റബേക്കാ ലെഡ് വിഡ്ജ് വ്യക്തമാക്കി. ഇതിനായി ഇവർ തമ്മിൽ നടത്തിയ ഫോൺ മേസേജുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രേരണാ കുറ്റമാണെന്നും ഇത് ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. മൂന്ന് രീതിയിലാണ് കൊലപാതകം ആസൂത്രണം ചെയ്തിരുന്നത്. പ്രധാന ലക്ഷ്യം ഓസ്‌ട്രേലിയൻ പൊലീസായിരുന്നു. കത്തി, കാർ, തോക്ക് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുക എന്നതായിരുന്നു പരിപാടിയെന്നും പൊലീസ് പറയുന്നു.

കത്തിയും തോക്കും ലഭിക്കുന്നതിന് എന്ത് ചെയ്യുമെന്ന ചർച്ചകളും നടന്നിട്ടുണ്ട്. ഐസിസുമായി ബന്ധപ്പെട്ടാണ് പദ്ധതികളെന്നാണ് കരുതുന്നത്. ഐസിസിന്റെ പതാകയെക്കുറിച്ചും ഇത് അക്രമണം നടത്തുന്ന കാറിൽ വെയ്ക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട്. കൂടാതെ സീനിയർ ഐസിസ് തീവ്രവാദികളോടുള്ള ബാലന്റെ സ്‌നേഹത്തെക്കുറിച്ചും ഫോൺ സന്ദേശങ്ങളിലുണ്ട്. വലിയൊരു കത്തിയുടെ ചിത്രവും കൈമാറിയിട്ടുണ്ട്. കഴുത്തറുക്കുന്നതിനുള്ള മികച്ച ഉപകരണമെന്ന നിലയിലാണ് ഇത്.