ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വേർപിരിയൽ അടുത്തയാഴ്ച തന്നെ ഔദ്യോഗികമായി നടന്നേക്കുമെന്ന് സൂചന. ആർട്ടിക്കൾ 50 ബിൽ പ്രഭുസഭയിലും ജനസഭയിലും തിങ്കളാഴ്ച വരുന്നതോടെ, ബ്രെക്‌സിറ്റ് നടപടികൾക്ക് തുടക്കമിടുമെന്നാണ് സൂചന. ചൊവ്വാഴ്ച തന്നെ വേർപിരിയൽ സംബന്ധിച്ച് തെരേസ മെയ്‌ പ്രഖ്യാപനം നടത്തിയേക്കും. ഇത് മുന്നിൽക്കണ്ട് യൂറോപ്യൻ യൂണിയൻ നേതാക്കൾ തിരക്കിട്ട ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ആർട്ടിക്കിൾ 50 ബിൽ രണ്ടുസഭകളിലും തിങ്കളാഴ്ച പാസ്സാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിൽ പാസ്സാകുന്നതോടെ ബ്രെക്‌സിറ്റ് ചർച്ചകൾക്ക് തുടക്കമാകും. എത്രയും പെട്ടെന്ന് ബിൽ പാസ്സാക്കി ബ്രെക്‌സിറ്റ് നടപടികൾ ആംരംഭിക്കാൻ തെരേസയോട് മന്ത്രിസഭയിലെ മറ്റംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതനുസരിച്ച് അടുത്തയാഴ്ച തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നത്.

ബ്രെക്‌സിറ്റ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായാൽ, പാർലമെന്റിലെ ചർച്ചകൾ ഫിലിപ്പ് ഹാമണ്ടിന്റെ ബജറ്റിൽനിന്ന് മാറ്റാനും തെരേസയ്ക്കാവും. ഈ മാസം അവസാനത്തോടെ ആർട്ടിക്കിൾ 50 ബിൽ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചനകൾ. എന്നാൽ, അത് എത്രയും വേഗം ഇരുസഭകളിലും പാസ്സാക്കിയെടുക്കുകയാണ് ഇപ്പോൾ ഭരണപക്ഷതത്തിന്റെ ലക്ഷ്യം.

തെരേസ മെയ് ബ്രെക്‌സിറ്റ് നടപടികൾ പ്രഖ്യാപിച്ചാൽ, 48 മണിക്കൂറിനകം അതിന് യൂറോപ്യൻ യൂണിയൻ സജ്ജമാകുമെന്ന് യൂറോപ്യൻ കൗൺസിൽ അദ്ധ്യക്ഷൻ ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ഏപ്രിൽ ആറിന് യോഗം ചേരുന്നതിന് മുമ്പ് തെരേസ മെയ്‌ ആർട്ടിക്കിൾ 50 പ്രഖ്യാപിക്കുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലും പ്രതീക്ഷ പ്രകടിപ്പിച്ചു.

ആർട്ടിക്കിൾ 50 ബില്ലിലെ രണ്ട് ഭേദഗതി നിർദേശങ്ങൾ പ്രഭുസഭയിൽ അടുത്തിടെ പരാജയപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് നിലവിലെ അവകാശങ്ങൾ സംരക്ഷിച്ചുകൊടുക്കണമെന്നതായിരുന്നു ഇതിലെ ഒരു നിർദ്ദേശം. ഹൗസ് ഓഫ് കോമൺസിലും ഈ ഭേദഗതി നിർദേശങ്ങളെ സർക്കാർ എതിർക്കുമെന്നാണ് സൂചന. ഇത് ടോറിപക്ഷത്തുനിന്നും എതിർപ്പിനിടയാക്കുമെന്നും സൂചനയുണ്ട്. 20 എംപിമാരെങ്കിലും സർക്കാരിനെതിരെ നിൽക്കുമെന്നാണ് സൂചന.

കോമൺസിൽ ബിൽ പാസ്സായാൽ അത് വീണ്ടും പ്രഭുസഭയിലെത്തും. ലേബർ പാർട്ടിയുടെ കൂടെ പിന്തുണയുള്ളതിനാൽ, ബിൽ പാസ്സാകുമെന്നുതന്നെയാണ് കരുതുന്നത്. തിങ്കളാഴ്ച രാത്രിയോടെ ബിൽ പാസ്സായാൽ ചൊവ്വാഴ്ച തന്നെ ബ്രെകസിറ്റ് സംബന്ധിച്ച് തെരേസ മെയ്‌ പ്രഖ്യാപനം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ബ്രിട്ടന്റെ പ്രഖ്യാപനം വന്നാൽ, ശേഷിക്കുന്ന രാജ്യങ്ങൾ രണ്ടുദിവസത്തിനുള്ളിൽ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് ഡൊണാൾ് ടസ്‌കും വ്യക്തമാക്കി.

ലിസ്‌ബൺ ഉടമ്പടിയുടെ ഭാഗമായുള്ള ആർട്ടിക്കിൾ 50 യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് ഏപക്ഷീയമായി ഈ കൂട്ടായ്മ വിട്ടുപോകാൻ അധികാരം നൽകുന്നതാണ്. 2007-ലാണ് ആർട്ടിക്കിൾ 50 ഉടമ്പടിയുടെ ഭാഗമായത്. അതിനുമുമ്പ് രാജ്യങ്ങൾക്ക് യൂറോപ്യൻ യൂണിയൻ വിട്ടുപോകാൻ നിയമപരമായ മാർഗങ്ങളുണ്ടായിരുന്നില്ല. വിടുതൽ കരാർ ചർച്ച ചെയ്ത് അന്തിമ രൂപത്തിലെത്താൻ രണ്ടുവർഷത്തെ സാവകാശവും ഈ ബിൽ നൽകുന്നുണ്ട്.