- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത മാസം മുതൽ പോസ്റ്റ് സ്റ്റഡി വിസ ലഭ്യമായി തുടങ്ങും; ഡിഗ്രിയോ പോസ്റ്റ് ഗ്രാജുവേഷനോ കഴിഞ്ഞവർക്ക് രണ്ടു വർഷവും പി എച്ച് ഡി കഴിഞ്ഞവർക്ക് 3 വർഷവും യു കെയിൽ ജോലി ചെയ്യാം; വർക്ക് പെർമിറ്റ് നേടിയാൽ തുടരാം
ലണ്ടൻ: വരുന്ന മാസത്തോടെ പുതിയ ഗ്രാജുവേറ്റ് റൂട്ട് പ്രാബല്യത്തിൽ വരുന്നതോടെ ലോകത്തിലെ അതിസമർത്ഥന്മാർ ബ്രിട്ടനിലേക്ക് ഓടിയെത്തുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടൻ. ബ്രിട്ടന്റെ നവീകരണത്തിൽ സഹായിക്കുവാനും, കാര്യമായ സംഭാവനകൾ ചെയ്യുവാനും വിദേശത്തുനിന്നും വിവിധ രംഗങ്ങളിലെ ഏറ്റവും നിപുണരായവരെ ബ്രിട്ടനിലെത്തിക്കുക എന്ന നയത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വിസ ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ഇനി മുതൽ ബ്രിട്ടനിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക്, പഠനശേഷം രണ്ടുവർഷത്തോളം ബ്രിട്ടനിൽ തൊഴിലെടുക്കുവാനുള്ള അവസരവും ലഭിക്കും.
ബ്രിട്ടനിലെ തന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ആവശ്യമായ യോഗ്യതയ്ക്കുള്ള പഠനം പൂർത്തീകരിച്ചവർക്കാണ് ഗ്രാജുവേറ്റ് റൂട്ടിന് അപേക്ഷിക്കാൻ അർഹത ഉണ്ടാവുക. ഇതനുസരിച്ച്, ബിരുദം, ബിരുദാനന്ത്രര ബിരുദം എന്നിവ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയതിനുശേഷം രണ്ടു വർഷം വരെയും പി എച്ച് ഡി കോഴ്സുകൾ പൂർത്തിയായവർക്ക് 3 വർഷം വരെയും ബ്രിട്ടനിൽ തൊഴിലെടുക്കാൻ സാധിക്കും. ലോകത്തിലെ തന്നെ ഏറ്റവും സമർത്ഥരായ യുവാക്കലെ ബ്രിട്ടനിലേക്ക് ആകർഷിക്കുവാൻ ഉതകുന്ന പോയിന്റ് അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷൻ സിസ്റ്റം തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കൺസർവേറ്റീവ് പാർട്ടി വാഗ്ദാനം നൽകിയിരുന്നു. ഇതിലേക്കുള്ള ആദ്യ ചവിട്ടുപടിയാണിത്.
ബ്രിട്ടന്റെ സമ്പദ്ഘടന മുന്നോട്ട് കൊണ്ടുപോകുന്നതിനായി ബിസിനസ്സ് സ്ഥാപനങ്ങൾക്ക് വിദേശത്തുനിന്നും ഉന്നത യോഗ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുവാൻ ഇതുവഴി സാധിക്കും. ബ്രിട്ടനിലെ എല്ലാ അംഗരാജ്യങ്ങൾക്കും ബാധകമായ ഈ പുതിയ നിയമം വഴി ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നീ രാജ്യങ്ങൾക്ക് അതിസമർത്ഥരായ യുവാക്കളുടെ സേവനം ലഭ്യമാകും. ഈ നാലു രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത യോഗ്യത നേടുനവർക്ക് ഗ്രാജുവേറ്റ് റൂട്ടിനായി അപേക്ഷിക്കാം.
കോവിഡ് പ്രതിസന്ധിയിൽ നിന്നും പുതിയൊരു ബ്രിട്ടനെ കെട്ടിപ്പടുക്കുന്ന യജ്ഞത്തിന് ലോകത്തിലെ അതിസമർത്ഥരായ യുവാക്കളുടേ സേവനം അത്യന്താപേക്ഷിതമാണ്. അതുപോലെ, ആർട്സ്, സയൻസ്, സാങ്കേതിക രംഗങ്ങളിൽ തങ്ങളുടെ തൊഴിൽ മേഖലയിൽ ഏറ്റവും ഉയർത്തിൽ എത്തണമെന്ന് കാംക്ഷിക്കുന്ന സമർത്ഥർക്ക് ബ്രിട്ടൻ തങ്ങളുടേ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാനുള്ള വേദിയാണെന്ന വിശ്വാസവും ജനിക്കണം. ഇതുരണ്ടും ലക്ഷ്യം വച്ചുള്ളതാണ് പുതിയ നിയമമെന്ന് ഫ്യുച്ചർ ബോർഡർ ആൻഡ് ഇമിഗ്രേഷൻ മന്ത്രി കെവിൻ ഫോസ്റ്റർ പറഞ്ഞു.
പുതുക്കിയ നിയമമനുസരിച്ച്, ബ്രിട്ടനിൽ ഏതെങ്കിലും ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഗോൾഡ് സ്റ്റാൻഡേർഡ് യോഗ്യത നേടിയാൽ ആ വിദ്യാർത്ഥിക്ക് തങ്ങൾ ആഗ്രഹിക്കുന്ന സ്റ്റാറ്റസ് എളുപ്പത്തിൽ നേടാനും ബ്രിട്ടനിൽ തന്നെ തുടർന്ന് തങ്ങളുടെമോഹങ്ങൾ സാക്ഷാത്ക്കരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ പാർലമെന്റ് പാസാക്കിയ ഈ നിയമം 2021 ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരും.
ഗ്രാജുവേറ്റ് റൂട്ട് വഴി ബ്രിട്ടനിൽ രണ്ടു വർഷം തങ്ങുവാനുള്ള അപേക്ഷയ്ക്കായി സ്പോൺസർ ആവശ്യമില്ല എന്നതാണ് ഒരു പ്രത്യേകത. അതായത് അപേക്ഷിക്കുന്ന സമയത്ത് ഒരു ജോലി വേണമെന്നില്ല. അതുപോലെ ചുരുങ്ങിയ ശമ്പളമെന്നൊരു മാനദണ്ഡവും ഉണ്ടാകില്ല. ഒരാൾക്ക് എത്ര ജോലി വരെ, എത്ര സമയം ചെയ്യാമെന്ന കാര്യത്തിലും നിയന്ത്രണമുണ്ടാകില്ല. ഗ്രാജുവേറ്റ് റൂട്ട് വഴി താമസമാക്കുന്നവർ ഇഷ്ടമുള്ള ജോലി, ഇഷ്ടമുള്ളത്ര സമയം ചെയ്യുവാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല, കൂടുതൽ മെച്ചപ്പെട്ട ജോലി ലഭിച്ചാൽ അതിലേക്ക് പോകാനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
വിദേശ വിദ്യാർത്ഥികൾക്ക് എന്നതുപോലെ ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയ്ക്കും അനുഗ്രഹമാകുകയാണ് ഈ പുതിയ നയം. 2030 ആകുമ്പോക്കും ബ്രിട്ടീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാം കൂടി 6 ലക്ഷം വിദേശ വിദ്യാർത്ഥികൾ എന്ന ലക്ഷ്യത്തിലേക്ക് പ്രയാണമാരംഭിച്ച ബ്രിട്ടന് ഈ പുതിയ നിയമം വഴി പ്രതീക്ഷിച്ചതിലും നേരത്തേ ഈ ലക്ഷ്യം കൈവരിക്കാനാകും. അതുപോലെ, കോവിഡ് പ്രതിസന്ധി മൂലം ബ്രിട്ടനിലേക്ക് സഞ്ചരിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും സമയം നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്