- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടലിൽ നിറയെ മീനുണ്ട്; മീൻ പിടിക്കാൻ ആളെ കിട്ടാനില്ല! മലയാളികളെ തേടി യുകെയിൽ നിന്നും തട്ടിപ്പിന്റെ വമ്പൻ ഓഫർ; 12 ലക്ഷം മുടക്കി സീ മെൻ വിസയിൽ യുകെയിൽ എത്തി വഞ്ചിക്കപ്പെട്ട മലയാളികൾ അനവധി; മലയാളി യുവാവിന്റെ വാർത്ത പുറത്തു വന്നതോടെ തുറമുഖപട്ടണങ്ങളിൽ നിന്നും ചതിയുടെ കഥ പറഞ്ഞു വഞ്ചിക്കപ്പെട്ടവർ
ലണ്ടൻ: യുകെയിൽ എത്തിയാൽ പിന്നെ ജീവിതം സ്വർഗ്ഗതുല്യമായി. കേരളത്തിലെ ഓരോ ശരാശരി ചെറുപ്പക്കാരുടെയും മോഹഭൂമിയായി മാറുകയാണ് ബ്രിട്ടൻ. പണ്ട് ഈ സ്ഥാനം ഗൾഫിന് ആയിരുന്നെങ്കിൽ ആയിരക്കണക്കിന് നഴ്സുമാരും വിദ്യാർത്ഥി വിസയിൽ എത്തിയ ശേഷം പലവിധ മാർഗത്തിൽ യുകെയിൽ ചുവടു ഉറപ്പിച്ചവരും പ്രചരിപ്പിച്ച അർദ്ധ സത്യങ്ങളിൽ മയങ്ങി എങ്ങനെയും യുകെയിൽ എത്താൻ തയ്യാറെടുത്തു നടക്കുന്നത് ആയിരങ്ങളോ പതിനായിരങ്ങളോ അല്ല ലക്ഷങ്ങളാണ്. കള്ള വിസയിൽ എത്തിയാൽ പോലും അഭയാർത്ഥി വിസയൊക്കെ ലഭിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ വ്യാജ വിസയ്ക്കായി കിടപ്പാടം നഷ്ടപ്പെടുത്തി പോലും പണം നൽകാൻ ആളുകൾ തയ്യാറാണ്.
യുകെയിൽ എത്തിയാൽ ഏതാനും വർഷത്തിനകം പൗരത്വം, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യസം, സൗജന്യ ആരോഗ്യം, ജോലി ഇല്ലെങ്കിൽ പോലും ജീവിക്കാനായുള്ള സർക്കാരിന്റെ ബെനഫിറ്റ് പദ്ധതി, ഭാഗ്യമുണ്ടെങ്കിൽ താമസിക്കാനായി സൗജന്യ കൗൺസിൽ ഫ്ലാറ്റുകൾ എന്നൊക്കെ നിറം പിടിപ്പിച്ച കഥകൾ കേട്ടാൽ ഏതു മലയാളിക്കാണ് കോരിത്തരിക്കാതിരിക്കുക. ഇങ്ങനെ എത്തിയ അനേകായിരങ്ങൾ ഇരഗതിയും പരഗതിയും കിട്ടാത്ത ആത്മാക്കളെ പോലെ യുകെയിൽ അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട് എന്നു പറഞ്ഞാലും ആരു വിശ്വസിക്കാനാണ് എന്നാണ് വ്യാജ വിസകളെ പറ്റി നാട്ടുകാരോട് പറഞ്ഞു മടുത്ത യുകെ മലയാളികൾ ചോദിക്കുന്നത്.
ഇങ്ങനെ എത്തിയ വ്യാജവിസക്കാരിൽ ഇതുവരെ കേൾക്കാത്ത പുതിയൊരു വിസയെക്കുറിച്ചാണ് ഇപ്പോൾ ബ്രിട്ടീഷ് മലയാളിക്ക് വിവരം ലഭിച്ചിരിക്കുന്നത്. സീ മെൻ വിസ അഥവാ മീൻ പിടുത്ത തൊഴിലാളി വിസക്കാണ് ഒരു വഴിയും കാണാത്തവർ പണം മുടക്കുന്നത്. ഇതിനായി 12 ലക്ഷം രൂപ വരെ മുടക്കിയാണ് മലയാളികൾ യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളം കേന്ദ്രമാക്കിയുള്ള ഒരു ഏജൻസിയാണ് ഇതിനായുള്ള വ്യാജ രേഖകൾ ഒപ്പിച്ചു മലയാളികളെ യുകെയിൽ എത്തിക്കുന്നത്.
നാട്ടുകാരോട് പറയേണ്ടത് സ്റ്റുഡന്റ് വിസയെന്ന്, എയർപോർട്ട് മുതൽ സംരക്ഷണം
അത്യാവശ്യം പരിശീലനം ഒക്കെ നൽകിയാണ് കൊച്ചിയിൽ നിന്നും മത്സ്യ ബന്ധന വിസയിൽ ആളെ ലണ്ടനിലേക്ക് കടത്തുന്നത്. ഇതിനായി എത്തുന്നവർ പ്രധാനമായും തമ്പടിക്കുന്നത് ഈസ്റ്റ്ബോൺ, സ്കോട്ലൻഡ് എന്നിവിടങ്ങളിലാണ്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്തവർക്കും ഈ വിസ ലഭിക്കാൻ വലിയ പ്രയാസം ഇല്ലെന്നാണ് ഏജൻസികൾ തന്നെ നൽകുന്ന സൂചന. കൊച്ചിയിൽ നിന്നോ തിരുവനന്തപുരത്തു നിന്നോ വിമാനം കയറുന്നത് മുതൽ ഏജന്റിന്റെ സംരക്ഷണ വലയത്തിലാണ് സീ മെൻ വിസക്കാർ.
ഹീത്രൂവിൽ വിമാനം ഇറങ്ങിയാൽ ഇമ്മിഗ്രേഷൻ ഉദ്യേഗസ്ഥരുടെ ചോദ്യങ്ങൾക്കു ഇംഗ്ലീഷിൽ മണിമണിയായി ഉത്തരം നൽകാൻ യുകെയിലെ എജന്റിന്റെ കയ്യിലും ഇംഗ്ലീഷ് ജീവനക്കാർ തന്നെ ഉണ്ടെന്നാണ് ലഭ്യമായ സൂചന. അവർ നൽകുന്ന യുകെയിലെ അഡ്രസ് പരിശോധിച്ച ശേഷം യുകെ ഇമ്മിഗ്രേഷൻ വിഭാഗവും ഹോം ഓഫിസ് ഉദ്യോഗസ്ഥരും സീ മെൻ വിസയിൽ എത്തുന്നവരെ പുറത്തു കടക്കാൻ സഹായിക്കും. കാരണം ഇത് നിയമ ലംഘന മാർഗത്തിൽ എത്തുന്ന വിസ അല്ലെന്നതിനാൽ തന്നെ.
ബ്രക്സിറ്റ് കൂടി വന്നതോടെ ബ്രിട്ടീഷ് കടലിൽ മീൻ പിടിക്കാൻ ആളില്ലെന്നും അതിനാൽ വലിയ തോതിൽ തൊഴിൽ അവസരം ഉണ്ടെന്നുമൊക്കെയാണ് യുകെയിൽ എത്താൻ കൊതിക്കുന്നവരോട് പറയുന്നത്. ഈസ്റ്റ്ബോണിലെ ഷൊറാം എന്ന സ്ഥലത്ത് ഇത്തരത്തിൽ ഒട്ടേറെ മലയാളി യുവാക്കളാണ് എത്തിയിട്ടുള്ളത്. ഇവരൊക്കെ ഇപ്പോൾ ജീവിക്കാനായി വ്യാജ പേരിലും വിലാസത്തിലും ഒക്കെയാണ് താത്കാലിക ജോലികൾ ചെയ്യുന്നത്. എങ്ങനെയും യുകെയിൽ എത്തിയ കടം വീട്ടുക മാത്രമാണ് ലക്ഷ്യം.
കഴിയേണ്ടത് കടലിൽ, കരയിൽ അനുവാദമുള്ളതു ഭക്ഷണം ശേഖരിക്കാൻ മാത്രം
സീമെൻ വിസയിൽ എത്തുന്നവർ കഴിയേണ്ടത് കടലിൽ ആണെന്നാണ് ഈ വിസ അനുവദിക്കുമ്പോൾ പറയുന്നത്. ഭക്ഷണം ശേഖരിക്കാനും അത്യാവശ്യം കാര്യങ്ങൾക്കും മാത്രമാണ് കരയിൽ തങ്ങാൻ അനുവാദമുള്ളൂ. എന്നാൽ എജൻസികളുടെ കെണിയിൽ പെട്ട് എത്തുന്നവരിൽ പലരും ഇന്നേവരെ കടൽ കണ്ടിട്ടില്ലെന്നതാണ് വസ്തുത. ഗതികെട്ട അവസ്ഥയിലാകുന്നവർക്ക് സിആർബി അടക്കം വ്യാജമായി നൽകുന്ന ഏജൻസി ഈസ്റ്റ്ബോൺ കേന്ദ്രീകരിച്ചു നടത്തുന്ന ഒരു മലയാളിയുടെ തന്നെ നഴ്സിങ് ഏജൻസിയിലാണ് ഇവർക്ക് താൽക്കാലിക ജോലി നൽകുന്നത്.
അറിയാത്ത തൊഴിൽ പഠിച്ചെടുക്കുന്നത് വരെ എന്ന പേരിൽ നഴ്സിങ് ഹോമുകളിലെ ജോലിക്കു ശമ്പളവും നൽകാറില്ലെന്നും പറയപ്പെടുന്നു. ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു ശമ്പളം നൽകിയാലും മിനിമം ശമ്പളത്തിന്റെ പാതി മാത്രമാണ് പലപ്പോഴും നൽകുകയത്രേ. കാരണം ബാങ്ക് അക്കൗണ്ടിലൂടെയല്ലാതെ കയ്യിൽ നൽകുന്ന പണത്തിനു പ്രത്യേക കണക്കൊന്നും ഇല്ലാത്തതും ചെയ്യുന്ന തൊഴിൽ അനധികൃതം ആണെന്നും അറിയുന്ന സീ മെൻ തൊഴിലാളി കിട്ടുന്നതും വാങ്ങി മിണ്ടാതെ പോകുകയാണ് പതിവ്.
മൽസ്യ ബന്ധന ബോട്ടുകളിൽ പരിശീലനം മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ
തീര പ്രദേശങ്ങളിൽ ഉള്ളവർക്കും കടലിൽ മൽസ്യബന്ധന പരിചയം ഉള്ളവരെയും ഒക്കെ തപ്പിപിടിച്ചാണ് സീ മെൻ വർക്ക് വിസയുടെ കാര്യം പറഞ്ഞു ഏജൻസികൾ തട്ടിപ്പിന്റെ ചൂണ്ട എറിയുന്നത്. താൽക്കാലിക പരിശീലനത്തിന് മുംബൈയിലും മദ്രാസിലും ഒക്കെ മത്സ്യ ബന്ധന ബോട്ടുകളിൽ സൗകര്യവും ഒരുക്കും. ഇത്തരത്തിൽ കടലിൽ വലയേറിയാൻ പരിശീലനം ലഭിച്ച ശേഷം യുകെയിൽ എത്തുന്നവരിൽ പലർക്കും ഒരു ദിവസം പോലും കടലിൽ പോകാനായിട്ടില്ല എന്നും പറയപ്പെടുന്നു.
അതേസമയം ആഴ്ചയിൽ 46 മണിക്കൂർ ജോലി ചെയ്യുന്ന ഒരു സീ മെൻ വാർഷിക ശമ്പളം ആയി 32850 പൗണ്ട് ശമ്പളം നേടാൻ അർഹനാണ്. ഇന്ത്യയിൽ ഇത് 32 ലക്ഷം രൂപയോളം ആയി മാറുമ്പോൾ ആരും 12 ലക്ഷം ഏജൻസിക്കാരന് നൽകാൻ തയ്യാറായിപ്പോകും. ഷോർട്ടേജ് ഒക്ക്യൂപ്പേഷൻ ലിസ്റ്റിൽ ഉള്ള തൊഴിൽ എന്ന നിലയിൽ വിസ ലഭിച്ചാൽ ജോലിയും ഉറപ്പെന്ന മട്ടിലാണ് വഞ്ചിക്കപ്പെടുന്നവർ വിമാനം കയറുക.
എന്നാൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബ്രിട്ടീഷ് മൽസ്യ ബന്ധന വ്യവസായ രംഗത്ത് ഒരു തൊഴിൽ കണ്ടെത്തുക എന്നത് അത്ര നിസാരമായ കാര്യവുമല്ല. വിസ കയ്യിലുണ്ടെങ്കിൽ ജോലിക്ക് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാമല്ലോ എന്നും ഇരപിടിയന്മാരായ ഏജൻസികൾ ആശ്വസിപ്പിക്കുകയും ചെയ്യും. തിരികെ നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഏതു കഷ്ടപ്പാടിലും പിടിച്ചു നിന്നേ മതിയാകൂ എന്നാകുമ്പോൾ ഏജൻസിക്കാരൻ ഒപ്പിച്ചു നൽകുന്ന താൽക്കാലിക ജോലികൾ ചെയ്യുക മാത്രമാണ് മീൻ പിടുത്ത ജോലിക്കെത്തുന്ന മലയാളിയുടെ മുന്നിൽ തെളിയുന്ന ഏക രക്ഷാമാർഗം.