ലണ്ടൻ: മദ്യ രാജാവ് വിജയ് മല്യയെ നാടുകടത്താനാകില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കി. രാജ്യത്തെത്തിയപ്പോൾ അദ്ദേഹത്തിന് സാധുതയുള്ള പാസ്‌പോർട്ട് ഉണ്ടായിരുന്നതിനാൽ നിലവിലുള്ള നിയമപ്രകാരം മല്യയെ തിരിച്ചയയ്ക്കാൻ കഴിയില്ലെന്നാണ് ബ്രിട്ടണിന്റെ നിലപാട്.

എന്നാൽ മല്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായം നൽകാമെന്ന് ബ്രിട്ടൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിവിധ ബാങ്കുകളിൽനിന്നെടുത്ത വൻതുക തിരിച്ചടയ്ക്കാതെയാണ് മല്യ രാജ്യംവിട്ടത്. മാർച്ച് രണ്ടിന് അദ്ദേഹം ബ്രിട്ടനിലെത്തി. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് പിന്നീട് ഇന്ത്യ റദ്ദാക്കിയിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആയിരുന്നു നടപടി.

പാസ്‌പോർട്ട് റദ്ദാക്കിയതിന്റെ പേരിൽ മല്യയെ തിരിച്ചുവിടാനാകില്ല. ഇന്ത്യ ആവശ്യപ്പെട്ടെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളൂ. മല്യയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണ്. എന്നാൽ ഇന്ത്യൻ സർക്കാർ അതേപ്പറ്റി അറിയിക്കണമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികൾ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടൻ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാൾക്ക് യുകെയിൽ തുടരുന്നതിന് പാസ്‌പോർട്ട ആവശ്യമില്ല. അവർ രാജ്യം വിടുകയോ വിസ കാലാവധിക്കുശേഷം തുടരുകയോ ചെയ്യുമ്പോഴാണ് പാസ്‌പോർട്ടിന്റെ ആവശ്യം വരിക. അതേസമയം, ആരോപണങ്ങളുടെ ഗൗരവം അവർ മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയോട് നടപടികൾ ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയാണ് ബ്രിട്ടൻ ചെയ്തത്-വികാസ് സ്വരൂപ് പറഞ്ഞു.

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 9400 കോടി രൂപ വായ്പയെടുത്ത മല്യ മാർച്ച് രണ്ടിനാണ് രാജ്യം വിട്ടത്. ഇതിനുപിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശ പ്രകാരം മല്യയുടെ പാസ്‌പോർട്ട് അസാധുവാക്കിയിരുന്നു. ഒപ്പം തന്നെ ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.