- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വീടിന് പുറത്ത് പൊട്ടിത്തെറിയും വെടിയൊച്ചയും മാത്രം; ജനാലവഴി പുറത്തേക്കു നോക്കാൻ പോലും ഭയം; ആർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി'; യുക്രൈനിലെ നടുക്കുന്ന കാഴ്ചകൾ പങ്കുവച്ച് മലയാളി ഡോക്ടർ
കീവ്: യുക്രൈനെതിരായ സൈനിക നീക്കം 24 മണിക്കൂർ പിന്നിടുമ്പോൾ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി മുന്നേറുകയാണ് റഷ്യൻ സൈന്യം. യുക്രൈനിലെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ അതിശക്തമായ ആക്രമണം തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കീവിൽ ഫ്ളാറ്റിന് മുകളിലേക്ക് റഷ്യൻ വിമാനം തകർന്ന് വീണിരുന്നു. എങ്ങും രക്തച്ചൊരിച്ചിലും വെടിയൊച്ചകളും മാത്രമാണ് ഭീതിജനകമായ കാഴ്ചകൾ.
യുക്രൈനിൽ ഉപരിപഠനം നടത്തുന് വിദ്യാർത്ഥികൾ അടക്കം മലയാളികൾ അടക്കം സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുകയാണ്. ഇതിനിടെ തലസ്ഥാനമായ കീവിലെ വീട്ടിലിരുന്നുകൊണ്ട് റഷ്യൻ ആക്രമണത്തെക്കുറിച്ചും പിന്നിട്ട ഭയാനകമായ നിമിഷങ്ങളെക്കുറിച്ചും പറയുകയാണ് മലയാളി ഡോക്ടർ യുപിആർ മേനോൻ.
വീടിന് പുറത്ത് പൊട്ടിത്തെറിയുടേയും വെടിയൊച്ചയുടേയും ശബ്ദം മാത്രമാണ് കേട്ടത്. ജനാലവഴി പുറത്തേക്കു നോക്കാൻ പോലും ഭയന്നാണ് വീട്ടിലിരിക്കുന്നത്. ആർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി- യുപിആർ മേനോൻ പറയുന്നു.
'എല്ലാ സ്ഥാപനത്തിലും ബങ്കറുകൾ നിർബന്ധമാണ്. ബോംബാക്രമണത്തിൽ നിന്നും ഷെൽ ആക്രമണത്തിൽ നിന്നും ഇത് സംരക്ഷിക്കും. പരിഭ്രാന്തരാകാതെ വീട്ടിലിരിക്കാനാണ് കീവ് മേയർ പറഞ്ഞിരിക്കുന്നത്. ലോക നേതാക്കൾ ഇടപെട്ട് സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- യുപിആർ മേനോൻ പറഞ്ഞു.
ഭക്ഷണകാര്യത്തിൽ പ്രതിസന്ധി ഇല്ലെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ വഷളാകാം. നഗരത്തിലെ ഭക്ഷണശാലകൾക്കെല്ലാം പൂട്ടുവീണിട്ടുണ്ട്. പട്ടാള നിയമം നിലവിൽ വന്നതിനാൽ നിയന്ത്രണങ്ങളും ശക്തമാണ്. ജോലിക്ക് പോകാമെങ്കിലും രാജ്യം വിട്ട് പോകാനാവില്ല. തിരിച്ചറിയൽ കാർഡും മറ്റ് പ്രധാന രേഖകളും എവിടെ പോയാലും കയ്യിൽ കരുതണം. പട്ടാള നിയമം പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഒരു വിവരവും അറിയാൻ സാധിക്കുന്നില്ല.- യുപിആർ മേനോൻ പറഞ്ഞു.
കൊച്ചി ഇടപ്പള്ളി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 30 വർഷമായി യുക്രൈനിൽ സ്ഥ്വിരതാമസമാണ്. ജനങ്ങൾ ആശങ്കയിലാണെങ്കിലും അവർ പരിശീലനം നേടിയവരാണ് എന്നാണ് അദ്ദേഹം ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നത്.
മെഡിക്കൽ വിദ്യാഭ്യാസത്തിന് ശേഷം കുറച്ച് നാൾ ഇന്ത്യയിൽ ജോലി ചെയ്തതിന് ശേഷമാണ് 1980 കളിൽ മേനോൻ യുക്രൈനിലേക്ക് വരുന്നത്. 1987ൽ യുക്രൈൻ സ്വദേശിയെ വിവാഹം കഴിച്ചതോടെ അവിടെ സ്ഥിരതാമസമാക്കി. യുക്രൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ കൺസൽട്ടന്റും രാജ്യത്തെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ തലവനുമാണ്. ഭാര്യ നതാലിയ മേനോനും മകൻ രാജീവ് മേനോനുമൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്.
നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടെന്നും അവർ വളരെ ആശങ്കയിലാണെന്നും മേനോൻ പറഞ്ഞു. വിവിധ സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്. മരണഭീതിയിൽ കഴിയുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ഡോക്ടർ അഭ്യർത്ഥിച്ചു. എന്തിനും തയാറായി ഇരിക്കാനാണ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.




