ന്നികളോട് ഗുസ്തി പിടിക്കരുത് എന്നത് പ്രശസ്തമായ ഒരു ഇംഗ്ലീഷ് പഴമൊഴിയാണ്. പന്നി നിങ്ങളുടെ മേൽ ചെളിതെറിപ്പിക്കുമെന്ന് മാത്രമല്ല അത് നന്നായി ആസ്വദിക്കുകയും ചെയ്യും. റഷ്യ യുക്രൈനെ ആക്രമിച്ചപ്പോൾ, ന്യൂയോർക്കിൽ നടന്ന ഒരു പ്രതിഷേധറാലിലെ ഒരു പ്ലക്കാർഡ് ഇതായതും അർഥ ഗർഭമാണ്. ശരിക്കും ഈ പഴമൊഴിയിലെ പന്നിക്ക് സമാനനായ, സൈക്കോ എകാധിപതി തന്നെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സ്വന്തം സൈന്യത്തിലെ ലക്ഷങ്ങൾ മരിക്കുന്നതും, രാജ്യം ഉപരോധത്തിൽ ആവുന്നതും ഒന്നും പുടിന് ഒരു പ്രശ്നമല്ല. സ്വന്തം പ്രതിഛായ വർധിക്കുകയും, താൻ ലോക പൊലീസാണെന്ന് ബോധ്യപ്പെടുത്തുകയും വേണം. അത്തരത്തിലുള്ള ഒരാളോട് യുദ്ധത്തിനുപോയാലുള്ള അവസ്ഥ എന്തായിരിക്കും. തന്റെ പത്തുപേർ മരിച്ചാലും എതിരാളികളായ രണ്ടുപേരുടെ മരണമായിരിക്കും അയാൾ ആസ്വദിക്കുക!

പക്ഷേ ജനാധിപത്യ രാജ്യങ്ങളിൽ അങ്ങനെയല്ല. ഓരോ ഭടന്റെ മരണത്തിനും അവർ രാഷട്രത്തിനോട് മറുപടി പറയാൻ സന്നദ്ധമാണ്. നാറ്റോ അടക്കമുള്ള രാജ്യങ്ങളെ പുടിനുമായുള്ള നേരിട്ടുള്ള ഒരു യുദ്ധത്തിന് വിലക്കുന്നതും ഇതുതന്നെയാണ്. ''യുദ്ധത്തിന് ഒരു കോസ്റ്റ് ഉണ്ട്. ഈ കോവിഡ് കാലത്ത് അതുകൊടുക്കാൻ പാശാചാത്യ ശക്തികൾ തയ്യാറല്ല. അത് ഭീരുത്വമായി കാണാൻ കഴിയില്ല''- വാഷിങ്ങ്ടൺ പോസ്റ്റിന്റെ വിദേശകാര്യലേഖകൻ ഹെലൻ ടെർണർ ഇങ്ങനെ വിലയിരുത്തുന്നു.

പക്ഷേ യുക്രൈനെ അമേരിക്കയും നാറ്റോയും, സൈനികമായി സഹായത്തിക്കാത്തതിന് എതിരെ അതി ശക്്തമായ പ്രതിഷേധവും ലോകത്ത് ഉയരുന്നുണ്ട്. ''ഒരു മുട്ടാളന്റെ ആക്രമണം സഹിക്കാതെ ഒരു രാജ്യം നിലവിളിച്ച് സഹായത്തിന് അപേക്ഷിക്കയാണ്. എന്നിട്ടം ആരും സഹായിക്കുന്നില്ല. ഇത് എന്താണ് സൂചിപ്പിക്കുന്നത്. ആർക്കും ലോകത്ത് എന്തും ചെയ്യാം എന്നല്ലേ. ചൈനയടക്കമുള്ള മറ്റുള്ളവരെ ആക്രമിക്കാൻ വെമ്പൽ കൊള്ളുന്ന രാജ്യങ്ങൾക്ക് ഇത് സമ്മാനിക്കുന്ന ധൈര്യം ചെറുതല്ല. ആരെ ആക്രമിച്ചാലും ആരും ഒന്നും ചെയ്യില്ല എന്ന തോന്നലാണ് യുക്രൈൻ ആക്രമണം സമ്മാനിക്കുന്നത്'- എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോൺ പിൽഗർ ചൂണ്ടിക്കാട്ടുന്നു.

രണ്ടാംലോക മഹായുദ്ധത്തിനുശേഷമാണ് ബ്രിട്ടൻ- ജർമ്മനി എന്ന സമവാക്യത്തിൽനിന്ന് ലോകം, അമേരിക്ക-സോവിയറ്റ് യൂണിയൻ എന്ന ലോക ക്രമത്തിലേക്ക് മാറുന്നത്്. അതിനുശേഷം ശീതയുദ്ധത്തിന്റെ കാലമായിരുന്നു. പക്ഷേ സോവിയറ്റ് യൂണിയന്റെ പതനം ശരിക്കും ഒരു ഏകധ്രുവ ലോകത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടുപോയത്. പക്ഷേ ഇപ്പോഴിതാ ലോക സൈനിക മേധാവിത്വ ശ്രമത്തിൽനിന്ന് അമേരിക്ക സ്വയം പിന്മ്മാറിയതുപോലെയാണ് കാര്യങ്ങൾ. അതോടെ റഷ്യ- ചൈന എന്ന പുതിയ ലോകക്രമം ഉയിർകൊള്ളുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ അച്ചുതണ്ടിനോടൊപ്പം ഇറാൻ കൂടി ചേരുന്നതോടെ, ലോകത്തിലെ ഏറ്റവും അപകടകരമായ ഒരു കോമ്പിനേഷനായി അത് മാറുമെന്ന് ഉറപ്പാണ്.

അവർക്ക് ശരിക്കും പുടിനെ പേടിയാണ്!

വികസന സൂചികകൾ നോക്കുമ്പോൾ, ലോകത്തിലെ നമ്പർവൺ പോയിട്ട് ആദ്യ അമ്പതിൽപോലും എത്താത്ത രാഷ്ട്രമാണ് റഷ്യ. ശരിക്കും ഒരു വികസ്വര രാഷ്ട്രം. റഷ്യയുടെ ഉൾഗ്രാമങ്ങളിൽനിന്ന് ഇതുവരെ പട്ടിണിപോലും പുർണ്ണമായും മാറിയിട്ടില്ല. പഴയ സോവിയറ്റ്കാലത്തെ അവസ്ഥയിൽനിന്ന് കുറേ മെച്ചപ്പെട്ടുവെങ്കിലും, മികച്ച സമ്പദ് ഘടനയുള്ള ഒരു രാജ്യമായൊന്നും റഷ്യയെ വിലയിരുത്താൻ കഴിയില്ല. പക്ഷേ റഷ്യക്ക് ഒന്നുണ്ട്. സോവിയറ്റ് കാലത്ത് അടക്കം അവർ വളർത്തിക്കൊണ്ടുവന്ന എട്ടര ലക്ഷം പേർ അടങ്ങിയ കൂറ്റൻ സൈന്യം. അത്യാധുനികമായ യുദ്ധോപകരങ്ങളും, ഒപ്പം ആണവശക്തിയും.

ഈ മൂന്നാമത്തെ കാര്യമാണ് ലോകരാഷ്ട്രങ്ങളെ ശരിക്ക് ഭയപ്പെടുത്തുന്നത്. തനിക്ക് അണ്വായുധം ഉപയോഗിക്കാൻ മടിയില്ല എന്ന് പരോക്ഷമായി പുടിൻ പലതവണ പറഞ്ഞിട്ടുണ്ട്. മാത്രമല്ല പുടിന് തന്നെ സ്വന്തമായി ഒരു കൊലയാളി സംഘമുണ്ട്. റഷ്യയിൽ പുടിനെ എതിർക്കുന്നവർ ഒക്കെയും കെട്ടിടത്തിന് മുകളിൽനിന്ന് വീണും, വിഷം ഉള്ളിൽ ചെന്നുമൊക്കെ മരിക്കയാണ്. തനിക്ക് എതിരെ ആരെങ്കിലും തിരിഞ്ഞാൽ അയാൾക്ക് എതിരെ പുടിന്റെ ക്വട്ടേഷൻ നിർദയം എത്തും. ഇതും സമാധാന പ്രേമികളെ ഭയപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോൾ തന്നെ യൂറോപ്പ് പേടിച്ചിരിക്കുന്നത് ചെർണോബിൽ ആണവ നിലയെത്ത ആക്രമിച്ച് പുടിൻ യൂറോപ്പിന് അണുപ്രസരണം സമ്മാനിക്കുമോ എന്നതാണ്. പുടിന്റെ മുൻകാല ചെയ്തികൾ നോക്കുമ്പോൾ അങ്ങനെ ചെയ്യില്ല എന്ന് പറയാനും കഴിയില്ല. ഹിറ്റ്ലറുടെ ശൈലിയും ഇങ്ങനെ തന്നെ ആയിരുന്നു. ഭയപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കുക.

ഹിറ്റ്ലർക്ക് സമാനമായ ഒരു സൈക്കോ എകാധിപതി തന്നെ ആയാണ് പുടിനും വിലയിരുത്തപ്പെടുന്നത്. മരണങ്ങൾ ഇത്തരം ഏകാധിപതികളെ സംബന്ധിച്ച് വെറും കണക്കുകൾ മാത്രമാണ്. മാവോയുടെയും സ്റ്റാലിന്റെയും ഹിറ്റ്ലറിന്റെയും ഉദാഹരണങ്ങൾ പ്രശസ്തമാണ്. തന്റെ തെറ്റായ നയങ്ങൾമൂലം ചൈനയിൽ പട്ടിണി കിടന്ന് ജനങ്ങൾ മരിച്ചപ്പോൾ, അത് അവരുടെ കുഴപ്പമാണ് എന്ന് പറഞ്ഞ ആളാണ് മാവോസേതൂങ്ങ്. മഞ്ഞും, പകർച്ചവ്യാധികളും ഒന്നും കണക്കാക്കാതെ സ്വന്തം സൈന്യത്തെകൊണ്ട് യുദ്ധം ചെയ്യിപ്പിച്ചയാളാണ് ഹിറ്റ്ലർ. സ്റ്റാലിനും ആയിരങ്ങളുടെ മരണം വെറും തമാശക്കണക്ക് മാത്രമായിരുന്നു. അതുപോലുള്ള ഒരു സൈക്കോയാണ് പുടിനും. ലക്ഷങ്ങൾ മരിച്ചാലും പുടിന് യാതൊരു പ്രശ്നവുമില്ല. ഇനി യൂറോപ്യൻ യൂണിയന്റെ ഉപരോധം മുല്യം റഷ്യ സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും റുബിളിന് വില ഇടിഞ്ഞാലുമൊന്നും പുടിൻ കുലുങ്ങുമോ? തനിക്കുവേണ്ട ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ സ്വത്തുക്കൾ അയാൾ സമ്പാദിച്ച് കഴിഞ്ഞു.

അതിലൊക്കെ ഉപരി പുടിൻ വിദഗ്ധനനായ ഒരു തന്ത്രശാലിയാണ്. എങ്ങനെ ഭീഷണിപ്പെടുത്തണമെന്നും എങ്ങനെ ഇടപെടലുകൾ നടത്തണമെന്നും എപ്പോൾ പിൻവാങ്ങണമെന്നും അദ്ദേഹത്തിന് നല്ലപോലെ അറിയാം. ഈ വൈദഗ്ധ്യം അദ്ദേഹം ജോർജിയ, യുക്രെയ്ൻ, സിറിയ, കസക്ക്സ്ഥാൻ എന്നിവിടങ്ങളിലെല്ലാം പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ ഒരു പുതിയ പതിപ്പാണ് ഇവിടെ കാണുന്നത്.

യുക്രെയ്നു നേരെ ആരംഭിച്ച യുദ്ധത്തിലൂടെ റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്കു നൽകിയിരിക്കുന്നത് ശക്തമായ സന്ദേശമാണ്. മൂന്നു ലക്ഷ്യങ്ങളാണിതിനു പിന്നിലുള്ളത്. 1) യുക്രെയ്നിനെ അംഗമാക്കാനുള്ള നീക്കത്തിൽ നിന്ന് നാറ്റോ പിൻവാങ്ങുക, 2) യൂറോപ്യൻ സുരക്ഷാ സംവിധാനത്തിൽ റഷ്യയുടെ ശക്തമായ പങ്കാളിത്തം അംഗീകരിക്കുക, 3) ഡോൺബാസ് മേഖലയിലെ വിഭജനവാദികൾക്കെതിരായ യുക്രെയ്ൻ സൈനിക നടപടികൾ അവസാനിപ്പിക്കുക. യൂറോപ്പിനെയും യുഎസ് ഭരണകൂടത്തെയും ഈ സന്ദേശം ബോധ്യപ്പെടുത്തുന്നതിൽ റഷ്യ ഭാഗികമായി വിജയിച്ചിട്ടുണ്ട്.

എങ്കിലും യുക്രെയ്നുമായി ദീർഘകാല യുദ്ധത്തിലേക്കു റഷ്യ നീങ്ങാൻ സാധ്യത കുറവാണ്. ഡോൺബാസിന്റെ സ്വയംഭരണം ഉറപ്പാക്കിക്കഴിഞ്ഞാൽ പിൻവാങ്ങലിനാവും അവർ തയാറാവുക എന്ന് വിലയിരുത്തലുണ്ട്. ദീർഘകാല യുദ്ധത്തിൽ നിന്ന് റഷ്യയ്ക്കു നേട്ടമുണ്ടാക്കാനാകില്ലെന്നു മാത്രമല്ല വൻ നഷ്ടങ്ങൾ ഉണ്ടാകുമെന്നതും അതിനു കാരണമാണ്. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയേക്കാവുന്ന ഉപരോധം ഹ്രസ്വകാലത്തേക്കെങ്കിലും റഷ്യയ്ക്കു സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് ഉറപ്പാണ്.

എന്നാലും പുടിന്റെ ലക്ഷ്യം നടന്നു. തങ്ങൾ വൻ ശക്തികൾ ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി. പുതിയ ലോക സൈനിക ക്രമത്തിൽ റഷ്യയും ചൈനയുമാണ് നമ്പർ വൺ എന്ന് പാശ്ചാത്യ മാധ്യമങ്ങൾക്കുപോലും എഴുതേണ്ടിവന്നു.

എന്തുകൊണ്ടാണ് നാറ്റോ ആക്രമിക്കാത്തത്?

അടിസ്ഥാനപരമായി ജീവിത വീക്ഷണത്തിൽ വന്ന മാറ്റമാണ്, യൂറോപ്യൻ രാജ്യങ്ങളെ യുദ്ധത്തിൽനിന്ന് പിറകോട്ട് അടിപ്പിക്കുന്നത്. രണ്ടുലോകമഹായുദ്ധങ്ങളുടെ കെടുതികളിൽനിന്ന് അവർ അത്രക്ക് പാഠം പഠിച്ചിട്ടുണ്ട്. സോവിയറ്റ് പട്ടാളം കൊള്ളയും കൂട്ടബലാത്സഗവും ചെയ്ത, കമ്പോട് കമ്പ് തകർത്തിട്ട ജർമ്മനിയെ ഒക്കെയാണ് അവർക്ക് പുനർ നിർമ്മിക്കേണ്ടിവന്നത്. യുദ്ധങ്ങളും ആക്രമണങ്ങളുമെല്ലാം നിഷ്ഫലമാണെന്ന തിരിച്ചറിവുകൊണ്ടാണ് അതിർത്തികൾ പോലുമില്ലാത്ത ഒരു ലോകത്തേക്ക് യൂറോപ്പിലെ പല രാജ്യങ്ങളും മാറിയത്. കുരിശ്യുദ്ധത്തിന് സൈന്യത്തെ അയച്ച ബെൽജിയവും നെതർലൻഡും തമ്മിലുള്ള അതിർത്തിയിൽ ഇന്ന് വെറും കുമ്മായവരമാത്രമാണ് ഉള്ളത്. സൈനികൻ പോയിട്ട് ഒരു പൊലീസുകാരൻ പോലും അവിടെയില്ല. അയുധ- സൈനിക ബജറ്റുകൾ പരമാവധി കുറച്ചുകൊണ്ട് അവർ വികസന പ്രവർത്തനങ്ങളിലേക്കാണ് അത് തിരിച്ചുവിടുന്നത്.

ഈ ഒരു മാറിയ ജീവിത വീക്ഷണം കൊണ്ടുതന്നെയാണ് ഇന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളൊക്കെ യുദ്ധത്തിന് പ്രാധാന്യം കൊടുക്കാത്തത്. മാത്രമല്ല കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും പ്രശ്നമാണ്. ജർമ്മനിയെ എടുത്താൽ ഇന്ത്യയിലെ ആ ആദ്മി മോഡലിയുള്ള ഒരു സർക്കാർ ആണ് അവിടെ ഇപ്പോൾ ഉള്ളത്. ഇടത്തരക്കാരുടെ പിന്തുണയിൽ വന്ന സർക്കാർ. പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കും എന്നായിരുന്നു അവരുടെ വാഗ്ദാനം. ഇതിനായി ശ്രമങ്ങൾ തുടരവേയാണ് യുക്രൈൻ ആക്രമണം വന്നത്. ഇതോടെ റഷ്യയിൽനിന്ന് ജർമ്മനിയിലേക്ക് നേരിട്ട് എത്തുന്ന നോർഡിക്ക് ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി പ്രതിസന്ധിയിൽ ആയി. ജർമ്മനിയെ സംബദ്ധിച്ച് യുദ്ധം ചെയ്ത് കീർത്തി ഉണ്ടാക്കണോ, അതോ ഇന്ധന വില കുറച്ച് സാധാരണക്കാരനെ സഹായിക്കണോ എന്ന് ചോദിച്ചാൽ ആ ജനത രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുക.

യുക്രെയ്നുമായി ഒരു കരാർ ഒപ്പിടാൻ നാറ്റോയെ യുഎസ് പ്രേരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നാറ്റോയിലെ മറ്റ് അംഗരാജ്യങ്ങൾ യുക്രെയ്നിനെ ഉൾക്കൊള്ളിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല. ജർമനിക്കും, ഫ്രാൻസിനും ഹംഗറിക്കും അതിൽ എതിർപ്പുണ്ടായിരുന്നു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. റഷ്യയെ സൈനികമായി പ്രതിരോധിക്കാനും അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം.

യൂറോപ്പിലേക്ക് വരുന്ന പ്രകൃതിവാതകത്തിന്റെ നാൽപ്പത് ശതമാനം റഷ്യയിൽനിന്നാണ്. ഇപ്പോൾ തന്നെ ക്രൂഡ് ഓയിലിന്റെ വില കുതിക്കുയാണ്. ഇതെല്ലാമാണ് അവരെയെല്ലാം യുദ്ധത്തിൽനിന്ന് പിൻവലിക്കുന്നത്. പക്ഷേ പുടിന്റെ കാര്യം അങ്ങനെയല്ല. പുടിന്് റഷ്യക്കാർ വിലക്കയറ്റത്തിൽ വലഞ്ഞാലൊന്നും യാതൊരു പ്രശനവും ഇല്ല.

ലോക പൊലീസ് ചമഞ്ഞ് പലയിടത്തും പോയി തലയിട്ട് അമേരിക്കയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടാവുന്നുവെന്നും ഇത് എന്തിനാണ് എന്നുമെന്ന ചിന്തയാണ് അമേരിക്കയിലും കഴിഞ്ഞ കുറേക്കാലമായി ബലപ്പെട്ടത്. നാക്കു കൊണ്ട് ഭീഷണി മുഴക്കുക അല്ലാതെ മുൻ പ്രസിഡന്റ് ട്രംപും ഒരിക്കൽപോലും യുദ്ധം ചെയ്തിട്ടില്ല. കോടികൾ ചെലവിട്ട് ഇറാഖിലും, അഫ്ഗാനിലും പോയി യുദ്ധം ചെയ്തിട്ട് എന്തുണ്ടായി എന്ന് യു.എസ് മാധ്യമങ്ങൾ പലപ്പോഴും തിരിച്ച് ചോദിച്ചിരുന്നു. കനത്ത ആൾ നാശവും കോടികളുടെ ചെലവും വെച്ച് ലോക സുരക്ഷ തങ്ങൾ സംരക്ഷിക്കേണ്ടയില്ലെന്ന തിരിച്ചറിവിലാണ് അമേരിക്ക എത്തിയത്. അങ്ങനെയാണ് യു.എസ് അഫ്ഗാനിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതും അവിടെ താലിബാൻ അടിച്ച് കയറിയയും. ട്രംപിന്റെ സമാനമായ രീതിയിൽ വാക്കുകൾ കൊണ്ട് യുദ്ധം ചെയ്ത് പുടിനെ പിടിച്ചു നിർത്താനായിരുന്നു ബൈഡനും ശ്രമിച്ചത്.

റഷ്യയുടെ സൈനികശേഷി ഒരിക്കലും നാറ്റോയേക്കാൾ മുന്നിലല്ല. എന്ന് മാത്രമല്ല നാറ്റോ ഒന്ന് ആഞ്ഞടിച്ചാൽ പരിപ്പിളകിപോകുന്നതാണ് റഷ്യ. ഇപ്പോഴത്തെ അമേരിക്കയുടെയും നാറ്റോവിന്റെയും ആയുധ ശക്തിവെച്ച് 14 ദിവസംകൊണ്ട് റഷ്യ കീഴടക്കാൻ തന്നെ കഴിയുമെന്നാണ് ദ ഒബ്സർവർ പത്രം ചൂണ്ടിക്കാട്ടുന്നത്. കരിങ്കടലിലെ കപ്പൽപടയിൽനിന്നും, മറ്റ് സഖ്യരാഷ്ട്രങ്ങളിൽനിന്നുമായി നാലുപാടുനിന്നും അവർ റഷ്യയെ ആക്രമിച്ചാൽ റഷ്യയുടെ അടപ്പൂരും. പക്ഷേ അതിന് ആയിരിക്കണക്കിന് ഭടന്മ്മാരുടെ രക്തം ചിന്തേണ്ടി വരും. ഒപ്പം കടുത്ത സാമ്പത്തിക മാന്ദ്യവും. ആ ഒരു വിലാണ് യുറോപ്പിനു അമേരിക്കക്കും കൊടുക്കാൻ കഴിയാത്തത്. മാത്രമവുമല്ല ഈഗോയുടെ തലതൊട്ടപ്പനായ പുടിൻ, ആണവായുധം ഉപയോഗിക്കാനും ഈ ഘട്ടത്തിൽ ഉറപ്പാണ്.

ആവേശം പകരുന്നത് ചൈനക്ക്

പക്ഷേ ഈ അധിനിവേശം സത്യത്തിൽ ആവേശം പകരുന്നത് ചൈനക്കാണ്. പുടിന്റെ അത്ര ഭീകരൻ അല്ലെങ്കിലും ഇന്ന് ലോകത്തിൽ എവിടെയും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ കഴിയുമെന്ന് ചിന്തുക്കുന്ന ഒരേ ഒരാൾ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങാണ്.

അന്താഷ്ട്ര തലത്തിലെ ഒരു കരാറുകളും ഉടമ്പടികളും ഒന്നും തങ്ങൾക്ക് ബാധകമല്ല എന്നല്ലേ റഷ്യ ഈ അധിനിവേശത്തിലുടെ പറയുന്നത്. ആർക്കും ആരെയും ആക്രമിക്കാം ആരും ഒരു ചുക്കും ചെയ്യില്ല എന്ന ചിന്തയാണ് ഇതോടെ വരുന്നത്. നോക്കുക, ഒരു സുപ്രഭാതത്തിൽ ചൈന അരുണാചൽ പ്രദേശിലേക്ക് കയറി വന്നാൽ നാം എന്തുചെയ്യും. യുക്രൈനിൽ സംഭവിച്ചപോലെ 'നാട്ടുകാരെ ഓടിവരണേ' എന്ന് വിലപിച്ച് മാറിനിൽക്കുക മാത്രമാണ് അന്താരാഷ്ട്ര സമൂഹം ചെയ്യുക. കുവൈത്തിൽ സദ്ദാമിന്റെ അധിനിവേശം ഉണ്ടായപ്പോൾ കൈയും കെട്ടി മാറിനിന്നിരുന്നെങ്കിൽ അത് എത്ര ഏകാധിപതികൾക്കാണ് പ്രചോദനം ആകുമായിരുന്നത്.

പാക്കിസ്ഥാനും ചൈനയും ചേർന്ന് ഇപ്പോൾ തന്നെ പല തരികിടകളും അതിർത്തിയിൽ നടത്തുന്നുണ്ട്. ഒരു ഇഞ്ച് ഭൂമിയെങ്കിലും ഞങ്ങൾക്ക് കിട്ടിയാൽ അത്രയും നന്ന് എന്ന് കരുതുന്നവരാണ് ചൈന.അതുപോലെ ഹോങ്കോങ്ങിലെ അടിച്ചമർത്തലും ഇനി കൂടും. ആരും ഒന്നും ചോദിക്കുക ഇല്ല എന്നതിന്റെ ടെസ്റ്റ് ഡോസാണ് യുക്രൈിനിൽ കണ്ടത് എന്നത് ചൈനക്ക് നന്നായി അറിയാം. സൗത്ത് ചൈനാക്കടലിലെ ദ്വീപുകളിൽവരെ പലതിലും ചൈന നേരത്തെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

യു.എസ്. പൂർണമായും യൂറോപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ സാഹചര്യത്തെ അതിശ്രദ്ധയോടെയാണ് ചൈന നിരീക്ഷിക്കുന്നത്. അവസരം മുതലെടുത്ത് അവർ തയ്വാനിൽ അധികാരം സ്ഥാപിക്കാനോ തെക്കൻ ചൈനാക്കടലിൽ പ്രകോപനം സൃഷ്ടിക്കാനോ സാധ്യതയുണ്ടെന്ന് കരുതുന്നവരുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് ഇരുവശങ്ങളിൽനിന്ന് ഒരേസമയം ജർമനിയും ജപ്പാനും നടത്തിയനീക്കം ഇവിടെ റഷ്യയും ചൈനയും ആവർത്തിച്ചേക്കാം. നിലവിലെ ലോകക്രമം തിരുത്തിയെഴുതുക എന്നത് ഇരുരാജ്യങ്ങളുടെയും പൊതു താത്പര്യമാകുന്നു.

മാസങ്ങൾക്കുമുമ്പ് അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് മറ്റു സുപ്രധാന നീക്കം കൂടി നടത്തി റഷ്യ നടത്തിയിരുന്നു. ഇറാനും ചൈനയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ റഷ്യ സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൽപ്പിക്കപ്പെട്ടത്. ചെറുകിട യുദ്ധക്കപ്പലുകളും ഹെലികോപ്ടറുകളുമായി ഇറാന്റെ റെവല്യൂഷണറി ആർമിയും വ്യോമ അഭ്യാസത്തിൽ പങ്കെടുത്തു. ഇത് ലോകത്തിൽ വ്യക്തമായ ഒരു ശാക്തിക ചേരി രൂപപ്പെടുന്നതിന്റെ സൂചനയായാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തത്. നേരത്തെ 2020ലും സമാനമായ സംയുക്താഭ്യാസം ഈ മൂന്ന് രാജ്യങ്ങളും ചേർന്ന് നടത്തിയിരുന്നു.

റഷ്യയും ചൈനയും തമ്മിൽ നല്ല ബന്ധത്തിലാണോ എന്ന് ചോദിച്ചാൽ നമുക്ക് അതേ എന്ന് പറയാൻ ആവില്ല. എന്നാൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വല്ലാതെ മോശമായിട്ടുണ്ട്. അപ്പോൾ ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ ഇവർ തമ്മിൽ ഒരു സഖ്യം ഉണ്ടാവാൻ ഇടയുണ്ട്

റഷ്യയും ചൈനയും തമ്മിലുണ്ടാകാവുന്ന സഖ്യവും ഇന്ത്യക്ക് ഭീഷണിയാണ്. ഇപ്പോൾ ഇരു രാജ്യങ്ങളും ഒരുവിധത്തിലുമുള്ള സഖ്യത്തിൽ ഏർപ്പെട്ടിട്ടില്ല. ഭാവിയിൽ അതിന്റെ സാധ്യത തള്ളിക്കളയാനുമാവില്ല. മോസ്‌കോയ്ക്ക് ടെഹ്റാനുമായി മെച്ചപ്പെട്ട ഒരു ബന്ധം നിലവിലുണ്ട്. അത് ആണവ വിഷയത്തിൽ ഇറാനുമായുള്ള ചർച്ചകൾക്കു തിരിച്ചടിയാകും. അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള സംവാദങ്ങളും പ്രതിസന്ധിയിലാകും. താലിബാൻ ഭരണകൂടവുമായി ചൈന നല്ല ബന്ധത്തിലാണ്. ആ രീതിൽ നോക്കുമ്പോൾ നാലുപാടു നിന്നും ഇന്ത്യ ഭീഷണി നേരിടുകയാണ്.

ആണവായുധങ്ങൾക്കായി പരക്കം പാച്ചിൽ

യൂറോപ്പിൽ ഭീതി അങ്ങനെ അരിച്ചിറങ്ങുകയാണ്. റഷ്യയുടെ ഏകാധിപത്യത്തിനു കീഴിൽ വീണ്ടും ഞെരിഞ്ഞമരേണ്ടി വരുമോ എന്ന ഭയത്തിലാണ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ ആയിരുന്ന, എസ്റ്റോണിയ, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങൾ. സാംസ്‌കാരികമോ ഭാഷാപരമോ ആയി റഷ്യയുമായി ഒരു ബന്ധവുമില്ലാത്ത ഈ നാടുകളെ രണ്ടാം ലോക മഹായുദ്ധത്തിനു പിന്നാലെ ജോസഫ് സ്റ്റാലിൻ സോവിയറ്റ് യൂണിയനോട് ബലമായി കൂട്ടിച്ചേർക്കുകയായിരുന്നു. അതിനു മുൻപും 200 വർഷത്തോളം റഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇവ. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു പിന്നാലെയാണ് ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിച്ചത്.

സോവിയറ്റ് നുകത്തിൽ നിന്ന് മോചനം നേടിയതിനു പിന്നാലെ ഈ രാജ്യങ്ങൾ 'നാറ്റോ'യിൽ അംഗങ്ങളായി. പുടിന്റെ നീക്കം ഇപ്പോൾ തടഞ്ഞില്ലെങ്കിൽ യുക്രെയ്നു പിന്നാലെ ബാൾട്ടിക് രാജ്യങ്ങളിലേക്കും റഷ്യ കടന്നുകയറും എന്നാണ് ഈ രാജ്യങ്ങൾ കരുതുന്നത്. സ്വന്തം ചരിത്രമില്ലാത്ത, കൃത്രിമമായി സൃഷ്ടിച്ച രാജ്യമാണ് യുക്രെയ്ൻ എന്ന പുടിന്റെ പ്രസ്താവന തങ്ങൾക്കു കൂടിയുള്ള മുന്നറിയിപ്പായാണ് ഈ രാജ്യങ്ങൾ കാണുന്നത്.

യൂറോപ്പിൽ നിലവിലുള്ള അമേരിക്കൻ സൈന്യത്തിലെ ഒരു വിഭാഗം ബാൾട്ടിക് രാജ്യങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി എത്തുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം സന്തോഷത്തോടെയാണ് ഈ രാജ്യത്തെ ജനങ്ങൾ സ്വാഗതം ചെയ്തത്. പക്ഷേ അപ്പോഴും ഭീതി മാറിയിട്ടില്ല. ഇപ്പോൾ യുക്രൈൻ ആരും സഹായിക്കാനില്ലാതെ കേഴുന്നത് അവർ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന്തമായി കൂടുതൽ ആയുധങ്ങൾ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ രാജ്യങ്ങളും.

ലോകത്ത് സമാധാനം കൊണ്ടുവന്നത് ആണവായുധങ്ങൾ ആണെന്നുള്ള തിയറി യുക്രൈൻ യുദ്ധത്തിലുടെ ഒരിക്കൽ കൂടി ശരിയെന്ന് തെളിയുകയാണ്. ഈ യുദ്ധം ഒഴിവാവാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ, യുക്രൈൻ ഒരു ആണവശക്തിയായിരുന്നെങ്കിൽ റഷ്യയുടെ സമീപനം ഈ രീതയിൽ ആവുമായിരുന്നോ. ഇപ്പോൾ യൂക്രൈനിൽ ഉയരുന്ന രോഷവും ആ നിലക്കാണ്. ''നമ്മൾ വെറുതെ മറ്റ് രാജ്യങ്ങൾ സഹായിക്കുമെന്ന് കരുതി. ആ സമയത്ത് ആണവായുധ സാങ്കേതിക വിദ്യ കരസ്ഥമാക്കിയിരുന്നെങ്കിൽ നമുക്ക് ഈ ഗതി വരുമായിരുന്നില്ല.''- കീവിലെ അദ്ധ്യാപകനും എഴുത്തുകാരനുമായ നിവിൻ പൊളൻസ്‌കിയുടെ പ്രതികരണം, ഡെയിലിമെയിൽ പോലുള്ള ബ്രിട്ടീഷ് പത്രങ്ങൾ പോലും തലക്കെട്ട് ആക്കുകയാണ്.

ഈ ഭീതി ലോകത്ത് ആണുവായുധ മത്സരത്തിനും ആണവ കരിഞ്ചന്തക്കും വഴിവെച്ചേക്കും. നിലവിൽ റഷ്യയും, ചൈനയും തന്നെയാണ് ശതകോടികളുടെ ആണവ കരിഞ്ചന്തയിലും ഇടപെടുന്നത്. ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളുടെയും സൈനിക ബജറ്റും, ആയുധ ബജറ്റും ഇത് ഉയർത്തും. ഫലത്തിൽ വികസനത്തിന് പോവേണ്ട പണം വീണ്ടും വീണ്ടും ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതിലേക്ക് പോകും. കുഞ്ഞൻ രാഷ്ട്രമായ ്ഉത്തര കൊറിയയെ ഏവരും ഭയക്കുന്നത് നോക്കുക.

ലോകത്തെ 31 തവണ മൊത്തം നശിപ്പിക്കാനുള്ള ആണവായുധങ്ങൾ ഇന്ന് വിവിധ രാജ്യങ്ങളുടെ കൈയിലുണ്ടെന്നാണ് അറിയുന്നത്്. ഇനി അതിന്റെ പക്കലേക്ക് എത്ര മടങ്ങ് ആയുധങ്ങൾ കൂടി ഉണ്ടാക്കും. ലോകത്തിലെ സകല യുദ്ധവിരുദ്ധ പോരാട്ടങ്ങൾക്കും നേരയുള്ള മുഖമടച്ചുള്ള പ്രഹരം കൂടിയായിപ്പോയി പുടിന്റെ ഭ്രാന്ത്.

വാൽക്കഷ്ണം: ഒരു കാലത്ത് കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് സകല വിഷയങ്ങളിലും പ്രതി, അമേരിക്കയായിരുന്നു. ലോകത്തെ അമേരിക്കൻ ഇടപെടലുകളെക്കുറിച്ച് തിസീസുകൾ എഴുതി ഡോക്ടറേറ്റ് നേടിയവർ പോലും നമ്മുടെ നാട്ടിലുണ്ട്. പക്ഷേ ഇപ്പോൾ കുറ്റം മുഴുവൻ യുഎസ് ഇടപെടാത്തതിനാണ്. താലിബാൻ തിരിച്ചുവന്നതിലും, യുക്രൈൻ ആക്രമണത്തിലുമെല്ലാം ഇപ്പോൾ കുറ്റം അമേരിക്ക ഇടപെട്ടില്ല എന്നതാണ്. ചരിത്രത്തിന്റെ കാവ്യനീതി നോക്കണേ!