- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണം കഴിഞ്ഞയുടൻ യു എ ഇ കപ്പലിൽ ജോലിക്ക് കയറിയ അഖിൽ രഘുവിനെ ഹൂതി തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി തടവിൽ വച്ചു; ഭാര്യ ജിതിന യുക്രെയിനിലെ യുദ്ധഭൂമിയിൽ കുടുങ്ങി; ബന്ദിയാക്കപ്പെട്ട ദമ്പതികളെ കുറിച്ച് ബി ബി സി റിപ്പോർട്ട്
ലണ്ടൻ: രണ്ട് വ്യത്യസ്ത അന്താരാഷ്ട്ര പ്രശ്നങ്ങളിൽ കുടുങ്ങി ദുരിതമനുഭവിക്കേണ്ടി വന്ന മലയാളി ദമ്പതിമാരുടെ കഥ ബി ബി സിയും അതീവ പ്രാധാന്യത്തോടെ വാർത്തയാക്കുന്നു. കഴിഞ്ഞ നാല് മാസമായി അനുഭവിച്ച ദുരിതങ്ങൾക്കൊടുവിൽ അവർ വീണ്ടും ഒത്തു ചേർന്ന സുന്ദര മുഹൂർത്തങ്ങളാണ് ബി ബി സി വാർത്തയാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ ചെങ്കടലിൽ നിന്നും ഹൂതി ഭീകരർ തട്ടിക്കൊണ്ടുപോയ ചരക്കു കപ്പലിലെ ഏഴ് ഇന്ത്യൻ ജീവനക്കാരിൽ ഒരാളായിരുന്നു അഖിൽ രഘു എന്ന 26 കാരൻ. അന്ന് യുക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസം നടത്തുകയായിരുന്ന ഭാര്യ ജിതിന, തന്റെ ഭർത്താവിനെ സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കുവാൻ ഇന്ത്യൻ സർക്കാരിലെ വിവിധ ഏജൻസികളുമായും പ്രമുഖരുമായുംഈ മെയിലിലൂടെ നിതാന്ത സമ്പർക്കത്തിലായിരുന്നു.
എന്നാൽ, ഫെബ്രുവരി 24 ന് റഷ്യ യുക്രെയിൻ ആക്രമിച്ചതൊടെ ജിതിന മറ്റൊരു പ്രശ്നത്തിൽ അകപ്പെടുകയായിരുന്നു. യുദ്ധം നടക്കുന്ന രാജ്യത്തുനിന്നും സുരക്ഷിതമായി രക്ഷപ്പെടണം എന്നതായിരുന്നു ജിതിനയ്ക്ക് മുൻപിൽ അപ്പോഴുണ്ടായിരുന്നത്. അതൊടൊപ്പം ഭർത്താവിന്റെ മോചനത്തിനുള്ള ശ്രമങ്ങളും തുടർന്നു. 112 ദിവസം യമനിൽ തടവിൽ കഴിഞ്ഞതിനു ശേഷം കഴിഞ്ഞയാഴ്‌ച്ച അഖിൽ രഘുവിനെയും സഹപ്രവർത്തകരേയും വിട്ടയച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു അഖിൽ രഘുവും ജിതിനയുമായുള്ള വിവാഹം നടന്നത്. ഒരു മാസത്തിനകം അഖിൽ യു എ ഇയുടെ ചരക്കുകപ്പലിൽ ഡേക്ക് കേഡറ്റായി കയറി. അതേസമയം കീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ആറാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന ജിതിന തന്റെ പഠനം തുടരാൻ യുക്രെയിനിലേക്കും തിരിച്ചു. 2022 ജനുവരി 2നാണ് ഏകദേശം നാല്പതോളം വരുന്ന ഹൂതി തീവ്രവാദികൾ അഖിൽ ജോലി ചെയ്തിരുന്ന കപ്പൽ പിടിച്ചെടുത്തത്.
സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാരിനെതിരെ പോരാടുന്ന ഹൂതികൾ, സൗദി അറേബ്യയിലേക്കുള്ള ആയുധങ്ങളാണ് കപ്പലിൽ എന്ന നിഗമനത്തിലായിരുന്നു അത് പിടിച്ചെടുത്തത്. തടവിലാക്കിയവരെ യമൻ തലസ്ഥാനമായ സനയിലെ ഒരു ഹോട്ടലിൽ പാർപ്പിച്ച തീവ്രവാദികൾ ഓരോ 15 ദിവസം കൂടുമ്പോഴും കപ്പലിലേക്ക് മാറ്റുമായിരുന്നു എന്ന് അഖിലിനോടൊപ്പം തടവിലാക്കപ്പെട്ട മറ്റൊരു ജീവനക്കാരനായ സജീവൻ പറഞ്ഞു. പിന്നെ 15 ദിവസത്തിനകം തിരികെ ഹോട്ടലിലേക്കും. ആവശ്യത്തിനുള്ള ഭക്ഷണവും മറ്റും അവർ തന്നിരുന്നു എന്നും സജീവൻ ബി ബി സിയോട് പറഞ്ഞു.
ആദ്യ രണ്ടു മാസം, തടവിലാക്കപ്പെട്ടവർക്ക് അവരുടെ കുടുംബവുമായി 25 ദിവസത്തിൽ ഒരിക്കൽ സംസാരിക്കാൻ തീവ്രവാദികൾ അനുവദിച്ചിരുന്നു. പിന്നീട് രണ്ടാഴ്‌ച്ചയിൽ ഒരിക്കൽ സംസാരിക്കുവാനുള്ള അനുമതി നൽകി. ആദ്യം അല്പം പരുക്കൻ സ്വഭാവം പ്രകടിപ്പിച്ചെങ്കിലും, തടവിലാക്കപ്പെട്ടവർക്കോ കപ്പലിനോ സൗദി അറേബ്യയുമായി ബന്ധമില്ലെന്ന് അറിഞ്ഞതൊടെ അവർ ശാന്തരായി പെരുമാറാൻ തുടങ്ങി എന്നും സജീവൻ പറഞ്ഞു.
ദിവസങ്ങളോളം തന്റെ ഫോൺ ഭർത്താവ് എടുക്കാതായപ്പോഴാണ് ജിതിന അതേ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായസഹോദരനുമായി ബന്ധപ്പെടുന്നതും കപ്പൽ തട്ടിക്കൊണ്ടു പോയ കാര്യം അറിയുന്നതും. ഉടൻ തന്നെ ജിതിന ഭർത്താവിന്റെ മോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനിടയിലായിരുന്നു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. തന്റെ സുഹൃത്തുക്കൾക്കൊപ്പം ജിതിനയ്ക്കും ബങ്കറിൽ അഭയം പ്രാപിക്കേണ്ടി വന്നു. ഇതേസമയം, യമനിലെ തടവിലിരുന്ന് യുക്രെയിൻ യുദ്ധ വാർത്തകൾ അറിഞ്ഞ് അഖിൽ ആശങ്കപ്പെടുകയായിരുന്നു.
ഏതാണ്ട് രണ്ടാഴ്‌ച്ച നീണ്ട ദുരിതത്തിനൊടുവിൽ വിജിതയ്ക്ക് നാട്ടിൽ തിരിച്ചെത്താനായി. അവർ ഭർത്താവിനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയും ചെയ്തു. വിശുദ്ധ റമദാൻ മാസം വന്നതോടെ സൗദി സഖ്യവും ഹൂദികളും രണ്ടു മാസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചു. ഈ അവസരം മുതലെടുത്ത് ഒമാന്റെയും മറ്റ് ചില രാജ്യങ്ങളുടെയും സഹായത്തൊടെ ഇന്ത്യൻ സർക്കാർ തടവിലാക്കപ്പെട്ടവരുടെ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്