കൊച്ചി: കോവിഡു കാലത്ത് ചൈനയിലെ എംബിബിഎസ് പഠനം മലയാളികൾക്ക് വലിയ തിരിച്ചടിയായിരുന്നു. കോവിഡ് കാരണം പഠനം ഓൺലൈനിലാക്കി. ഓൺലൈൻ പഠനത്തെ ഇന്ത്യ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇതിനിടെയാണ് യുക്രെയിനിലെ യുദ്ധവും മലയാളിയുടെ എംബിബിഎസ് മോഹത്തിന് തിരിച്ചടിയാകുന്നത്. ചൈനയിലേതിനേക്കാൾ പതിന്മടങ്ങ് കുടൂതൽ കുട്ടികൾ യുക്രെയിനിൽ മെഡിസിൻ പഠനം നടത്തുന്നുണ്ട്.

ഒട്ടേറെ മലയാളികളാണ് ഓരോ വർഷവും യുക്രൈനിലേക്ക് മെഡിസിൻ പഠനത്തിന് പോകുന്നത്. ഇന്ത്യയിൽ പരമാവധി 65,000 എം.ബി.ബി.എസ്. സീറ്റുകളാണുള്ളത്. താമസ-ഭക്ഷണച്ചെലവ് കാര്യമായി വരുമെങ്കിലും പഠനത്തിന് ഫീസ് ഇന്ത്യയിലെ സ്വാശ്രയമേഖലയെ അപേക്ഷിച്ച് കുറവാണ്. കേരളത്തിൽ സ്വാശ്രയമേഖലയിൽ ആറുലക്ഷംമുതൽ 25 ലക്ഷംവരെയാണ് ഒരുവർഷം സ്വാശ്രയ കോഴ്‌സിലെ ഫീസ്. യുക്രൈനിൽ നാലുലക്ഷം രൂപവരെയാണ് വാർഷിക ഫീസ്. അതുകൊണ്ട് തന്നെ ആഗ്രഹമുള്ള പലരും പഠനത്തിന് യുക്രെയിനിലേക്ക് പോകുന്നു.

ഭക്ഷണത്തിനും ഇൻഷുറൻസിനും താമസത്തിനും ചെലവുണ്ടെങ്കിലും കേരളത്തേക്കാൾ കുറച്ചു പണം മുടക്കിയാൽ യുക്രെയിനിൽ പോയി ഡോക്ടറാകാം. മിക്ക രാജ്യങ്ങളും ഈ കോഴ്‌സുകളെ അംഗീകരിക്കുകയും ചെയ്യുന്നു. ഹോസ്റ്റൽ വാടക അടക്കം ആറുലക്ഷം രൂപയുണ്ടെങ്കിൽ യുക്രെയിനിൽ മെഡിസിൻ പഠനം സാധ്യമാണെന്നതാണ് വസ്തുത. ആറു കൊല്ലത്തെ കോഴ്‌സിന് അരക്കോടിക്ക് മുകളിൽ ചെലവ് വരില്ല. കേരളത്തിൽ സ്വാശ്രയ സ്ഥാപനങ്ങളിൽ അഡ്‌മിഷൻ കിട്ടാൻ പോലും മാനേജ്‌മെന്റിന് 50 ലക്ഷം വെറുതെ കൊടുക്കേണ്ട സാഹചര്യം ഉണ്ട്. ഈ ഫീസും യുക്രെയിനിൽ കൊടുക്കേണ്ടതില്ല.

മുഴുവൻ കോഴ്‌സിനുമുള്ള ഫീസ് സഹിതം പാക്കേജ് നൽകുന്ന ഏജൻസികളുണ്ട്. അവർ പ്രവേശനം, താമസം, ഭക്ഷണം, ഇൻഷുറൻസ്, മറ്റ് സൗകര്യങ്ങൾ എല്ലാം നോക്കിനടത്തും. ഫീസ് കുറവാണ്. ആറുവർഷംകൊണ്ട് സിലബസ് പൂർത്തിയാക്കുന്നതിനാൽ പഠനസമയം കിട്ടുന്നു. ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷ എഴുതണമെന്ന് മാത്രം. യുക്രൈനിലെ കോഴ്‌സുകൾക്ക് ആഗോള അംഗീകാരവുമുണ്ട്. ഇന്ത്യയിൽ അവസരം കിട്ടാത്തവർ വിദേശത്ത് ജോലിക്ക് പോകുന്നു. യൂറോപ്യൻ യൂണിയനിൽ അടക്കം മികച്ച ശമ്പളത്തോടെ ജോലി കിട്ടും. അതുകൊണ്ടാണ് മലയാളികൾ ഡോക്ടറാകാൻ യുക്രെയിനിലേക്ക് പോകുന്നത്.

യുദ്ധം ഇങ്ങനെ പഠിക്കാൻ പോയവരെ പ്രതിസന്ധിയിലാക്കുന്നു. പലരും ലോണും മറ്റും എടുത്താണ് കോഴ്‌സിന് ചേർന്നത്. യുദ്ധം തുടർന്നാൽ പഠനം അസാധ്യമാകും. യുദ്ധം കാരണം ആറുവർഷം പണംമുടക്കി പഠിക്കാൻ വന്നിട്ട് ഇടയ്ക്കുവെച്ച് മടങ്ങുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. അവസാന വർഷക്കാർക്ക് പ്രത്യേകിച്ച് ആശങ്കകൾ ഒട്ടേറെയുണ്ട്. യുദ്ധവും അതുണ്ടാക്കിയ പ്രതിസന്ധിയും എന്നുതീരുമെന്ന് അറിയില്ല. യുക്രൈൻ തുടർന്നും ഈരീതിയിൽ തന്നെയായിരിക്കുമോയെന്ന് നിശ്ചയമില്ല. റഷ്യൻ പിന്തുണയുള്ള ഭരണം ഇവിടെ എത്തിയാൽ എല്ലാം മാറി മറിയും.

യുദ്ധത്തിൽ വലയുകയാണ് മലയാളികൾ. പല വിദ്യാർത്ഥികളും കുടുങ്ങി കിടക്കുന്നു. 25മുതലുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് വിമാനം കിട്ടിയില്ല. അപ്പോഴേക്കും വിമാനത്താവളം അടച്ചെന്ന് സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി പുതുപ്പള്ളി സ്വദേശി അരവിന്ദ് പറയുന്നു. ഇപ്പോൾ താമസിക്കുന്നയിടം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

എൻട്രൻസ് ഇല്ല, മാർക്കിൽ പ്രവേശനം

യുക്രെയിനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 18,095 ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. 2020ൽ യുക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ 24 ശതമാനവും ഇന്ത്യക്കാരായിരുന്നു. യുക്രെയിനിലെ മുന്തിയ സർവകലാശാലയിൽ പോലും ഇന്ത്യയെ അപേക്ഷിച്ച് ചുരുങ്ങിയത് 17 ലക്ഷം മുതൽ 20 ലക്ഷം വരെയെങ്കിലും മെഡിക്കൽ ഫീസ് കുറവാണ്. ഇവിടത്തെക്കാളും സൗകര്യങ്ങളും അധികമുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. പോരാത്തതിന് പഠനത്തിനായി ഉപയോഗിക്കുന്ന ഭാഷ ഇംഗ്‌ളീഷ് ആണെന്നതും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗകര്യമാണ്.

എൻട്രൻസ് പരീക്ഷ എഴുതേണ്ട ആവശ്യമില്ലെന്നതാണ് യുക്രെയിനിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിനുള്ള മറ്റൊരു സവിശേഷത. നാട്ടിലെ കോളേജുകളിൽ ഡിഗ്രി കോഴ്‌സുകൾക്ക് ചേരുന്നത് പോലെ മാർക്ക് അനുസരിച്ച് മെഡിക്കൽ കോഴ്‌സിനും ചേരാൻ സാധിക്കും. വിദേശ സർവകലാശാലകളിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്തവർ ഇന്ത്യയിൽ എത്തിയാൽ നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്‌സാം പാസാകേണ്ടതുണ്ട്. ഈ പരീക്ഷ പാസായാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിന് ഇവർക്ക് ലൈസൻസ് ലഭിക്കും.പ്രതിവർഷം 4000ഓളം പരീക്ഷാർത്ഥികളാണ് ഈ പരീക്ഷ എഴുതുന്നതിന് ഹാജരാകുന്നത്.

എന്നാൽ ഇവരിൽ വെറും 700 പേരൊക്കെയാണ് പരമാവധി പരീക്ഷ ജയിച്ച് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് കരസ്ഥമാക്കുന്നത്. ബാക്കിയുള്ളവർ വിദേശത്ത് ജോലിക്ക് പോകും.