- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെലൻസ്‌കിയെ വധിക്കാൻ മൂന്ന് തവണ ശ്രമം; വാഗ്നർ സംഘവും, ചെചൻ വിമതരും നിയോഗിക്കപ്പെട്ടു; മുന്നറിയിപ്പ് നൽകിയത് റഷ്യയുടെ ദേശീയ സുരക്ഷാ സേന; രഹസ്യം ചോർത്തിയത് എഫ്‌സിബി യുദ്ധവിരുദ്ധ ഘടകമെന്ന് 'ദി ടൈംസ്'
കീവ്: യുക്രൈനിൽ റഷ്യ സൈനിക നടപടി ആരംഭിച്ച് ഒരാഴ്ചയ്ക്കിടെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിക്കു നേരെ മൂന്നു തവണ വധശ്രമം ഉണ്ടായെന്ന് റിപ്പോർട്ട്. യുക്രൈൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് റഷ്യയുടെ ദേശീയ സുരക്ഷാ സേനയിലെ ഒരു വിഭാഗത്തിൽ നിന്നും വിവരം ചോർന്ന് ലഭിച്ചതോടെയാണ് ഇത് പരാജയപ്പെട്ടതെന്ന് യുകെ മാധ്യമമായ 'ദി ടൈംസ്' റിപ്പോർട്ടു ചെയ്തു. വാഗ്നർ സംഘം, ചെചൻ വിമതർ എന്നിങ്ങനെ രണ്ടു വ്യത്യസ്ത വിഭാഗങ്ങളെയാണ് യുക്രൈൻ പ്രസിഡന്റിനെ വകവരുത്തുന്നതിനായി നിയോഗിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രത്യേക ചെച്‌നിയൻ സഖ്യത്തെ യുക്രൈൻ പ്രസിഡന്റിനെ വധിക്കാനായി അയച്ചിട്ടുണ്ടെന്ന് റഷ്യയുടെ ദേശീയ സുരക്ഷാ സേന(എഫ്‌സിബി) തന്നെ മുന്നറിയിപ്പു നൽകിയെന്ന് യുക്രൈൻ ദേശീയ സുരക്ഷാ കൗൺസിൽ ഒലെസ്‌കി ഡാനിലോവിനെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. യുക്രൈൻ തലസ്ഥാനമായ കീവിന്റെ അതിർത്തിയിൽ വച്ച് ഈ സേനയെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനെതിരെ ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ പങ്കാളികളാകാൻ താൽപര്യമില്ലാത്തതിനാലാണ് എഫ്‌സിബി ഈ വിവരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എഫ്‌സിബിക്കകത്തെ യുദ്ധവിരുദ്ധ ഘടകങ്ങളിൽ നിന്നാണ് രഹസ്യവിവരം ചോർന്നതെന്നാണ് ടൈംസ് റിപ്പോർട്ടു ചെയ്തത്.
യുദ്ധം ആരംഭിച്ച സമയത്ത് യുക്രൈനിൽ നിന്ന് രക്ഷപ്പെടാൻ യു എസ് വഴിയൊരുക്കിയിരുന്നെന്നും എന്നാൽ ആ വാഗ്ദാനം സെലെൻസ്‌കി നിഷേധിച്ചെന്നുമാണ് വിവരം. തന്റെ സുരക്ഷാ സംഘത്തിനും അടുത്ത സഹായികൾക്കുമൊപ്പം കീവിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സെലെൻസ്‌കിയുടെ ഈ തീരുമാനത്തെ ധീരമെന്ന് വിശേഷിപ്പിച്ച് പല രാജ്യങ്ങളും പ്രകീർത്തിച്ചിരുന്നു.
യുക്രൈനിയൻ രക്ഷാ സേനയുടെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലുകൾ മൂലമാണ് സെലൻസ്‌കിയെ വധിക്കാനുള്ള ശ്രമം പാളിയതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തത്. റഷ്യയിലെ പ്രൈവറ്റ് മിലിറ്റന്റ് ഗ്രൂപ്പായി അറിയപ്പെടുന്ന ദി വാഗ്‌നർ ഗ്രൂപ്പ്, ചെച്ചാൻ റിബൽസ് എന്നീ രണ്ട് ഗ്രൂപ്പുകളാണ് സെലൻസ്‌കിയെ വധിക്കാനായെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റഷ്യ നൽകിയ മുന്നറിയിപ്പ് പ്രകാരം സെലൻസ്‌കിയെ വധിക്കാനെത്തിയ ചെച്ചാൻ റിബൽസിലെ എലീറ്റ് ഗ്രൂപ്പിനെ 'തീർത്തു' എന്നാണ് യുക്രൈൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറിയായ ഒലെക്സി ഡാനിലോവ് പറഞ്ഞത്.
യുക്രൈൻ തലസ്ഥാനത്തുവെച്ച് കഴിഞ്ഞ ശനിയാഴ്ച ചെച്ചാൻ ഗ്രൂപ്പിനെ വധിച്ചുവെന്നും, എഫ്.എസ്.ബിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയതെന്നും ഡാനിലോവ് പറയുന്നു.
എന്നാൽ തങ്ങളുടെ ആക്രമണത്തെ കുറിച്ച് യുക്രൈന് മുന്നറിയിപ്പ് ലഭിച്ചതായി വാഗ്‌നർ ഗ്രൂപ്പിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതു സംബന്ധിച്ച് വാഗ്‌നർ ഗ്രൂപ്പിന് എവിടെ നിന്നുമാണ് വിവരം ലഭിച്ചതെന്നത് ഇപ്പോഴും അജ്ഞാതമാണെന്ന് സെലൻസ്‌കിയുടെ സുരക്ഷാ ഉഗ്യോഗസ്ഥർ പറഞ്ഞതായും ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, റഷ്യൻ ഷെല്ലാക്രമണത്തിന് പിന്നാലെ യുക്രൈനിലെ ആണവനിലയത്തിന് തീപ്പിടിത്തമുണ്ടായതായി യുക്രൈൻ വക്താവ് ആന്ദ്രേ തുസ് പറഞ്ഞിരുന്നു.
റഷ്യ എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും, വെടിനിർത്തലിലേക്കുള്ള ഒരു നീക്കവും കാണുന്നില്ലെന്നും സെലൻസ്‌കി പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളോട് സൈനിക സഹായം വർധിപ്പിക്കണമെന്നും വിമാനങ്ങൾ നൽകണമെന്നും സെലൻസ്‌കി അഭ്യർത്ഥിച്ചു.
ആക്രമണത്തിൽ പ്ലാന്റിന്റെ പവർ യൂണിറ്റ് തകർന്നിട്ടുണ്ട്. അപകടസ്ഥിതി കണക്കിലെടുത്ത് യുദ്ധം ഉടൻ നിർത്തണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആവശ്യപ്പെട്ടു.
'യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിഷ്യക്ക് നേരെ റഷ്യൻ സൈന്യം എല്ലാ ഭാഗത്തുനിന്നും വെടിയുതിർത്തു. ഇതിനകം തന്നെ അഗ്നിബാധ തുടങ്ങിയിട്ടുണ്ട്,' പ്ലാന്റ് പൊട്ടിത്തെറിച്ചാൽ ഉണ്ടാവാൻ സാധ്യതയുള്ള ആണവ ദുരന്തത്തെ പറ്റി മുന്നറിയിപ്പ് നൽകി അദ്ദേഹം ട്വീറ്റ് ചെയ്തു. അഗ്നിശമനസേനയെ റഷ്യ ഇവിടെ അനുവദിക്കണമെന്നും സുരക്ഷ മേഖല സൃഷ്ടിക്കണമെന്നും ദിമിട്രോ കുലേബ കൂട്ടിച്ചേർത്തു.
തെക്കൻ യുക്രൈനിലെ എനെർഹോദറിൽ റഷ്യൻ സൈന്യം പ്രവേശിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
എനെർഹോദറിലെ സൈനിക നടപടികൾ ഉടനടി നിർത്തണമെന്നും അവിടെ പ്രവർത്തിക്കുന്ന സൈനിക സേനയോട് ആണവ നിലയത്തിന് സമീപമുള്ള അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നനും ഐ.എ.ഇ.എ ഡയറക്ടർ റാഫേൽ മരിയാനോ ഗ്രോസി ആവശ്യപ്പെട്ടിരുന്നതായി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.




