കീവ്: യുക്രൈനിൽ നിന്നും ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷപെടുത്താനുള്ള ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ ആഗോള തലത്തിൽ വലിയ ചർച്ചയായിട്ടുണ്ടു. ഇന്ത്യൻ സർക്കാർ പൗരന്മാരെ രക്ഷിക്കാനായി നടത്തുന്ന ഇടപെടൽ കണ്ടു പഠിക്കണമെന്ന് പറയുന്നത് പാക്കിസ്ഥാനി വിദ്യാർത്ഥികളാണ്. കാരണം ഇന്ത്യൻ എംബസിയുടെ ഇടപെടലിന്റെ ഗുണം അനുഭവിച്ചവരാണ് പാക്കിസ്ഥാനി വിദ്യാർത്ഥികളും. ഇന്ത്യൻ പതാകയുമായി അതിർത്തി കടന്ന് രക്ഷപെട്ടവരാണ് ഒരി വിഭാഗം പാക് വിദ്യാർത്ഥികൾ എങ്കിൽ മറ്റൊരിടത്ത് പാക് വിദ്യാർത്ഥികളെ രക്ഷിക്കാൻ ഇന്ത്യൻ എംബസി നേരിട്ടു ഇടപെടുകയും ചെയത്ു.

യുക്രൈനിലെ യുദ്ധ മുഖത്തുനിന്ന് തന്നെ രക്ഷിച്ചതിന് ഇന്ത്യക്ക് നന്ദിപറഞ്ഞ് പാക്കിസ്ഥാനി വിദ്യാർത്ഥിനി രംഗത്തുവന്നത് സൈബർ ഇടത്തിൽ വൈറലാണ്. പാക്കിസ്ഥാൻ സ്വദേശിനിയായ അസ്മ ഷഫീഖാണ് തന്റെ ജീവൻ രക്ഷിച്ച ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞത്. 'ഇത്തരമൊരു സാഹചര്യത്തിലും ഞങ്ങളെ രക്ഷപ്പെടുത്താൻ തയ്യാറായ കീവിലെ ഇന്ത്യൻ എംബസിക്ക് നന്ദി', അസ്മ ഷഫീഖ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസ്മ നന്ദി പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു.

രൂക്ഷമായ റഷ്യൻ ആക്രമണത്തിനിടയിൽ യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്ന അസ്മയെ ഇന്ത്യൻ എംബസിയാണ് രക്ഷപ്പെടാൻ സഹായിച്ചത്. പടിഞ്ഞാറൻ യുക്രൈനിൽ നിന്ന് പാക്കിസ്ഥാനിലെ വീട്ടിലേക്കുള്ള യാത്രയിലാണ് അസ്മ ഇപ്പോൾ. അതേസമയം തന്നെ ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിനൊപ്പം രക്ഷപെട്ട കഥ പറഞ്ഞ് മിഷ അർഷാദ് എന്ന മറ്റൊരു വിദ്യാർത്ഥിനിയും രംഗത്തുവന്നത്. യുക്രൈനിലെ നാഷണൽ എയറോസ്പേസ് സർവകലാശാലാ വിദ്യാർത്ഥിനിയായ മിഷ അർഷാദാണ് ഇന്ത്യൻ ഇടപെടലിന് നന്ദി പറഞ്ഞത്.

റഷ്യയുടെ സൈനിക അധിനിവേശത്തെത്തുടർന്ന് ദുരിതത്തിലായ തങ്ങളെ ഒഴിപ്പിക്കാൻ പാക്കിസ്ഥാൻ ഭരണകൂടം ഒന്നും ചെയ്തില്ലെന്നും മിഷ വിമർശിക്കുന്നു. പാക് എംബസിക്കെതിരേ അതിരൂക്ഷ വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. റഷ്യ യുക്രൈനെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെക്കുടുങ്ങിയ പാക് വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ എംബസി അധികൃതർ ഒന്നും ചെയ്തില്ലെന്ന് മിഷ പാക്കിസ്ഥാനി ദിനപത്രം ഡോണിനോടു പറഞ്ഞു.

ഞങ്ങൾ പാക്കിസ്ഥാന്റെ ഭാവിയാണെന്നും ദുഷ്‌കരമായ ഈ സമയത്ത് അവർ ഞങ്ങളോട് പെരുമാറിയത് ഇങ്ങനെയാണെന്നും' അവർ പറഞ്ഞു. റഷ്യയുടെ സൈനിക അധിനിവേശം ആരംഭിച്ചപ്പോൾ യൂനിവേഴ്‌സിറ്റി അധികൃതർ അപ്പാർട്ടുമെന്റുകളിൽ താമസിച്ചിരുന്ന വിദ്യാർത്ഥികളെ ഹോസ്റ്റൽ ബേസ്മെന്റുകളിലേക്ക് മാറ്റിയെന്ന് യുക്രെയ്നിലെ തന്റെ അനുഭവം വിവരിച്ചുകൊണ്ട് അവർ ഡോണിനോട് പറഞ്ഞു. യുക്രൈനിൽനിന്നുള്ളവരെ കൂടാതെ നൈജീരിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള 120ഓളം വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. രാവും പകലും വ്യോമാക്രമണം നടന്നിരുന്നതിനാൽ, അവിടെനിന്ന് പുറത്തേക്ക് ഇറങ്ങാനോ മറ്റെവിടേക്ക് എങ്കിലും പോകാനോ സാധിക്കുമായിരുന്നില്ല- മിഷ കൂട്ടിച്ചേർത്തു.

പിന്നീട് യുദ്ധഭൂമിയിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യൻ എംബസിയാണ് സഹായിച്ചതെന്നും മിഷ പറയുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസിൽ കയറാൻ ഇന്ത്യൻ എംബസി അധികൃതർ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറൻ യുക്രൈനിലെ ടെർണോപിൽ നഗരത്തിലെത്തിയതെന്നും മിഷ കൂട്ടിച്ചേർത്തു. ഇന്ത്യൻ വിദ്യാർത്ഥികളാൽ നിറഞ്ഞ ബസിലെ ഏക പാക്കിസ്ഥാനി താൻ ആയിരുന്നെന്നും മിഷ പറഞ്ഞു.

യുക്രെയ്നിലെ വിവിധ ചെക്ക്പോസ്റ്റുകൾ സുരക്ഷിതമായി കടക്കാൻ തങ്ങളെയും ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർത്ഥികളേയും സഹായിച്ചത് ഇന്ത്യയുടെ ത്രിവർണ്ണ പതാകയാണെന്ന് യുക്രെയ്നിൽ നിന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിലെത്തിയ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി യുക്രെയ്നിന്റെ അയൽരാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓപ്പറേഷൻ ഗംഗ എന്നപേരിൽ രാജ്യം പദ്ധതി ആവിഷ്‌കരിച്ചിരുന്നു.