കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തിനു യുക്രൈനിൽ അരങ്ങേറിയത് റഷ്യൻ സേനയുടെ സംഹാരതാണ്ഡവം. ആക്രമണം മണിക്കൂറുകൾക്കുള്ളിൽ മരണസംഖ്യ നൂറു പിന്നിട്ടതായാണ് റിപ്പോർട്ട്. അതേ സമയം യുക്രൈനെ പിന്തുണച്ച് സൈനിക നടപടിക്ക് നാറ്റോ തയ്യാറാകില്ല. അതേസമയം, അംഗ രാജ്യങ്ങൾ യുക്രൈനെ സഹായിക്കാനാണ് തീരുമാനം.

റഷ്യൻ പട്ടാളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടിയാണ് യുക്രെയ്നു നേരെ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വടക്ക് ബെലാറൂസിലൂടെയും തെക്ക് ക്രൈമിയയിലൂടെയുമാണ് റഷ്യൻ സൈനികവാഹനങ്ങൾ പാഞ്ഞെത്തിയതെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി. കിഴക്ക് കാർക്കീവ്, ലുഹാൻസ്‌ക് എന്നിവിടങ്ങളിലൂടെയും റഷ്യൻ സൈന്യം യുക്രെയ്നിലേക്കു പ്രവേശിച്ചു. സൈനിക വാഹനങ്ങൾ അതിർത്തി കടക്കും മുൻപ് അതിശക്തമായ വെടിവയ്പാണ് റഷ്യൻ സൈന്യം നടത്തിയത്.

യുക്രൈനിലെ വ്യോമത്താവളങ്ങളും പ്രതിരോധസംവിധാനങ്ങളും നിർവീര്യമാക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈനിലെ വ്യോമത്താവളങ്ങളിൽ ഏർപ്പെടുത്തിയ ആക്രമണപ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. യുദ്ധം പ്രഖ്യാപിച്ചു നടത്തിയ പ്രസ്താവനയിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പ്രതിരോധത്തിന് യുക്രൈൻ സൈന്യം മുതിരരുതെന്നും ആയുധം വച്ച് കീഴടങ്ങണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

പുടിന്റെ ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ യുക്രൈൻ തലസ്ഥാനമായി കീവിൽ റഷ്യ ആക്രമണം തുടങ്ങിയതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. യുക്രൈൻ തലസ്ഥാനമായ കീവിൽ തുടർസ്ഫോടനങ്ങൾ ഉണ്ടായി. അഞ്ചു റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാൻസ്‌കിൽ വെടിവച്ചിട്ടതായി യുക്രൈൻ സൈന്യവും അവകാശപ്പെട്ടു.

വിമതർക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ സൈനിക കമാൻഡ് അറിയിച്ചു. കിഴക്കൻ നഗരമായ കാർക്കീവിന് സമീപം നാല് റഷ്യൻ ടാങ്കുകളും തകർത്തു. മറ്റൊരു റഷ്യൻ വിമാനത്തെ ക്രാമാറ്റോർസ്‌കിൽ തകർത്തുവെന്നും സായുധ സേനയുടെ ജനറൽ സ്റ്റാഫ് ട്വീറ്റ് ചെയ്തു.

വിമതമേഖലയായ ലുഹാൻസ്‌കിൽ ഉൾപ്പെടെ ആറ് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു റഷ്യൻ ഹെലികോപ്റ്ററും വെടിവച്ച് വീഴ്‌ത്തിയെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചതായി വാർത്താ എജൻസി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളിൽ അതിഭീകരമായ തുടർ സ്‌ഫോടനങ്ങൾ നടന്നതോടെയാണ് യുക്രെയ്ൻ തിരിച്ചടിക്കാൻ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാൻ പോകുന്നില്ലെന്നും. യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിരവധി നഗരങ്ങളിൽ ആക്രമണം ഉണ്ടായതോടെ യുക്രെയ്‌നിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ലോകരാജ്യങ്ങൾ റഷ്യയെ തടയണമെന്നും യുക്രെയ്ൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. യുക്രെയ്ൻ സൈനിക സംവിധാനങ്ങൾക്കു നേരെയാണ് ആക്രമണമെന്നും നഗരങ്ങൾക്കുനേരെ മിസൈൽ ആക്രമണം നടത്തില്ലെന്നും റഷ്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു. യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണം അതിരൂക്ഷമായതിനു പിന്നാലെയാണ് വിശദീകരണം.

യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന യു.എൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്. യുക്രെയ്‌നിലെ സൈനികനടപടി അനിവാര്യമെന്ന് പറഞ്ഞ പുടിൻ നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.

ആക്രമണത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്തം യുക്രൈനും സഖ്യത്തിനുമെന്നുമാകുമെന്നും പുടിൻ യുദ്ധപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. ''നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്‌നിൽ സൈനിക നടപടി അനിവാര്യമാണ്. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കും.'' പുടിൻ മുന്നറിയിപ്പ് നൽകി.

യുക്രെയ്ൻ സൈനികകേന്ദ്രങ്ങളും വ്യോമപ്രതിരോധ സംവിധാനവും തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. റഷ്യൻ യൂണിറ്റുകളെ തടയാൻ യുക്രെയ്ൻ അതിർത്തി സേനകൾ ശ്രമിച്ചില്ലെന്നും റഷ്യ അവകാശപ്പെട്ടു.

യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെ നാറ്റോ അടിയന്തര യോഗം ചേർന്നിരുന്നു. 'ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്, യൂറോ-അറ്റ്ലാന്റിക് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്,' നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പ്രസ്താവനയിൽ പറഞ്ഞു.

നാറ്റോ സംഘടന എന്ന നിലയിൽ നിലവിൽ യുക്രൈന് ആയുധങ്ങൾ നൽകുന്നില്ല. പക്ഷേ ചില അംഗ രാജ്യങ്ങൾ നൽകുന്നുണ്ട്. യുക്രൈനെ പിന്തുണച്ച് സൈനിക നടപടിക്ക് നാറ്റോ തയ്യാറാകില്ല. അതേസമയം, അംഗ രാജ്യങ്ങൾ യുക്രൈനെ സഹായിക്കും.

ഈ ദുഷ്‌കരമായ സാഹചര്യത്തിൽ യുക്രൈൻ ജനതയ്ക്കൊപ്പമാണ് നാറ്റോ നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈനുമായി അതിർത്തി പങ്കിടുന്ന എസ്തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങൾ അടിയന്തര യോഗം ചേർന്നിട്ടുണ്ട്.

റഷ്യൻ കടന്നു കയറ്റം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഒരുമിച്ചു നിൽക്കുക എന്നതാണെന്ന് എസ്തോണിയൻ പ്രധാനമന്ത്രി കാജാ കല്ലാസ് ട്വിറ്ററിലൂടെ പറഞ്ഞു. റഷ്യയുടെ കടന്നു കയറ്റം നാറ്റോ സഖ്യരാജ്യങ്ങൾക്കും ലോകത്തിന് തന്നയും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക സമയം പുലർച്ചെ അഞ്ചുമണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ക്രിമിയ, ബെലാറസ് എന്നീ മേഖലകളിൽ നിന്നും കരിങ്കടൽ വഴിയും റഷ്യ യുക്രൈനെ ആക്രമിക്കുന്നു. യുക്രൈൻ തലസ്ഥാനമായ കീവിൽ ആറിടത്ത് സ്‌ഫോടനമുണ്ടായി. കാർഖിവിൽ മലയാളി വിദ്യാർത്ഥികൾ അടക്കം താമസിക്കുന്ന ഹോസ്റ്റലിന് സമീപവും റഷ്യൻ മിസൈലാക്രമണം ഉണ്ടായി.

വ്യോമാക്രമണത്തിൽ കാർഖിവിലെ അപ്പാർട്ട്‌മെന്റിന് നാശമുണ്ടായിട്ടുണ്ട്. ആളപായം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. കീവ് ബോറിസ്പിൽ, നിക്കോളേവ്, ക്രാമാറ്റോർസ്‌ക്, ഖെർസോൻ വിമാനത്താവളങ്ങൾ റഷ്യൻ ആക്രമണത്തിൽ തകർന്നു. കാർഖിവിലെ മിലിറ്ററി എയർപോർട്ടിനും മിസൈലാക്രമണത്തിൽ കനത്ത നാശം നേരിട്ടു. ഇവാനോ-ഫ്രാങ്കിവ്‌സ്‌ക് വിമാനത്താവളത്തിലും റഷ്യൻ മിസൈൽ പതിച്ചു.

യുക്രൈന്റെ കിഴക്കൻ മേഖലകളിലെ രണ്ടു പ്രദേശങ്ങൾ റഷ്യൻ സൈന്യം പിടിച്ചെടുത്തു. റഷ്യക്കൊപ്പം വിമതരും യുക്രൈൻ സൈന്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യുക്രൈനിലെ ലുഹാൻസ്‌ക് പട്ടണത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.

യുക്രൈനിയൻ പൗരന്മാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിയൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കി രംഗത്തെത്തിയിരുന്നു. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കി ആഞ്ഞടിച്ചു. ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരന്മാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. പുടിന്റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്‌കി ആവശ്യപ്പെടുന്നു.

പുലർച്ചെ അഞ്ചരയോടെ റഷ്യ സൈനികനീക്കം തുടങ്ങിയിരുന്നു. പുടിന്റെ പ്രഖ്യാപനത്തിന് മിനിറ്റുകൾക്കകം യുക്രൈൻ തലസ്ഥാനമായ കീവിൽ സ്‌ഫോടനങ്ങളുണ്ടായി. വ്യോമാക്രമണങ്ങളുമുണ്ടായി. വ്യോമ, പ്രതിരോധത്താവളങ്ങളിലേ ആക്രമണമുണ്ടാകൂ, ജനം സുരക്ഷിതരാകും എന്ന് പുടിൻ പറഞ്ഞെങ്കിലും ആഭ്യന്തരവിമാനത്താവളങ്ങളിലടക്കം ആക്രമണങ്ങൾ ഉണ്ടായി എന്നതാണ് വാസ്തവം. എല്ലാ വിമാനസർവീസുകളും യുക്രൈന് ഉടനടി അവസാനിപ്പിക്കേണ്ടി വന്നു. മുഴുവൻ അർത്ഥത്തിലും വളഞ്ഞിട്ട് ആക്രമിക്കുകയാണ് റഷ്യ എന്നാണ് യുക്രൈൻ വിദേശകാര്യമന്ത്രി ഉടനടി ട്വീറ്റ് ചെയ്തത്.

രണ്ട് ലക്ഷം സൈനികരെയാണ് യുദ്ധഭൂമിയിൽ റഷ്യ സജ്ജരാക്കിയത്. വ്യോമ മാർഗമുള്ള പട ആദ്യം നീങ്ങി. സമാന്തരമായി യുക്രൈനിലെ ഡോൺബാസിലേക്ക് സൈന്യം കടന്നു. തലസ്ഥാനമായ കീവിൽ ആറിടത്ത് മിസൈൽ ആക്രമണം. യുക്രൈൻ നഗരമായ ക്രമറ്റോസ്‌കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രൈനെ കരമാർഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമത്താവളങ്ങളെല്ലാം അടച്ചു.

നിലവിൽ യുക്രൈൻ - റഷ്യ അതിർത്തിയിൽ രണ്ട് ലക്ഷത്തോളം റഷ്യൻ സൈന്യമുണ്ട്. അതിൽ ആദ്യട്രൂപ്പുകൾ കീവിലേക്ക് നീങ്ങിക്കഴിഞ്ഞു, വ്യോമാക്രമണം തുടങ്ങിക്കഴിഞ്ഞു. റഷ്യൻ, ബൈലാറഷ്യൻ സൈന്യം ഒന്നിച്ച് ചേർന്ന് യുക്രൈൻ ബോർഡർ ഗാർഡ് പോസ്റ്റുകളിലേക്ക് കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. ഒഡേസ, ഖാർകീവ് നഗരങ്ങളിലേക്ക് കരമാർഗം റഷ്യൻ സൈന്യം കടന്നിട്ടുണ്ട്. മുൻകരുതലെന്നോണം, റഷ്യ റൊസ്‌തോവ്, ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റാവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, വൊറോനെഷ്, സിംഫെറോപോൾ
വിമാനത്താവളങ്ങൾ അടച്ചിട്ടു.

യുക്രൈൻ പ്രസിഡന്റ് യുക്രൈനിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ മാർഷ്യൽ ലോ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ജനങ്ങളോട് പരിഭ്രാന്തരാകരുത് എന്ന് ആവർത്തിച്ച് അധികൃർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കീവിൽ നിന്ന് ജനം ഒഴിഞ്ഞ് പോവുകയാണ്. പലരും കുടുംബങ്ങളും കുട്ടികളുമായി ഭൂഗർഭ അറകളിലേക്കും മെട്രോ സ്റ്റേഷനുകളിലും അഭയം പ്രാപിച്ചു കഴിഞ്ഞു. കീവിൽ നിന്ന് പുറത്തേക്കുള്ള എല്ലാ ഹൈവേകളും വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗതക്കുരുക്കുമാണ്.

സൈബറാക്രമണത്തിൽ യുക്രൈനിയൻ ബാങ്കിങ് മേഖലയും പൂർണമായി തകർന്ന നിലയിലാണ്. എടിഎമ്മുകൾ പലതും പ്രവർത്തനരഹിതമാണ്. പ്രതിരോധവെബ്‌സൈറ്റുകൾ അടക്കം പല സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആക്രമണം അരങ്ങേറുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പകച്ചുനിൽക്കുന്ന ലോകത്തെയാണ് കാണുന്നത്.