- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈന് മേൽ 'നോ ഫ്‌ളൈ സോൺ' പ്രഖ്യാപിച്ചാൽ നാറ്റോ - റഷ്യ യുദ്ധമെന്ന് പുടിന്റെ താക്കീത്; ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനം; യുക്രൈനെ ആക്രമിക്കാൻ നാറ്റോ റഷ്യക്ക് ഗ്രീൻ സിഗ്‌നൽ നൽകിയെന്ന് സെലെൻസ്‌കി
മോസ്‌കോ: യുക്രൈന് മുകളിൽ നോ ഫ്‌ളൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്ത് വന്നാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു.
അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞത്. ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേൽ നോ ഫ്‌ളൈ സോൺ പ്രഖ്യാപിച്ചാൽ വെറുതെയിരിക്കില്ലെന്ന് പുടിൻ മുന്നറിയിപ്പ് നൽകുമ്പോൾ ശക്തമായ യുദ്ധം മുന്നിൽ കണ്ടാണ് റഷ്യൻ പ്രസിഡന്റിന്റെ നീക്കമെന്ന് വ്യക്തമാകുന്നു.
യുക്രൈൻ അധിനിവേശം തങ്ങൾ ആസൂത്രണം ചെയ്തത് പോലെ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുടിൻ ആസൂത്രണം ചെയ്തത് പോലെയല്ല ഇപ്പോൾ യുക്രൈൻ-റഷ്യ യുദ്ധം നടക്കുന്നതെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനക്കുള്ള മറുപടി കൂടിയായിരുന്നു പുടിന്റെ പ്രതികരണം.
യുക്രൈനെതിരെ പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിക്കാനുള്ള തീരുമാനം എടുക്കുന്നത് ഒരു എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് പുടിൻ പറഞ്ഞു. ഏറെ സമ്മർദ്ദം നിറഞ്ഞതായിരുന്നു അത്തരൊമൊരു തീരുമനം. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ റഷ്യ ശ്രമിച്ചുവെന്ന് പുടിൻ ആവർത്തിച്ചു.
'ഡോൺബസിലെ ജനങ്ങൾക്ക് സ്വതന്ത്രമായി റഷ്യൻ ഭാഷ സംസാരിക്കാനും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനും അനുവദിക്കണമായിരുന്നു. പകരം യുക്രൈൻ അധികൃതർ ഈ മേഖയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്.
റഷ്യൻ സൈന്യത്തെ ആക്രമിക്കാൻ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച 'ജിഹാദി കാറുകൾ' ഉപയോഗിക്കുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള പോരാളികളെ യുക്രൈനിൽ തങ്ങൾ കണ്ടെത്തിയിട്ടുണ്ട്' പുടിൻ ആരോപിച്ചു. ഇതുവരെ അത്തരം ആക്രമണങ്ങൾ വിജയിച്ചിട്ടില്ല. തങ്ങൾ ആസൂത്രണം ചെയ്തത് പോലെ തന്നെ സൈനിക നടപടി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നമ്മുടെ സൈന്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഞാൻ കരുതുന്നു. ഓപ്പറേഷന്റെ മുഴുവൻ ചലനവും അത് തെളിയിക്കുന്നു. എല്ലാം പ്ലാൻ അനുസരിച്ച്, ഷെഡ്യൂൾ അനുസരിച്ച് നടക്കുന്നു...' പുടിൻ പറഞ്ഞു.
ഇതിനിടെ രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് പുടിൻ വ്യക്തമാക്കി. ബാഹ്യമായ ആക്രമണം ഉള്ള സന്ദർഭങ്ങളിൽ മാത്രമേ സൈനിക നിയമം നടപ്പാക്കൂ. ഇപ്പോൾ അത്തരം സന്ദർഭം രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്‌കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. എന്നാൽ നാറ്റോ - റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്‌കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്.
യുക്രൈനിൽ എല്ലാം ശരിയാകുമെന്ന പ്രതീക്ഷ പങ്കുവച്ച് പ്രസിഡന്റ് വോളോഡമിർ സെലെൻസ്‌കി രംഗത്തെത്തി. രാജ്യം വിട്ടുപോയവർക്ക് തിരിച്ചുവരാൻ കഴിയുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനെ ആക്രമിക്കാൻ നാറ്റോ റഷ്യക്ക് ഗ്രീൻ സിഗ്‌നൽ നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, റഷ്യയിൽ പട്ടാളനിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിൻ പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷനായ റഷ്യൻ ടെലിവിഷനിൽ ഏയ്‌റോ ഫ്‌ളോട്ട് എന്ന റഷ്യൻ ഔദ്യോഗിക വിമാനക്കമ്പനിയുടെ ഫ്‌ളൈറ്റ് അറ്റൻഡന്റുമാരുമായി പുടിൻ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ വിദേശരാജ്യങ്ങൾ പ്രകോപനമുണ്ടാക്കിയാൽ മാത്രമേ പട്ടാളനിയമം പ്രഖ്യാപിക്കൂ എന്നും അത്തരമൊരു സാഹചര്യം നിലവിലില്ല എന്നും പുടിൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
പൗരനിയമങ്ങളെല്ലാം പിൻവലിക്കപ്പെട്ട് എല്ലാ ഭരണസംവിധാനങ്ങളും പട്ടാളത്തിന്റെ അധീനതയിലാകുന്ന സ്ഥിതിയാണ് പട്ടാളനിയമം പ്രഖ്യാപിച്ചാലുണ്ടാകുക. പുറത്ത് നിന്ന് ഏതെങ്കിലും പ്രകോപനമുണ്ടായാൽപ്പോലും ഉടനടി പട്ടാളനിയമം പ്രഖ്യാപിക്കാതെ തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനാകുമെന്നും പുടിൻ വ്യക്തമാക്കുന്നു.
അതേസമയം, റഷ്യൻ ഔദ്യോഗികവിമാനസർവീസായ ഏയ്‌റോഫ്‌ളോട്ട് എല്ലാ അന്താരാഷ്ട്രവിമാനസർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് എട്ട് വരെ ബെലാറൂസിലേക്ക് മാത്രമേ വിമാനസർവീസുകളുണ്ടാകൂ എന്നും, ആഭ്യന്തരവിമാനസർവീസുകൾ തുടരുമെന്നും ഏയ്‌റോഫ്‌ളോട്ട് വ്യക്തമാക്കുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങൾ റഷ്യൻ വിമാനങ്ങളെ സ്വന്തം രാജ്യങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്. റഷ്യയിലേക്ക് ഈ രാജ്യങ്ങളുടെ വിമാനസർവീസുകളും വിലക്കിയാണ് റഷ്യ തിരിച്ചടിച്ചത്.
യുക്രൈനിലെ ഹെർസോൺ നഗരത്തിൽ റഷ്യൻ അധിനിവേശത്തിനെതിരെ ആയിരങ്ങൾ തെരുവിലിറങ്ങുന്ന കാഴ്ചയും ഇന്ന് കണ്ടു. റഷ്യ പൂർണമായും പിടിച്ചടക്കിയെന്ന് അവകാശപ്പെടുന്ന നഗരമാണ് ഹെർസോൺ. രണ്ടായിരത്തോളം സമരക്കാരാണ് പ്രതിഷേധവുമായി പ്രാദേശികസമയം രാവിലെ തെരുവിലിറങ്ങിയത്. സിറ്റി സെന്ററിലേക്ക് യുക്രൈനിയൻ ദേശീയഗാനം പാടി നടന്നെത്തിയ സമരക്കാർ 'ഹെർസോൺ യുക്രൈന്റേത്', 'റഷ്യക്കാർ തിരികെ പോകുക' എന്നീ മുദ്രാവാക്യങ്ങളുമുയർത്തി.
നീപർ നദിയുടെ തെക്കൻ അറ്റത്തുള്ള നഗരമാണ് ഹെർസോൺ. ക്രിമിയയിലേക്കുള്ള ജലവിതരണത്തിന്റെ കേന്ദ്രം. മൂന്ന് ലക്ഷത്തോളം പേരാണ് ഇവിടെ താമസിക്കുന്നതെന്നാണ് കണക്ക്. നഗരമെമ്പാടും റഷ്യൻ മിലിട്ടറി ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിനെല്ലാമിടയിലാണ് ജീവൻ പണയം വച്ചും ഹെർസോൺ പൗരന്മാർ സമരത്തിനിറങ്ങിയത്.
റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുന്നതിന്റെയും റഷ്യൻ മിലിട്ടറി വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങളാണ് യുക്രൈനിയൻ സൈന്യം പുറത്തുവിടുന്നത്. ദുർബലമായ സൈന്യമാണ് തങ്ങളുടേതെങ്കിലും ശക്തമായ റഷ്യൻ സൈന്യത്തെ പരമാവധി പ്രതിരോധിക്കുകയാണ് യുക്രൈൻ. വിദേശത്ത് നിന്ന് റഷ്യക്കെതിരെ പോരാടാനായി 66,000 പേർ രാജ്യത്ത് തിരികെയെത്തി എന്നാണ് യുക്രൈൻ അവകാശവാദം.
ഇതിനിടെ, ഫേസ്‌ബുക്കിന് പിന്നാലെ ട്വിറ്ററിനും യൂട്യൂബിനും വിലക്കേർപ്പെടുത്തി റഷ്യ. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ സൈറ്റുകൾക്കും വിലക്കുണ്ട്. വ്യാജ വാർത്തകൾ തടയുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ അവകാശവാദം. ഇതോടെ ബിബിസി, സിഎൻഎൻ, ബ്ലൂംബർഗ്, എബിസി ന്യൂസ്, സിബിഎസ് ന്യൂസ് എന്നീ മാധ്യമങ്ങൾ റഷ്യയിൽ നിന്നുള്ള പ്രവർത്തനം നിർത്തി. റഷ്യക്കെതിരെ 'വ്യാജവാർത്ത' നൽകിയാൽ 15 വർഷം ജയിൽ ശിക്ഷ നൽകുന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനവാർത്താമാധ്യമങ്ങളെല്ലാം റഷ്യ വിട്ടത്. പേയ്പാൽ, സാംസങ് എന്നീ കമ്പനികൾ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചുകഴിഞ്ഞു.




