- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാവിലെ ഉണർന്നത് ബോംബാക്രമണത്തിന്റെ ശബ്ദംകേട്ട്; ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല; ഭക്ഷണ ശാലകൾ അടയ്ക്കുന്നു; എംബസിയെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു'; ആശങ്കൾ പങ്കുവച്ച് യുക്രൈനിലെ മലയാളി വിദ്യാർത്ഥികൾ
കീവ്: ലോകത്തെ ഒന്നാകെ യുദ്ധഭീതിയിലാഴ്‌ത്തി യുക്രൈനിൽ റഷ്യ സൈനിക നടപടി തുടരുന്നതിനിടെ ആശങ്കകൾ പങ്കുവച്ച് യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ. ഹോസ്റ്റലിൽ തുടരുകയാണെന്നും ഇന്ത്യൻ എംബസി നൽകുന്ന നിർദേശമനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.
'ഞങ്ങൾ ഇപ്പോഴും ഹോസ്റ്റലിൽ തന്നെയാണുള്ളത്. ഇന്ത്യൻ എംബസി പറയുന്നത് നിൽക്കുന്ന ഇടത്തുതന്നെ നിൽക്കുക എന്നാണ്. പുറത്തേക്കിറങ്ങേണ്ട എന്ന നിർദേശവും ലഭിച്ചിട്ടുണ്ട്.
എംബസിയെ വിശ്വസിച്ചാണ് ഞങ്ങളിപ്പോൾ മുന്നോട്ടുപോകുന്നത്. ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് വ്യത്യസ്ത സോഴ്സുകളിൽ നിന്നുള്ള വിവരം. നാട്ടിലേക്ക് മടങ്ങാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. ഭക്ഷണ ശാലകൾ അടച്ചിട്ടുണ്ടെങ്കിലും അത്യാവശ്യമുള്ള സാധനങ്ങളൊക്കെ തൽക്കാലം ലഭിക്കുന്നുണ്ട്,' ദേവ് നന്ദ് എന്ന വിദ്യാർത്ഥി പറഞ്ഞു.
ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഭക്ഷണ ശാലകൾ അടയ്ക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും വിദ്യാർത്ഥിനികളായ നിഹാല ഇഖ്ബാലും നിമിഷയും പ്രതികരിച്ചു. തങ്ങൾക്ക് ഇതുവരെ എംബസിയെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും നിഹാലയും നിമിഷയും പറഞ്ഞു.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അണ്ടർ ഗ്രൗണ്ടിൽ ആളുകൾ അഭയം തേടുന്നുണ്ട് എന്ന റിപ്പോർട്ടിനെക്കുറിച്ചും വിദ്യാർത്ഥികൾ പ്രതികരിച്ചു. ഇവിടുത്തെ മെട്രോ സ്റ്റേഷനുകൾ മുഴുവൻ അണ്ടർഗ്രൗണ്ടിലാണ്. അതുകൊണ്ടാണ് സുരക്ഷ പരിഗണിച്ച അവിടെ അഭയം തേടുന്നത്. മലയാളി സർക്കിളിൽ നിന്നുള്ള ആരും ഇത്തരത്തിലുള്ള സംഭവങ്ങളിൽ പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
'രാവിലെ എഴുന്നേറ്റത് തന്നെ ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ്. തൊട്ടടുത്ത നഗരത്തിലാണ് റഷ്യ തൊടുത്ത ബോംബ് വന്നുവീണത്.'. ഭയപ്പാടോടെയാണ് യുക്രൈനിലെ പ്രതിസന്ധിയെക്കുറിച്ച്
അഞ്ജലി എന്ന മലയാളി വിദ്യാർത്ഥിനി പറഞ്ഞത്. ഭക്ഷണത്തിനും വെള്ളത്തിനും ഉടൻ ദൗർലഭ്യം നേരിടുമെന്നാണ് തോന്നുന്നത്. ഇപ്പോൾ സാഹചര്യം വളരെ മോശമാണ്. മൊബൈൽ നെറ്റ്‌വർക്കിനും ഇന്റർനെറ്റ് കണക്ഷനും പ്രശ്നങ്ങളുണ്ടെന്നും അഞ്ജലി പറഞ്ഞു.
പതിനായിരത്തോളം ഇന്ത്യാക്കാരാണ് യുക്രൈനിലുള്ളത്. മലയാളികളുൾപ്പെടെ ഇതിലേറെയും മെഡിക്കൽ വിദ്യാർത്ഥികളാണ്. രക്ഷാദൗദ്യത്തിനായി ഇന്ന് രണ്ട് എയർ ഇന്ത്യ വിമാനങ്ങളാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നതെങ്കിലും നോ ഫ്ളൈ സോൺ ആയതിനാൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിച്ചില്ല. എന്നാൽ സുരക്ഷിതമാണെന്നാണ് യുക്രൈനിലെ സാഹചര്യം പങ്കുവെച്ച മലയാളികളിൽ പലരും പ്രതികരിച്ചത്. അതിർത്തിപ്രദേശങ്ങളിലാണ് ആക്രമണം കൂടുതലുള്ളതെന്നും അവർ പറഞ്ഞു.
സുരക്ഷിതനാണെന്ന് യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിയായ അഫ്സൽ പറഞ്ഞു. പലരും പലയിടത്തായാണുള്ളത്. ഇതുവരെ പ്രശ്നങ്ങളൊന്നും ആർക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. എത്രയും പെട്ടന്ന് മടങ്ങിവരാൻ ശ്രമിക്കുന്നുണ്ടെന്നും അഫ്സൽ പറഞ്ഞു.
രക്ഷാദൗത്യമുണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി മലയാളി വിദ്യാർത്ഥിയായ അഭിമന്യു വിജയ് പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നാണ് അഭിമന്യൂ പ്രതികരിച്ചത്. കീവിൽ സ്ഥിതിഗതികൾ സാധാരണനിലയിലാണ്. എന്നാൽ വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തെ തുടർന്ന് ആളുകൾ ഭയപ്പെട്ട് ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുകയാണ്. എടിഎമ്മിലും സൂപ്പർമാർക്കറ്റുകളിലും നല്ല തിരക്കാണുള്ളതെന്നും അഭിമന്യൂ പറഞ്ഞു.
അതേസമയം, യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉക്രൈനിലെ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തിൽ ലഭിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിരിക്കുകയാണെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക റൂട്ട്സ് സിഇഒ, എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം നേരത്തേ തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. അനിവാര്യമായി ഉക്രൈനിൽ തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാർത്ഥികളടക്കമുള്ളവർ തിരിച്ചുപോകാനുള്ള എംബസിയുടെ നിർദ്ദേശവും നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.




