- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസങ്ങൾ നീണ്ട യുദ്ധത്തിൽ അദ്യമായി സമാധാനത്തിന്റെ വെള്ളിവെളിച്ചം തെളിഞ്ഞു; ഗോതമ്പു കയറ്റി അയയ്ക്കാൻ സമ്മതിച്ച് യുക്രെയിനും റഷ്യയും കരാറിൽ ഒപ്പിട്ടത് ഇസ്താംബൂളിൽ; ചരിത്ര മുഹൂർത്തത്തിൽ യു എൻ സെക്രട്ടറിയും
കീവ്: യുദ്ധത്തിന്റെ കറുത്ത നിഴലുകൾക്കിടയിലൂടെ സമാധാനത്തിന്റെ ഒരു ചെറിയ പ്രകാശ രശ്മികടന്നു വരുന്നു.ഗോതമ്പിന്റെയും മറ്റു ഭക്ഷ്യ ധാന്യങ്ങളുടെയും കയറ്റുമതിക്കായി യുക്രെയിനിലെ കരിങ്കടൽ തീരത്തുള്ള തുറമുഖങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുവാനുള്ള കരാറിൽ റഷ്യയും യുക്രെയിനും ഒപ്പുവച്ചു. തുർക്കിയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും മദ്ധ്യസ്ഥതയിൽ ഇസ്താംബൂളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ സുപ്രധാന കരാർ ഉണ്ടായത്.
റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് ഉയർന്ന് വന്ന ഭക്ഷ്യക്ഷാമം വലിയൊരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ഇതോടെ ശക്തമായിട്ടുണ്ട്. ലോകത്തിലെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായ റഷ്യയുടെയും യുക്രെയിനിന്റെയും യഥാക്രമം പ്രതിരോധ മന്ത്രിയും അടിസ്ഥാന സൗകര്യ വികസന മന്ത്രിയുമായിരുന്നു അവരവരുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവച്ചത്.
ഇത്തരമൊരു കരാറിൽ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് പറഞ്ഞ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടേഴ്സ് ഇതിനെ വിശേഷിപ്പിച്ചത് ലോകത്തിന്റെ കരാർ എന്നായിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിലാണ് ഒരുധാരണയിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാഷ്ട്രങ്ങൾക്കും ചർച്ചക്ക് നിഷ്പക്ഷ വേദിയൊരുക്കിയ തുർക്കി പ്രസിഡണ്ട് തായിപ് എർദോഗനും ഇതിൽ നിർണ്ണായക പങ്കു വഹിച്ചു.
ആഗോള ഭക്ഷ്യക്ഷാപം പരിഹരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നായിരുന്നു ഇതേക്കുറിച്ച് എർദോഗൻ പ്രതികരിച്ചത്. റഷ്യൻ-യുക്രെയിൻ പ്രശ്നത്തിൽ ഇതൊരു വഴിത്തിരിവാണെന്നും, യുദ്ധ്വും ഇത്തരത്തിലുള്ള ചർച്ചകളിലൂടെ അവസാനിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
നേരത്തേ, യുക്രെയിന്റെ കരിങ്കടൽ തീരത്തുള്ള തുറമുഖങ്ങൾ റഷ്യ ഉപരോധിച്ചതോടെ യുക്രെയിനിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ നീക്കം നിലച്ചിരുന്നു. അതോടൊപ്പം പാശ്ചാത്യ ശക്തികൾ റഷ്യക്കെതിരെ നടത്തിയ ഉപരോധം കൂടി ആയതോടെ ആഗോള വിപണിയിൽ ഭക്ഷ്യ വസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെടുകയും വില വർദ്ധനവ് ഉണ്ടാവുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 25 ന് ആയിരുന്നു റഷ്യ യുക്രെയിനിനെ ആക്രമിച്ചത്.
യുക്രൈന്റെ കരിങ്കടൽ തീരത്തുള്ള, ഒഡേസ, ചെർണോമോഴ്സ്ക്, യുണി എന്നീ മൂന്ന് തുറമുഖങ്ങളിലൂടെ ആയിരുന്നു പ്രധാനമായും ഭക്ഷ്യ കയറ്റുമതി നടന്നിരുന്നത്. ഇത് മൂന്നും റഷ്യൻ സൈന്യം ഉപരോധിച്ചിരുന്നു. കരാർ നിലവിൽ വന്നതോടെ മൂന്ന് തുറമുഖങ്ങളും പഴയ രീതിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ പറഞ്ഞു. ഈ കരാറിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ഐക്യരാഷ്ട്ര സഭ ഒരു നിരീക്ഷണകേന്ദ്രം സ്ഥാപിക്കുമെന്നും ഗട്ടേഴ്സ് അറിയിച്ചു.
കരാറിൽ എത്തിച്ചേരാൻ വഴിയൊരുക്കിയതിന് തുർക്കിയേയും ഐക്യരാഷ്ട്ര സഭയേയും അഭിനന്ദിച്ച ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രസ്സ് ഇത് നടപ്പിലാക്കേണ്ട ബാദ്ധ്യത റഷ്യ ഉത്തരവാദിത്ത്വ ബോധത്തോടെ നിർവഹിക്കണമെന്നും ആവശ്യപ്പെട്ടു. പുടിന്റെ ക്രൂരമായ അധിനിവേശം ലോകത്തെ ഏറ്റവും ദരിദ്രരായവരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്