- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ തകർക്കപ്പെട്ടവയിൽ കോളേജുകളും; ഫീസ് അടയ്ക്കണമെന്ന് യുക്രെയ്നിൽ നിന്നും അറിയിപ്പും; ചില സർവകലാശാലകൾ ഓൺലൈനായി ക്ലാസുകൾ തുടങ്ങി; വൈകാതെ ക്ലാസുകൾ സാധാരണ നിലയിൽ ആകുമെന്ന് അറിയിപ്പും; മലയാളി വിദ്യാർത്ഥികൾ കടുത്ത ആശങ്കയിൽ
തിരുവനന്തപുരം: യുക്രൈനിൽ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ റഷ്യൻ ആക്രമണത്തിൽ തകർക്കപ്പെട്ടതിൽ മലയാളി വിദ്യാർത്ഥികൾ പഠിച്ചിരുന്ന കോളേജുകളുമുണ്ട്. നാട്ടിലേക്ക് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികൾ തുടർപഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ്. ഈ ആശങ്ക ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള കാര്യങ്ങളുമാണ് യുക്രൈനിൽ നിന്നും വരുന്നത്.
യുക്രൈനിലെ ചില സർവകലാശാലകൾ ഓൺലൈനായി ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ചിലരുടെ പരീക്ഷ എന്നു നടക്കുമെന്ന് അറിയില്ല. ദിവസം 3 ഓൺലൈൻ ക്ലാസുകൾ വരെ നടക്കുന്നുണ്ട്. ഒരു ക്ലാസ് ഒന്നേകാൽ മണിക്കൂറോളം. യുദ്ധസാഹചര്യം മാറിയാൽ ക്ലാസുകൾ സാധാരണ നിലയിലാകുമെന്ന് ചില കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. തിയറി ക്ലാസുകൾ ഓൺലൈനായി ലഭിക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസിന് എന്തു ചെയ്യുമെന്ന ആശങ്കയുണ്ട് പലർക്കും.
അതിനിടെ ഓൺലൈൻ ക്ലാസുകൾ എല്ലാ വിഷയത്തിനും തുടങ്ങിയിട്ടില്ലെന്ന് ചില കോളേജുകൾ അറിയിച്ചു. മറ്റു ചിലർക്ക് റഗുലർ ക്ലാസുകൾ എന്നു തുടങ്ങുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഫീസ് അടയ്ക്കണമെന്ന നിർദ്ദേശം ചിലർക്കു ലഭിച്ചിട്ടുണ്ട്. ആറു മാസത്തിനകം തിരികെ പോകാമെന്ന പ്രതീക്ഷയിൽ കഴിയുന്ന വിദ്യാർത്ഥികളുമുണ്ട്. ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ട്. ഒന്നാം വർഷത്തെ ഫീസ് മുഴുവൻ അടച്ചിരുന്നു. ക്ലാസ് മുടങ്ങിയതിനാൽ അതിൽ ഇളവുണ്ടാകുമോ എന്നറിയില്ല. സർട്ടിഫിക്കറ്റുകളെല്ലാം അവിടെയായതിനാൽ നാട്ടിൽ വേറെ കോഴ്‌സിനൊന്നും ചേരാൻ കഴിയുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
യുദ്ധത്തിന്റെ ആദ്യനാളുകളിൽ 30 കിലോമീറ്റർ നടന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ 300 വിദ്യാർത്ഥികളിൽ ഒരാളാണ് കായംകുളം കൊറ്റുകുളങ്ങര സൽമാൻസിൽ സഫ്വാൻ. വിഎൻ കരാസിൻ ഹർകീവ് നാഷനൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി. ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ പഠനാന്തരീക്ഷം വീണ്ടെടുത്തു. അദ്ധ്യാപകർ നന്നായി സഹായിക്കുന്നുണ്ടെന്ന് സഫ്വാൻ പറയുന്നു.
പോളണ്ടിലേക്കും മറ്റും പോയ അദ്ധ്യാപകർ അവിടെയിരുന്ന് ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ടെന്ന് വി.എൻ.കരാസിൻ കാർക്കി നാഷനൽ യൂണിവേഴ്‌സിറ്റി നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി കണ്ണനാകുഴി അമൃതം വീട്ടിൽ അമൃത അമൃതേശ്വരൻ പറഞ്ഞു. നേരിട്ടുള്ള ക്ലാസുകൾ എന്നു തുടങ്ങുമെന്ന് അറിയില്ല. അതേസമയം അടുത്ത വർഷം യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്ന സൂചനയിലാണ് മറ്റ് ചില വിദ്യാർത്ഥികൾ.
സെപ്റ്റംബറിൽ കോളജ് തുറക്കുമെന്ന അറിയിപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് ടെർഫിൻ നാഷനൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി പച്ച മെതിക്കളത്തിൽ പുത്തൻപുരയിൽ കെവിൻ ഫ്രാൻസിസ്. രണ്ടാഴ്ചയായി ഓൺലൈൻ ക്ലാസുണ്ട്. മേയിൽ മൂന്നാം സെമസ്റ്റർ പക്ഷീയുണ്ടാകുമെന്നാണ് അറിയിപ്പ്. ജൂൺ മുതൽ ഓഗസ്റ്റ് വരെ വെക്കേഷനാണ്.
ഓൺലൈൻ പഠനം നടക്കുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ക്ലാസുകൾ നഷ്ടമാകുന്നതിന്റെ ആശങ്കയുണ്ട് ആര്യാട് പുന്നമട ചെമ്പന്തറ കണ്ടത്തിൽ ഗോകുൽ ഗിരീഷിന്. ഹർകീവിലെ യൂണിവേഴ്‌സിറ്റിയിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്. 80 പേരുള്ള ക്ലാസിൽ 55 പേരും മലയാളികളാണ്. ആദ്യ വർഷം ഏറെയും തിയറി ക്ലാസുകളായതിനാൽ ഓൺലൈൻ പഠനം മതിയാകും. പക്ഷേ, അടുത്ത വർഷം പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങണം. തിരികെ പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഹർകീവ് സർവകലാശാലയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി ആലപ്പുഴ തുമ്പോളി ഏഴരയിൽ സൂരജ് സുവി. തുടർപഠനം സാധ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കുമെന്നു കേട്ടതിൽ പ്രതീക്ഷയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ