- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയിൽ പൂർത്തിയാക്കുന്നത് അനുവദിക്കില്ല; യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടർപഠനം നടത്താനാകില്ലെന്ന് കേന്ദ്രം; വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയ ബംഗൾ സർക്കറിന്റെ തീരുമാനവും കേന്ദ്രം ചോദ്യം ചെയ്തു; സേവ് കരിയർ ഓഫ് യുക്രൈൻ സ്റ്റുഡന്റ് ക്യാംപൈനുമായി വിദ്യാർത്ഥികളും
ന്യൂഡൽഹി: യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവർക്ക് ഇന്ത്യയിൽ തുടർ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം ഇതനുവദിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. റഷ്യ- യുക്രൈൻ യുദ്ധ സാഹചര്യത്തിൽ മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരിൽ ഭൂരിപക്ഷവും മെഡിക്കൽ- ദന്തൽ വിദ്യാർത്ഥികളാണ്.
പശ്ചിമ ബംഗാൾ സർക്കാർ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി. പശ്ചിമബംഗാൾ സർക്കാർ ഏകപക്ഷീയമായി ഒരു തീരുമാനമെടുക്കുകയും കേന്ദ്രസർക്കാർ അതിനെ അംഗീകരിക്കാൻ തയ്യാറാകാതെവരികയും ചെയ്തതോടെ കേന്ദവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതുറന്നിരിക്കുകയാണ്.
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് ബംഗാൾ സർക്കാർ തീരുമാനമെടുത്തിരുന്നു. വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ടും മൂന്നും വർഷങ്ങളിൽ പഠിക്കുന്ന 172 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിക്കൊണ്ട് സർക്കാർ തീരുമാനമെടുത്തു. ഇതിനെതിരേയാണ് മെഡിക്കൽ കമ്മീഷൻ രംഗത്തുവന്നത്.
നിലവിലുള്ള ചട്ടപ്രകാരം ഇത് അനുവദനീയമല്ലെന്ന നിലപാടാണ് കമ്മീഷൻ എടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഓരേ കോളേജിൽതന്നെ അവരുടെ പഠനം പൂർത്തിയാക്കേണ്ടതുണ്ട്. രണ്ട് വർഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയിൽ പൂർത്തിയാക്കുന്നത് അനുവദിക്കില്ല. ഇത്തരത്തിൽ പഠനം പൂർത്തിയാക്കുന്നവർക്ക് വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം നടത്തിയവർക്കുള്ള സ്‌ക്രീനിങ് പരീക്ഷ എഴുതാൻ യോഗ്യതയില്ലെന്നും കമ്മീഷൻ പറയുന്നു.
ഇക്കാര്യത്തിൽ സാങ്കേതിക കാരണം പറഞ്ഞാണ് ബംഗാൾ സർക്കാർ എടുത്ത തീരുമാനം ദേശീയ മെഡിക്കൽ കമ്മീഷൻ തള്ളിയത്. അതോടൊപ്പം ഇവരുടെ തുടർപഠനം സംബന്ധിച്ച സാധ്യത കേന്ദ്രസർക്കാർ തേടുന്നു എന്നതും ആശ്വാസകരമാണ്. യുക്രൈനിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളുടെ തുടർപഠനം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറ്റാൻ കഴിയുമോ എന്ന സാധ്യതയാണ് ഇപ്പോൾ ആലോചിക്കുന്നത്.
കേരളത്തെ സംബന്ധിച്ച് ഇത് വലിയ രീതിയിൽ ബാധിക്കും. കേരളത്തിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർത്ഥികൾ യുക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയിരിക്കുന്നത്. 6000-ൽ അധികം വിധ്യാർഥികൾ കേരളത്തിൽ നിന്ന് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലൊരു തീരുമാനം എടുക്കാൻ വൈകുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കും.
മറുനാടന് മലയാളി ബ്യൂറോ