പന്തളം: മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിലെ സൂപ്പർ സ്റ്റാർ ഉല്ലാസ് പന്തളം കോൺഗ്രസിൽ തിരിച്ചെത്തി. അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വച്ച് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉല്ലാസിനെ ഷാൾ അണിയിച്ച് കോൺഗ്രസിലേക്ക് വരവേറ്റു. ധർമജൻ, രമേഷ് പിഷാരടി, ഇടവേള ബാബു എന്നിവർക്ക് പിന്നാലെയാണ് കോൺഗ്രസിലേക്ക് ഉല്ലാസുമെത്തുന്നത്.

അമിത്ഷായുടെ യോഗത്തിൽ വച്ച് അംഗത്വമെടുക്കുകയും അടൂരിൽ ബിജെപി സ്ഥാനാർത്ഥിയാവുകയും ചെയ്ത മുൻ കെപിസിസി അംഗം പന്തളം പ്രതാപനെതിരേ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ചതിനാണ് 10 വർഷം മുൻപ് യൂത്ത് കോൺഗ്രസ് മണ്ഡ ലംപ്രസിഡന്റായിരുന്ന ഉല്ലാസിനെ കോൺഗ്രസ് പുറത്താക്കിയത്. അന്ന് പന്തളം ഗ്രാമപഞ്ചായത്തായിരുന്നു. കോൺഗ്രസ് ക്ഷണിച്ചതോടെയാണ് ഉല്ലാസ് ഉമ്മൻ ചാണ്ടി പങ്കെടുത്ത പന്തളത്തെ വേദിയിലെത്തിയത്. 46 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഉല്ലാസ്. ഏഷ്യാനെറ്റിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ ഒട്ടുമക്ക മലയാളം ചാനലുകളിലും കോമഡി അവതരിപ്പിക്കാൻ ഉല്ലാസുണ്ട്.

കോൺഗ്രസ് പറയുന്നത് ചെയ്യുമെന്നും ചെയ്യുന്നത് മാത്രമേ പറയുകയുള്ളുവെന്നും കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി പറഞ്ഞു. എൽഡിഎഫ് പിആർ ഏജൻസികളുടെ സഹായത്തോടെ യുഡി.എഫിനെ ഭയപ്പെടുത്തണ്ട. ജനമസ് യു.ഡിഎഫിന് അനുകൂലമാണ്. പിണറായി സർക്കാർ എന്താണ് ചെയ്തത്. ചെറുപ്പകാർക്ക് ലഭിക്കേണ്ട ജോലി പുറം വാതിലിലൂടെ പാർട്ടി കാർക്കും സ്വന്തകാർക്കും നൽകുന്നു. സ്വജനപക്ഷപാതവും പാർട്ടി താൽപ്പര്യവും കൊണ്ട് ജനം പൊറുതിമുട്ടിയ അഞ്ചു വർഷക്കാലം ജനം പൊറുക്കില്ല. എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നഗരസഭാ കമ്മിറ്റി ചെയർമാൻ എ ഷാജഹാൻ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ആന്റോ ആന്റണി എംപി, ബാബു ജോർജ്, തോപ്പിൽ ഗോപകുമാർ, എൻജിസുരേന്ദ്രൻ, അഡ്വ. ഡിഎൻ തൃദീപ്, ബിനരേന്ദ്രനാഥ്, അഡ്വ. ബിജു ഫിലിപ്പ്, കെഎൻ അച്ചുതൻ, ഫാ. ദാനിയേൽ പുല്ലേലിൽ, അഡ്വ.കെഎസ് ശിവകുമാർ, പഴകുളം ശിവദാസൻ, സ്ഥാനാർത്ഥി എംജി കണ്ണൻ എന്നിവർ പ്രസംഗിച്ചു.