- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിന് മുൻപും ശേഷവും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ കിട്ടാതെയുള്ള യുവാവിന്റെ മരണം കോവിഡ് പട്ടികയിൽ കയറ്റി അധികൃതർ; ശ്വാസതടസത്തിന് ചികിൽസ നൽകാതെ കൊന്നുവെന്ന പരാതിയുമായി ബന്ധുക്കൾ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാശുപത്രിയിൽ ചികിൽസ കിട്ടാതെ യുവാവ് മരിച്ചത് കോവിഡ് മരണമാക്കി ചിത്രീകരിച്ച അധികൃതർക്കെതിരേ പരാതിയുമായി ബന്ധുക്കൾ.
മരണത്തിന് മുൻപും ശേഷവും നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന ഫലം വന്നപ്പോഴാണ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് മരണം കോവിഡ് പട്ടികയിൽ എഴുതി ചേർത്ത് ആശുപത്രി അധികൃതർ തങ്ങളുടെ വീഴ്ചയിൽ നിന്ന് തലയൂരിയത്. നെടുമങ്ങാട് പുല്ലമ്പാറ കൂനൻ വേങ്ങ ആറാം വാർഡിൽ ശാന്തി നിലയിൽ എസ്‌പി ഉല്ലാസിന്റെ(42) മരണമാണ് വിവാദമായിരിക്കുന്നത്.
ചികിൽസ കിട്ടാതെ ഉല്ലാസ് മരിച്ചെന്നും മരണം കോവിഡ് പട്ടികയിൽ കൊണ്ടുവരാൻ ആശുപത്രി അധികൃതർ ഗൂഢാലോചന നടത്തിയെന്നും കാണിച്ച് ഭാര്യ എസ്. വിജിമോൾ ഡിഎംഓയ്ക്ക് പരാതി നൽകിയെങ്കിലും ഇതു വരെ നടപടിയൊന്നുമുണ്ടായില്ല.
മെയ് 16 ന് രാവിലെ ഏഴിന് നെടുമങ്ങാട് ജില്ലാശുപത്രിയിലെ എംഐസിയുവിൽ ചികിൽസയിലിരിക്കേയാണ് ഉല്ലാസ് മരിച്ചത്. ഭാര്യയുടെ പരാതി ഇങ്ങനെ:
ബൈക്ക് അപകടത്തിൽ പരുക്കേറ്റ് കാലിന് പ്ലാസ്റ്ററിട്ട് ഒരു മാസമായി വീട്ടിൽ കഴിയുകയായിരുന്നു ഉല്ലാസ്. മെയ് 10 ന് കാലിലെ പ്ലാസ്റ്റർ നീക്കി. മെയ് 14 രാത്രി 10.30 ന് ശ്വാസതടസവും അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില മരുന്നുകൾ നൽകി അൽപ്പ സമയം നിരീക്ഷണത്തിൽ ആക്കിയ ശേഷം തിരികെ വിട്ടു. വീട്ടിലെത്തിയിട്ടും സ്ഥിതിക്ക് മാറ്റമൊന്നും വന്നില്ല. അസുഖം വർധിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഇതേ ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ എത്തിച്ചു. നെബുലൈസ് ചെയ്ത് മരുന്നും നൽകി വീണ്ടും പറഞ്ഞു വിട്ടു. അസുഖത്തിൽ കുറവൊന്നും കാണാതെ വന്നപ്പോൾ ആശുപത്രിയിലെ ജനറൽ മെഡിസിൻ ചീഫ് കൺസൾട്ടന്റ് ഡോ. പി.എ. മുഹമ്മദ് അഷറഫിനെ വീട്ടിൽ ചെന്ന് കണ്ടു.
അദ്ദേഹം പരിശോധിച്ച ശേഷം ഓക്സിജൻ ലെവൽ എസ്‌പിഓ02 89 ശതമാനം എന്ന് രേഖപ്പെടുത്തി കോവിഡ് ആന്റിജൻ, ചെസ്റ്റ് എക്സ്റേ എന്നിവയ്ക്ക് എഴുതി. സ്വകാര്യ ലാബിൽ ചെയ്ത പരിശോധനയിൽ കോവിഡ് നെഗ്റ്റീവ് ആയിരുന്നു. റിസൾട്ടുമായി ഡോക്ടറെ കണ്ടപ്പോൾ അഡ്‌മിറ്റ് ചെയ്യാൻ എഴുതി തന്നു. രോഗവിവരം സംബന്ധിച്ച് ഗയാതൊന്നും ഡോക്ടർ പറഞ്ഞില്ല. ഡോക്ടറുടെ കുറിപ്പുമായി ജില്ലാശുപത്രിയിൽ മെഡിക്കൽ വാർഡിൽ എത്തിയപ്പോൾ ഐസിയുവിലേക്ക് മാറ്റുകയാണെന്ന് നഴ്സിങ് സ്റ്റാഫ് പറഞ്ഞു. അവിടെ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച മരുന്ന നൽകുകയും നെബുലൈസ് ചെയ്യുകയും ഓക്സിമീറ്റർ ഘടിപ്പിക്കുകയും ചെയ്തു.
രാത്രി ഒമ്പതിന് ശേഷം ഓക്സിജൻ ലെവൽ 92 നും 94 നും ഇടയിൽ ആയിരിക്കുകയും ഓക്സിജൻ മാസ്‌ക് ഘടിപ്പിക്കുകയും ചെയ്തു. അഡ്‌മിറ്റ് ചെയ്ത ശേഷം ഡ്യൂട്ടി ഡോക്ടർ അടക്കം ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല. 16 ന് രാവിലെ പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനും ചായ നൽകുന്നതിനുമായി നഴ്സ് വന്ന് ഓക്സിജൻ മാസ്‌ക് മാറ്റുകയും വീൽ ചെയറിൽ ഇരുത്തി ബാത്ത്റൂമിലേക്ക് കൊണ്ടു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. വീൽ ചെയറിൽ ഇരുന്ന ഉല്ലാസ് എന്റെ കൈകളിലേക്ക് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 10 മിനിട്ടിന് ശേഷം കാഷ്വാലിറ്റി ഡോക്ടർ എത്തി ഇസിജി എടുത്ത ശേഷം മരണം സ്ഥിരീകരിച്ചു. തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തി ഫലം വന്ന ശേഷമേ മൃതദേഹം വിട്ടു നൽകുകയുള്ളൂവെന്ന് പറഞ്ഞ് മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവിന്റെ അനുജൻ വന്ന ശേഷം ഡോ. മുഹമ്മദ് അഷറഫിനെ കണ്ട് സ്വന്തം നിലയിൽ കോവിഡ് ആർടിപിസിആർ ചെയ്യാൻ സ്രവം എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഡോക്ടർ അനുവദിച്ചതിൻ പ്രകാരം ഐസിഎംആർ അംഗീകാരമുള്ള കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് റിസൾട്ട് വന്നു. ഇത് അറിയിച്ചപ്പോൾ മൃതദേഹം പിറ്റേന്ന് രാവിലെ വിട്ടു നൽകാമെന്ന് ഡോക്ടർ സമ്മതിച്ചു. എന്നാൽ, രാവിലെ എട്ടു മണിയോടെ ആശുപത്രിയിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യവകുപ്പിൽ നിന്ന് വിവരം അറിയിച്ചു. മൂന്നു ദിവസത്തിന് ശേഷം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കുമെന്ന് പറഞ്ഞ റിപ്പോർട്ടാണ് ഏതാനും മണിക്കൂറുകൾക്കകം ലഭിച്ചെന്ന് അധികൃതർ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനാൽ പൊലീസിന്റെ അനുമതി ലഭിച്ചതിന് ശേഷം മൃതദേഹം നെടുമങ്ങാട് ശാന്തിതീരം ശ്മശാനത്തിൽ സംസ്‌കരിച്ചു.
ജില്ലാ ആശുപത്രി ഐസിയുവിൽ രോഗിയെ പ്രവേശിപ്പിച്ചത് ഓക്സിജൻ നൽകാനും നെബുലൈസ് ചെയ്യാനും മാത്രമാണോയെന്ന് വിജിമോൾ ചോദിക്കുന്നു. ഇവിടെ സൗകര്യമില്ലെങ്കിൽ ഡോക്ടർ എന്തു കൊണ്ട് രോഗിയെ മറ്റ് സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പറഞ്ഞില്ല? പതിനാറു മണിക്കൂറുകളോളം ഐസിയുവിൽ കിടന്ന രോഗിയെ ഒരു ഡോക്ടർ പോലും വന്ന് പരിശോധിക്കാതിരുന്നത് എന്തു കൊണ്ടാണ്? മൂന്നു ദിവസം കഴിഞ്ഞേ ലഭിക്കൂവെന്ന് പറഞ്ഞ പരിശോധനാ ഫലം എങ്ങനെ എട്ടു മണിക്കൂറിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വന്നു? മരണ ശേഷം കോവിഡ് ഫലം പോസിറ്റീവ് ആക്കാനായി മനഃപൂർവം ഇടപെടൽ ഉണ്ടായോ?
ഇതെല്ലാം ഗുരുതരമായ ചികിൽസാ പിഴവിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിജിമോൾ പറയുന്നു. ഈ വിവരം ചൂണ്ടിക്കാട്ടി ഡിഎംഓയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്