- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃക്കാക്കരയിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല; പിടി വിട്ടുപോയ സങ്കടം മാറിയിട്ടില്ലാത്ത സമയത്ത് ഇത്തരം ചർച്ചകൾ വേണ്ട; ശ്വാസം വിട്ടുപോയ എനിക്ക് എങ്ങനെ ബൈ ഇലക്ഷനെ കുറിച്ച് ചന്തിക്കാനാകുമെന്ന് ഉമാ തോമസിന്റെ ചോദ്യം; രാഷ്ട്രീയ പ്രവേശനത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മറുനാടനോട് പറഞ്ഞ് പിടിയുടെ ഭാര്യ; പ്രഥമ പരിഗണന ഉമയ്ക്ക് തന്നെ
കൊച്ചി: തൃക്കാക്കരയിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പി.ടി വിട്ടുപോയ സങ്കടം മാറിയിട്ടില്ലാത്ത സമയത്ത് ഇത്തരം ചർച്ചകൾ വേണ്ടെന്നും ഉമാ തോമസ് മറുനാടനോട്. എന്റെ ശ്വാസമാണ് വിട്ടു പോയത്. അങ്ങനെയുള്ളപ്പോൾ എനിക്ക് എങ്ങനെ ഒരു ബൈ ഇലക്ഷനെപറ്റി ചിന്തിക്കാൻ പറ്റും എന്നും അവർ ചോദിച്ചു. പി.ടി തോമസിന്റെ നിര്യാണത്തിന് ശേഷം തൃക്കാക്കരയിൽ ഇനിയാര് എന്ന ചോദ്യത്തിനുത്തരമായി പലരും പി.ടിയുടെ ഭാര്യ ഉമാ തോമസിന്റെ പേര് ഉന്നയിച്ചിരുന്നു. ഇത് വ്യാപകമായി ചർച്ചയാകുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഉമ ഇക്കാര്യം വ്യക്തമാക്കിയത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉമാ തോമസിന് പ്രഥമ പരിഗണന നൽകാൻ തന്നെയാണ് കോൺഗ്രസിൽ ഏകദേശ ധാരണ. എന്നാൽ ഉമയോട് മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ല എന്നാണ് വിവരം. മാത്രമല്ല മത്സരിക്കാൻ ഉമ സന്നദ്ധമാകുമോ എന്നതാണ് നിർണ്ണായകം. അതേ സമയം മത്സരിക്കില്ലെന്ന് ഉമ പറഞ്ഞിട്ടില്ല. മത്സരിക്കുന്നതിനെപറ്റി ചിന്തിച്ചിട്ടില്ല എന്നാണ് ഉമ മറുനാടനോട് പറഞ്ഞിരിക്കുന്നത്. പക്ഷേ കെപിസിസി നേതൃത്വം ഔദ്യോഗിക ചർച്ചകൾ തുടങ്ങികഴിഞ്ഞു. ഉമയോട് പ്രധാന നേതാക്കൾ തന്നെ നിലപാട് ചോദിച്ച് അറിയാനായിട്ടാണ് നിർദ്ദേശം. അതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. ഉമ മത്സരിക്കാൻ തയ്യാറായാൽ അവർക്ക് തന്നെയാകും പ്രഥമ പരിഗണന. ഇതിനായി കൊണ്ടു പിടിച്ച ശ്രമമാണ് നേതാക്കൾ നടത്തുന്നത്. ഉന്നത നേതാക്കൾ പലരും ഉമയുമായി ചർച്ച നടത്തി വരികയാണ്.
തൃക്കാക്കരയിൽ 59,839 വോട്ടിനാണ് പി.ടി വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി 45,510 വോട്ടുകൾക്കാണ് രണ്ടാമതെത്തിയത്. പി.ടിയുടെ ജന സമ്മതിയാണ് പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. പി.ടി അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കിൽ കോൺഗ്രസ്സിന് വിജയ സാധ്യത കുറവായിരുന്നു. ആ സാഹചര്യത്തിൽ പി.ടിയുടെ ഭാര്യയെ നിർത്തിയാൽ മാത്രമേ മണ്ഡലം നിലനിർത്താൻ കോൺഗ്രസ്സിന് കഴിയൂ. ഈ തിരിച്ചറിവാണ് നേതാക്കൾ ഉമയുമായി പങ്കു വച്ച് മത്സരിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റി ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. തൃക്കാക്കരയിലെ വോട്ടർമാർക്കും ഇതേ അഭിപ്രായം തന്നെയാണ് എന്നാണ് വലയിരുത്തൽ.
എഴുപതുകളിൽ മഹാരാജാസിലെ തീപ്പൊരി കെ.എസ്.യു നേതാവായിരുന്നു ഉമ. വിദ്യാർത്ഥി രാഷ്ട്രീയ സൗഹൃദമാണ് ഉമയേയും തോമസിനേയും ഒരുമിപ്പിച്ചത്. അതുകൊണ്ട് തന്നെ ഉമയ്ക്ക് രാഷ്ട്രീയ പശ്ചാത്തലവും ഉണ്ട്. തോമസിന്റെ പിൻഗാമിയായി ഉമ എത്തിയാൽ പിടി തോമസിന് അനുകൂലമായ വികാരം വോട്ടായി മാറും. തൃക്കാക്കരയിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനവും സുശക്തമാണ്. അതിനാൽ തൃക്കാക്കരയിൽ വിജയം ഉറപ്പിക്കാം. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് നീങ്ങുന്നത്.
തൃക്കാക്കര എ ഗ്രൂപ്പിന്റെ സീറ്റാണെന്നാണ് വയ്‌പ്പ്. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഗ്രൂപ്പു ചിന്തകൾക്ക് എതിരാണ്. പക്ഷേ നിർണ്ണായകമായ ഈ ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ അവർ തള്ളിക്കളയുകയുമില്ല. അങ്ങനെ വരുമ്പോൾ ഉമാ തോമസ് മത്സരിക്കാൻ വിസമ്മതം കാട്ടിയാൽ സുധാകരനും സതീശനും ഉമ്മൻ ചാണ്ടിയും ചേർന്നെടുക്കുന്ന തീരുമാനമാകും നിർണ്ണായകം.
കെപിസിസി മുൻ ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫിനും സീറ്റു കിട്ടാനുള്ള സാധ്യത ഏറെയാണ്. ദീപ്തി മേരി വർഗ്ഗീസ്, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ജേബി മേത്തർ എന്നീ പേരുകളും സജീവ പരിഗണനയിലുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.