- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിടിയുടെ പ്രസംഗമുണ്ടെന്ന് കേട്ടാൽ പെൺകുട്ടികളാണ് ആദ്യം ഇറങ്ങി ഓടി ചെല്ലുക; അത്രക്കിഷ്ടമാണ് പിടിയുടെ പ്രസംഗം; അക്കൂട്ടത്തിൽ ഞാനും ഓടിയിരുന്നു; ഫോണിലെ പ്രണായാഭ്യർത്ഥന ആദ്യം നിരസിച്ചു; ജീവിത കഥ മറുനാടനോട് പറഞ്ഞ് ഉമാ തോമസ്
കൊച്ചി: നീ മരിച്ചിട്ടേ ഞാൻ മരിക്കൂ.... എനിക്ക് നിന്നെ ജീവിതകാലം മുഴുവൻ നോക്കണം.... ജീവിത നൗകയിലേക്ക് ഉമാ തോമസിനെ കൈപിടിക്കുമ്പോൾ പി.ടി തോമസ് പറഞ്ഞ വാക്കുകളാണ്. പക്ഷേ ആ വാക്കു പാലിക്കാൻ കഴിയാതെ പി.ടി തോമസ് മടങ്ങി. ആ വേദനയിൽ തന്നെയാണ് ഉമാ തോമസ് ഇപ്പോഴും. പക്ഷേ.. പി.ടിയുടെ മരണമില്ലാത്ത ഓർമകൾ ഉമക്ക് പി.ടി അരികിലുണ്ട് എന്ന ആശ്വാസം പകരുന്നു. ആ മരണമില്ലാത്ത ഓർമകൾ അവർ മറുനാടനോട് പങ്കു വയ്ക്കുകയാണ്.
1980-85 കാലഘട്ടത്തിലാണ് പി.ടിയെ ആദ്യമായി കാണുന്നത്. അന്ന് മഹാരാജാസ് കോളേജിൽ പഠിക്കുകയായിരുന്നു ഞാൻ. പി.ടി അന്ന് കെ.എസ്.യുവിന്റെ പ്രസിഡന്റാണ്. കുട്ടികളെ കെ.എസ്.യുവിൽ ചേർക്കാൻ വേണ്ടി കോളേജിലെത്തി പ്രസംഗിക്കാറുണ്ട്. പി.ടിയുടെ പ്രസംഗമുണ്ടെന്ന് കേട്ടാൽ പെൺകുട്ടികളാണ് ആദ്യം ഇറങ്ങി ഓടി ചെല്ലുക. അത്രക്കിഷ്ടമാണ് പി.ടിയുടെ പ്രസംഗം. അക്കൂട്ടത്തിൽ ഞാനും ഓടിയിരുന്നു. അങ്ങനെയാണ് ഞാൻ പി.ടിയെ ആദ്യമായി കാണുന്നത്. പ്രസംഗത്തോടുള്ള ഇഷ്ടം പി.ടിയോടുള്ള ആരാധനയായി മാറി. ഇതിനിടയിൽ പി.ടി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കെ.എസ്.യുവിൽ അംഗത്വമെടുക്കാൻ എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ പെൺകുട്ടികളുടെ പ്രതിനിധിയാകുകയും പിന്നീട് വൈസ് ചെയർപേഴ്സണാകുകയും ചെയ്തു. പാർട്ടിയുടെ എല്ലാ പരിപാടികൾക്കും ഞങ്ങൾ പോയിരുന്നു. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു.
ആരാധന എന്നതിൽ കവിഞ്ഞ് എനിക്ക് പി.ടിയോട് പ്രണയമുണ്ടായിരുന്നില്ല. ഡിഗ്രി പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ എനിക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങി. ഇക്കാര്യം പി.ടി അറിഞ്ഞു. പാർട്ടിയുടെ ഒരു പരിപാടിക്കായി ഡൽഹിയിൽ പോയപ്പോൾ എന്റെ ചെറിയച്ഛന്റെ വീട്ടിൽ പോകാനിടയായി. അവിടെ വച്ചാണ് ഇക്കാര്യം അറിഞ്ഞത്. ഡൽഹിയിൽ നിന്നും തിരിച്ചു വന്നയുടൻ ഒരു കാര്യം പറയാനുണ്ടെന്നും നേരിൽ കാണമെന്നും പറഞ്ഞു.
പാർട്ടീ കാര്യമെന്തെങ്കിലും ആവും എന്നു കരുതി ഹോസ്റ്റലിൽ ഉണ്ടായിരുന്ന രണ്ട് കെ.എസ്.യു പ്രവർത്തകരായ പെൺകുട്ടികളെയും ഒപ്പം കൂട്ടി കാണാൻ പോയി. ഒപ്പം രണ്ടു പേർകൂടിയുള്ളതിനാൽ പി.ടി ഒന്നും പറഞ്ഞില്ല. എനിക്ക് പറയാനുള്ളത് ഇപ്പം പറയാനാകില്ല.. എന്ന് പറഞ്ഞ് തിരികെ പോയി. പിന്നീട് ഫോണിൽ വിളിച്ചാണ് പി.ടി പ്രണയം തുറന്നു പറഞ്ഞത്. വാസ്തവത്തിൽ ഞാൻ എനിക്ക് താൽപര്യമില്ല എന്നാണ് പറഞ്ഞത്. അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടില്ലാ എന്നും പി.ടിയോട് പറഞ്ഞു. എന്നാൽ പി.ടി പിന്മാറിയില്ല. നിരന്തരമായ പ്രണയാഭ്യർത്ഥനക്കൊടുവിൽ ഞാനും ഒടുവിൽ മനസ്സിലാക്കി പി.ടിയോട് ആരാധന മാത്രമല്ല സ്നേഹവും ഉണ്ടെന്ന്. ഒടുവിൽ സമ്മതം മൂളി.
അന്നത്തെകാലത്ത് എപ്പോഴും ഫോൺ വിളിക്കാൻ പറ്റില്ലായിരുന്നു. കത്തുകളിലൂടെയായിരുന്നു സംസാരം. അമ്പലത്തിൽ തൊഴാൻ പോകുമ്പോൾ യൂത്ത് കോൺഗ്രസ്സ് ഹൗസിലെ ആരെങ്കിലുമായിരിക്കും കത്തുകൊണ്ടു തരിക. സാധാരണ രീതിയിലല്ല കത്ത് എഴുതിയിരുന്നത്. ഞങ്ങൾക്ക് മാത്രം മനസ്സിലാകുന്ന ചില കോഡു ഭാഷകളുണ്ടായിരുന്നു. അങ്ങനെ രാഷ്ട്രീയവും പ്രണയവുമായി കലാലയ ജീവിതം മുന്നോട്ട് പോയി. ഒടുവിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരാകുകയായിരുന്നു.
എന്റെത് ബ്രഹ്മണകുടുംബമായിരുന്നതിനാൽ ഞങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു. ഒരുപാട് സംസാരിച്ചെങ്കിലും അവർക്ക് സമ്മതമല്ലായിരുന്നു. ബ്രാഹ്മണനല്ല എന്ന കുറവ് മാത്രമാണ് അവർ കണ്ടത്. അല്ലാതെ മറ്റൊരു കാര്യത്തിലും വിയോജിപ്പില്ലായിരുന്നു. അമ്മയ്ക്ക് പി.ടിയോട് വലിയ സ്നേഹമായിരുന്നു. എന്നെ വിളിക്കുമ്പോൾ അമ്മയുമായും സംസാരിക്കുമായിരുന്നു. അമ്മയോട് മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എന്ത് കാര്യം ചെയ്യുന്നതിനുമുൻപ് പി.ടിയോട് അഭിപ്രായം ചോദിച്ചിട്ടെ ചെയ്യുമായിരുന്നുള്ളൂ. അത്രകണ്ട് അവരുടെ മനസ്സിൽ ഇടെ പിടിച്ചയാളായിരുന്നു പി.ടി. പി.ടിക്കൊപ്പം പോന്നതിന് ശേഷം മിണ്ടുകയില്ലായിരുന്നു. പിന്നീട് മകൻ ജനിച്ചതോടെ അവർ ഞങ്ങളെ കാണാനെത്തി. ആ സ്നേഹം വീണ്ടും പൂത്തു തളിർത്തു.
പി.ടിക്ക് ഒരിക്കലും രാഷ്ട്രീയം ഒഴിവാക്കാൻ കഴിയില്ലെന്ന് വിവാഹ ശേഷമാണ് എനിക്ക് മനസ്സിലായത്. ഒപ്പം പോരുമ്പോൾ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനാണെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല, മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. പ്രാക്ടീസിന് പോകുന്നതിനേക്കാൾ മുൻഗണന പാർട്ടീ കാര്യങ്ങൾക്കായിരുന്നു. അതിനാൽ തന്നെ ഒരു ജോലി എനിക്ക് വേണമെന്ന് തീരുമാനത്തിലെത്തി. മോന് മൂന്നു വയസ്സു പൂർത്തിയായികഴിഞ്ഞപ്പോൾ ജോലിക്ക് പോയി. ആദ്യം പി.ടിയുടെ തന്നെ സുഹൃത്ത് ആർ ഗോപാലകൃഷ്ണന്റെ എൻസൈക്ലോപീഡിയയിലായിരുന്നു ജോലി. പിന്നീട് എ.വി.ടിയിൽ 23 വർഷം ജോലി ചെയ്തു. ഒടുവിൽ ഇപ്പോൾ ആസ്റ്റർ മെഡ്സിറ്റിയിൽ ഫിനാൻസിൽ ജോലി ചെയ്യുന്നു. പി.ടിക്ക് സുഖമില്ലാതായതോടെ ജോലിയിൽ നിന്നും അവധിയെടുത്തിരിക്കുകയായിരുന്നു. ഇനി എല്ലാ ചടങ്ങുകളും കഴിഞ്ഞ് മനസ്സ് നേരെയാകുമ്പോൾ തിരികെ ജോലിയിൽ പ്രവേശിക്കും.
പി.ടിയുടെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഏറെവേദനിപ്പിച്ചത് സാധാരണക്കാരായ ആളുകളുടെ വിഷമമാണ്. നേരിൽ പോലും കാണാത്തവർ ഇവിടെ എത്തി എന്റെ മുന്നിൽ പൊട്ടിക്കരയുകയാണ്. അത്രമേൽ ഓരോരുത്തരുടെയും മനസ്സിൽ കുടിയേറിയ ഒരാളായിരുന്നു പി.ടി. വിലാപയാത്രയിൽ പലരും അർദ്ദരാത്രിയിൽ ഒരു നോക്ക് കാണാനായി കൊടുംതണുപ്പിലും കാത്തു നിന്നകാഴ്ചകൾ കരളു പിടക്കുന്നതായിരുന്നു. ആർക്കും കിട്ടാത്ത രാജകീയ യാത്രയപ്പാണ് ജനങ്ങൾ അദ്ദേഹത്തിന് നൽകിയത്. അതിന് എല്ലാവരോടും നന്ദി പറയുകയാണ്. പി.ടിക്ക് നൽകിയ സ്നേഹം എനിക്കും മക്കൾക്കും നൽകണമെന്ന് മാത്രമാണ് പറയാനുള്ളത്. ഇനിയുള്ള കാലം അദ്ദേഹത്തിന്റെ ഓർമ്മകൾ എനിക്കും കുഞ്ഞുങ്ങൾക്കും കൂട്ടായിട്ടുണ്ടാകും.