കൊച്ചി: ജനപ്രിയനായ പി ടി തോമസിന്റെ മരണത്തോടെ ഒഴിവു വന്ന തൃക്കാക്കര സീറ്റ് നിലനിർത്തുക കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. എന്നും കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ വലിയ മാർജിനിലെ വിജയം അനിവാര്യമാണ്.

ഉമ കെ തോമസ് സമ്മതിച്ചതോടെ അവർക്ക് തന്നെ നറുക്ക് വീണു. പഴയ കെ എസ്‌യുക്കാരിയായ ഉമ മഹാരാജാസ് കോളേജിലെ പഴയ വൈസ് ചെയർപേഴ്‌സണുമാണ്. അതുകൊണ്ട് ഉമയ്ക്ക് രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. ഈ സാഹചര്യത്തിൽ ഉമയെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം അതിശക്തമായിരുന്നു.

പിടി തോമസിനുള്ള ജനപിന്തുണ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് തൃക്കാക്കരയിലെ രവിപുരത്ത് നൽകിയ അന്ത്യയാത്ര. നിലപാടുകൾ മരണത്തിലും കാത്തു സൂക്ഷിച്ച നേതാവ്. ഇതിനൊപ്പമായിരുന്നു ഭാര്യയും കുടുംബവും എന്നും നിലകൊണ്ടത്. മഹാരാജാസിലെ കെ എസ് യു പ്രവർത്തനത്തിനിടെ തുടങ്ങിയ പ്രണയവും വിവാഹവുമെല്ലാം പൊതു സമൂഹത്തിൽ ചർച്ചയുമായി. അതുകൊണ്ട് തന്നെ ഉമയാണ് ശരിയായ സ്ഥാനാർത്ഥിയെന്ന വികാരം കോൺഗ്രസ് അണികളിൽ സജീവമായിരുന്നു.

അത്രമേൽ സ്‌നേഹിക്കയാൽ..

എല്ലാവർക്കും അറിയാവുന്നതുപോലെ നിലപാടുകളുടെ രാജകുമാരനായിരുന്നു പി ടി. അത് രാഷ്ട്രീയത്തിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു. പ്രണയത്തിന്റെ പൂക്കാലത്തിൽ പെട്ട് ജാതിയും മതവും മറന്നുപോയവരല്ലായിരുന്നു പി ടിയും ഉമയും. അവർ അതുരണ്ടും സാരമാക്കിയതേയില്ല. ജാതിയും മതവും നോക്കാതെ, ധീരമായ പ്രണയവും, വിവാഹ ജീവിതവും. മഹാരാജാസിന്റെ മനോഹര കാമ്പസിൽ കണ്ടുമുട്ടിയ നാൾ മുതൽ പ്രണയം. ഉമ അന്ന് അവിടെ ബിരുദ വിദ്യാർത്ഥിനിയാണ്. അതിനോടകം മഹാരാജാസ് വിട്ടിരുന്നെങ്കിലും കെഎസ്‌യു സംസ്ഥാന ഭാരവാഹി എന്ന നിലയിൽ പി.ടി ക്യാപംസിൽ സ്ഥിരം സാന്നിധ്യമായിരുന്നു. അക്കാലത്ത് മഹാരാജാസിലെ കെഎസ്‌യുവിന്റെ സജീവ പ്രവർത്തകയായിരുന്നു ഉമ. സംഘടനാ പ്രവർത്തനങ്ങൾക്കിടെ രൂപപ്പെട്ട സൗഹൃദം വൈകാതെ പ്രണയമായി മാറി.

ഉമയുമായുള്ള പ്രണയത്തെക്കുറിച്ച് പി.ടി പറഞ്ഞതിങ്ങനെ : കോളേജിലെ കെഎസ്‌യു പ്രവർത്തനത്തിനിടെയാണ് ഉമയുമായി അടുക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ സൗഹൃദം ഉമയുടെ വീട്ടുകാരിലേക്കും വ്യാപിച്ചു. ഉമയുടെ അമ്മയുമായി ഫോണിലൂടെ ഒരുപാട് സംസാരിച്ചിരുന്നു. മറ്റു ബന്ധുക്കളുമായി പരിചയമുണ്ടായിരുന്നു. എന്നാൽ അപ്പോൾ ഒന്നും പ്രണയത്തിലായിരുന്നില്ല. പിന്നീട് എപ്പോഴോ ഉമയോട് സൗഹൃദത്തിനപ്പുറം മറ്റൊരിഷ്ടം തോന്നി. പക്ഷേ അവളോട് അതു തുറന്നു പറയാൻ പറ്റിയില്ല. ഉമയ്ക്ക് വീട്ടിൽ വിവാഹം ആലോചിക്കുന്നുവെന്ന് അറിഞ്ഞതോടെ രണ്ടും കൽപിച്ച് കാര്യം പറയാൻ തീരുമാനിച്ചു. ഞാൻ ആവശ്യപ്പെട്ട പ്രകാരം ഉമയെന്നെ കാണാൻ വന്നു. പക്ഷേ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. അതു കാരണം ഒന്നും പറയാൻ എനിക്ക് പറ്റിയില്ല. പിന്നെ ഫോണിലൂടെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. ഉമയും അനുകൂലമായി പ്രതികരിച്ചതോടെയാണ് ഞങ്ങളുടെ പ്രണയകഥ തുടങ്ങുന്നത്.

എതിർപ്പുകൾ വകവയ്ക്കാതെ വിവാഹം

സമ്പന്ന ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു ഉമ. ക്രിസ്ത്യാനി പയ്യനോടുള്ള ഉമയുടെ പ്രണയം ഉമയുടെ ബ്രാഹ്മണ കുടുംബത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അന്യമതസ്ഥനും ഇടുക്കിയിലെ കർഷക കുടുംബത്തിലെ അംഗവുമായ പി.ടി തോമസുമായുള്ള ഉമയുടെ പ്രണയം വീട്ടുകാർ എങ്ങനെ അംഗീകരിക്കാൻ. ഉമയെ കല്ല്യാണം കഴിക്കുന്നതിൽ പി.ടി. തോമസിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നില്ല. കല്ല്യാണം പള്ളിയിൽ വെച്ച് നടത്തണമെന്നൊരു നിർബന്ധം മാത്രമായിരുന്നു പി.ടിയുടെ അമ്മയ്ക്കുണ്ടായിരുന്നത്. കുടുംബത്തെ അനുനയിപ്പിക്കാൻ ഉമയും പി.ടിയും എല്ലാ തരത്തിലും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ രണ്ടും കൽപിച്ച് പി.ടി ആ തീരുമാനമെടുത്തു.

ഉമയെ വിളിച്ചിറക്കി കൊണ്ടു വരിക എന്ന തീരുമാനം. ഉമയേയും പി.ടിയേയും ഒന്നിപ്പിക്കാനുള്ള ചുമതലയേറ്റെടുത്ത് സുഹൃത്തും കോൺഗ്രസ് നേതാവുമായ വയലാർ രവിയും രംഗത്തിറങ്ങി. പക്ഷേ തടസ്സങ്ങൾ പിന്നാലെ വന്നു. കാനോൻ നിയമപ്രകാരം ആരെങ്കിലും ഒരാൾ ക്രിസ്ത്യൻ വിശ്വാസി ആയാൽ പള്ളിയിൽ വെച്ച് വിവാഹം നടത്താനാവുമെന്ന് പിടി തോമസ് മനസ്സിലാക്കി. അതിനുള്ള ശ്രമങ്ങളാണ് പി.ടി പിന്നീട് നടത്തിയത്. ബിഷപ്പിനെ ഇതിനായി വിളിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ഇതോടെ വിവാഹം വീണ്ടും പ്രതിസന്ധിയിലായി.

പള്ളിക്കാരും മതവിശ്വാസികളും ചേർന്ന് ഇരുവരും തമ്മിലുള്ള വിവാഹത്തെ പരമാവധി തകർക്കാനാണ് ശ്രമിച്ചത്. പക്ഷേ കോതമംഗലം സെയ്ന്റ് ജോർജ് ഫൊറാന ചർച്ചിലെ ജോർജ് കുന്നംകോട്ട് ഇരുവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. വിവാഹ ദിവസം മറ്റൊരു ഹീറോയിസം കൂടി പി.ടിയിൽ നിന്നുണ്ടായി. ആ ദിവസം പി.ടി ഉമയെയും കൂട്ടി നേരെ പോയത് വയലാർ രവിയുടെ വീട്ടിലേക്കാണ്. മകൾ തനിക്കൊപ്പം ഉണ്ടെന്നും സുരക്ഷിതയാണെന്നും അദ്ദേഹം ഉമയുടെ പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. വയലാർ രവിയുടെ വീട്ടിൽ നിന്നും ഒരുങ്ങി പ്രതിശ്രുത വധൂവരന്മാർ കോതമംഗലത്തെ ക്‌നാനായ പള്ളിയിലേക്ക് എത്തി. പി.ടിയുടെ വീട്ടുകാരുടേയും മഹാരാജാസിലേയും പാർട്ടിയിലേയും സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഉമയെ പിടി ജീവിതസഖിയാക്കി.

വയലാർ രവിയെ കൂടാതെ ബെന്നി ബെഹന്നാൻ,വർഗ്ഗീസ് ജോർജ് പള്ളികര, കെടി ജോസഫ്, ജയപ്രസാദ് തുടങ്ങി യുവനേതാക്കളെല്ലാം പാർട്ടി പരിപാടി എന്ന പോലെ വിവാഹം വിജയകരമാക്കാൻ മുന്നിൽ നിന്നു.

പി.ടിയുടെ പ്രണയ ഓർമ

ആത്മാർത്ഥതയുള്ള പ്രണയം എന്നും നെഞ്ചിലേറ്റാൻ പോന്ന പരിപാവനമായ ഒരോർമ്മയാണ് എന്ന് പി.ടി. തോമസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

'മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ...''-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ ഈ ഗാനം അവരെ അടുപ്പിച്ചു. ഉമയേയും പി.ടിയേയും. അന്ന് ഈ കലാലയമുറ്റത്തെ വേദിയിൽ നിന്ന് ഞാൻ പാടുമ്പോഴാണ് പി.ടി. അങ്ങോട്ടേക്ക് കയറിവന്നത്. പി.ടി.യെ ഞാൻ ആദ്യമായി കാണുന്നത് ആ ഗാനം പാടിക്കൊണ്ടിരിക്കുമ്പോഴാണ്. അവിടെ തുടങ്ങിയ സൗഹൃദവും പ്രണയവുമൊക്കെ വിവാഹത്തിലെത്തി. ഉമാ ഹരിഹരൻ അങ്ങനെ പി.ടി തോമസിന്റെ ജീവിത സഖിയായി. ഉമയും ആ സമയത്ത് കെ.എസ്.യു.വിന്റെ സജീവപ്രവർത്തകയായിരുന്നു. പ്രീഡിഗ്രിക്കുപഠിക്കുമ്പോൾ കോളേജ് യൂണിയനിലെ വനിതാപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഉമ ഡിഗ്രിക്കുപഠിക്കുമ്പോൾ വൈസ് ചെയർപേഴ്സണുമായി'' -പി.ടി. പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നത്.

'എനിക്ക് ഉമയെ കണ്ടപ്പോൾത്തന്നെ ഇഷ്ടം തോന്നിയിരുന്നു. എന്നാൽ, പ്രണയത്തിന്റെ കാര്യം അപ്പോൾ അവളോട് തുറന്നുപറഞ്ഞിരുന്നില്ല. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദമാണ് ആദ്യമുണ്ടായിരുന്നത്. ഞാൻ ഉമയുടെ വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ അവളുടെ അമ്മയുമായി ഒരുപാട് സംസാരിക്കുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞ് അമ്മയുടെ അനുജത്തി വഴി ഉമയ്ക്ക് കല്യാണാലോചനകൾ വരുന്നെന്നറിഞ്ഞപ്പോഴാണ് ഉമയോട് വിഷയം അവതരിപ്പിക്കാമെന്നുകരുതിയത്'' -ഇങ്ങനെയാണ് പ്രണയവും വിവാഹവും യാഥാർത്ഥ്യമാകുന്നത്. ആ കഥയും പി.ടി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്.

'അന്ന് എന്നെ കാണണമെന്ന് പി.ടി. പറഞ്ഞപ്പോൾ സംഘടനയുടെ എന്തെങ്കിലും കാര്യം പറയാനാകുമെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ടുതന്നെ ലേഡീസ് ഹോസ്റ്റലിന്റെ അടുക്കൽവെച്ച് കാണാമെന്നുപറഞ്ഞപ്പോൾ രണ്ട് കൂട്ടുകാരികളെയുംകൂട്ടിയാണ് ഞാൻ പോയത്''-ഉമ പറഞ്ഞത് ഇങ്ങനെയാണ്. 'പ്രണയം അവതരിപ്പിക്കാൻച്ചെന്ന ഞാൻ പിന്നെന്തുചെയ്യാനാണ്. മറ്റൊരിക്കൽ സംസാരിക്കാമെന്നുപറഞ്ഞ് ഉള്ളിലൊളിപ്പിച്ച പ്രണയവുമായി ഞാൻ മടങ്ങി. പിന്നെ ഫോണിലൂടെ ഞാനത് പറഞ്ഞു''-പി.ടി തന്നെ വെളിപ്പെടുത്തിയത് അങ്ങനെയായിരുന്നു.

വീട്ടുകാരുടെ എതിർപ്പോടെ സംഭവബഹുലമായ പ്രണയം രജിസ്റ്റർ മാരേജിലേക്കെത്തി. 'ഞങ്ങളുടെ പ്രണയത്തെപ്പറ്റി വയലാർ രവിക്കും ഭാര്യ മേഴ്സിക്കും അറിയാമായിരുന്നു. അവരോടൊപ്പം ബെന്നി ബെഹനാനും വർഗീസ് ജോർജും പ്രസാദും കെ.ടി. ജോസഫും പിന്തുണ പ്രഖ്യാപിച്ചതോടെ ധൈര്യമായി. അങ്ങനെയാണ് രജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിക്കുന്നത്. വെളുപ്പിന് കാറുമായി വീട്ടിലെത്തുമെന്നും ഇറങ്ങിവരണമെന്നും നേരത്തേതന്നെ ഉമയോടുപറഞ്ഞിരുന്നു. മേഴ്സിച്ചേച്ചി ഉമയ്ക്കായി ഒരു സാരിയും താലിമാലയും വാങ്ങിവെച്ചിരുന്നു. വെളുപ്പിന് ഞാൻ കാറുമായി വരുമ്പോൾ ഉമ വീടിനുമുന്നിൽ കോലം വരയ്ക്കുകയായിരുന്നു. രജിസ്റ്റർ മാര്യേജ് കഴിഞ്ഞ് ഞങ്ങൾ ഇടുക്കിയിലെ എന്റെ വീട്ടിലേക്കാണ് പോയത്''-പി.ടി ആ വിവാഹ കഥ മുമ്പ് പറഞ്ഞത് ഇങ്ങനെയാണ്.

വിവാഹ ശേഷം തന്റെ വീട്ടിലേക്ക് ഉമയുമായി തോമസ് എത്തി. അമ്മയോട് നേരത്തെ തന്നെ എല്ലാം പറഞ്ഞിരുന്നു. അതുകൊണ്ട് അവിടെ വലിയ പ്രശ്നമുണ്ടായില്ല.

മക്കളും മാതാപിതാക്കളുടെ വഴിയേ

വിവാഹത്തിന് ശേഷവും മതം ഇരുവരുടേയും ജീവിതത്തിൽ ഒരു വിഷയമായില്ല. ദമ്പതികൾക്ക് പിന്നീട് രണ്ട് ആണ്മക്കൾ ജനിച്ചു. മൂത്തയാൾക്ക് വിഷ്ണുവെന്നും രണ്ടാമന് വിവേക് എന്നും പേരിട്ടു. സ്വാമി വിവേകാനന്ദനോടുള്ള ഇഷ്ടം മനസിൽ സൂക്ഷിച്ചാണ് പി.ടി ഇളയ മകന് വിവേക് എന്ന് പേരുനൽകിയത്. 2020- ഒക്ടോബറിലായിരുന്നു വിഷ്ണുവിന്റെ വിവാഹം. ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച് വളരാനുള്ള സ്വാതന്ത്ര്യം മക്കൾക്കും പി.ടിയും ഉമയും നൽകി. തങ്ങളുടെ വിവാഹത്തിൽ എന്ന പോലെ വലിയ ആഡംബരങ്ങളില്ലാതെ ആണ് മക്കളുടെ വിവാഹവും പിടി നടത്തിയത്.

പി.ടിയെ മടക്കി അയച്ചത് രാജാവിനെ പോലെയെന്ന് ഉമ

പി.ടി. തോമസിനെ രാജാവിനെപ്പോലെയാണ് പൊതുജനം യാത്രയാക്കിയതെന്ന് ഉമ തോമസ് പറഞ്ഞിരുന്നു. പി.ടിയെ നെഞ്ചിലേറ്റിയ എല്ലാവരോടും നന്ദി അറിയിക്കവേയാണ് അവർ അത് പറഞ്ഞത്. പി.ടി. തോമസിനെ സാധാരണക്കാരാണ് നെഞ്ചിലേറ്റിയതെന്ന് മനസ്സിലായെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

പി.ടിയെ തോൽപ്പിക്കാൻ അസുഖത്തിന് മാത്രമാണ് സാധിച്ചത്. മറ്റൊരിടത്തും പിടി തോറ്റിട്ടില്ല. അതെല്ലാം ജനങ്ങൾ മനസിലാക്കി. എനിക്കവരെ മറക്കാൻ സാധിക്കുന്നില്ല. ഇടുക്കിയുടെ സൂര്യനാണെന്ന് പറയുന്നത് കേട്ടപ്പോൾ പൊട്ടിക്കരയാനാണ് തോന്നിയത്, ഉമ തോമസ് സംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി അനുസ്മരിച്ചു.

ഉമ പൊതുവേദിയിൽ എത്തിയത് നടിയെ ആക്രമിച്ച കേസിന് വേണ്ടി

ഒരുപക്ഷേ പി.ടി. തോമസ് ഇല്ലായിരുന്നെങ്കിൽ, നടിയെ ആക്രമിച്ച കേസ് വെളിച്ചം കാണുമായിരുന്നോ എന്നുസംശയം. പി.ടിയുടെ മരണ ശേഷം ഉമ തോമസ് ആദ്യമായി പൊതുവേദിയിൽ പ്രത്യേക്ഷപ്പെട്ടതും ഈ കേസുമായി ബന്ധപ്പെട്ട സത്യഗ്രഹ സമരത്തിന് വേണ്ടിയാണ്. ഗാന്ധി സ്‌ക്വയറിൽ നടൻ രവീന്ദ്രൻ, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ സത്യഗ്രഹത്തിലായിരന്നു ഉമയുടെ പങ്കാളിത്തം. ' പിടി തോമസ് ഉണ്ടായിരുന്നെങ്കിൽ നടിക്കൊപ്പം ഉറച്ചുനിന്നേനെ. സംഭവദിവസം പിടി അനുഭവിച്ച സമ്മർദ്ദം താൻ നേരിൽ കണ്ടിട്ടുണ്ട് എന്നും ഉമതോമസ് പറഞ്ഞിരുന്നു.

ഇനി ഉമയുടെ ഊഴം

മഹാരാജാസിന്റെ കാമ്പസിൽ തുടങ്ങിയ പ്രണയത്തിന് ഒടുവിൽ ഉമയെ തനിച്ചാക്കി പി.ടി കടന്നുപോയി. ഇനി കോൺഗ്രസ് ഏൽപ്പിച്ച പുതിയ ദൗത്യത്തിൽ ഉമയുടെ ഊഴമാണ്. തന്റേതായ ഉറച്ച നിലപാടുകളിലൂടെ മുന്നേറുകയാണ് ഉമയുടെ മുന്നിൽ തെളിയുന്ന വഴി.

കോൺഗ്രസ് ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ, തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിലേക്ക് വീഴുകയായി. വനിതാ സ്ഥാനാർത്ഥിയെ നിർത്തി എൽഡിഎഫ് പോരിന് ചൂട് കൂട്ടിയേക്കാം. ബിജെപിയും, ആംആദ്മി-ട്വന്റി 20 പാർട്ടികളും വോട്ടുകൾ ചോർത്തിയേക്കാം. ഇനി പുതിയ വെല്ലുവിളികളുടെ നാളുകളാണ്.