- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1996 ഏപ്രിൽ 10-ന് മുമ്പ് താത്കാലിക നിയമനം നേടിയവർക്ക് മാത്രമേ സ്ഥിരനിയമനം അവകാശപ്പെടാനാകുകയുള്ളൂ എന്ന സുപ്രീംകോടതി വിധി മറന്ന് നൂറുകണക്കിന് പേരെ നിയമിച്ച ഒന്നാം പിണറായി സർക്കാർ; സൃഷ്ടാക്കൾ തന്നെ അന്തകരാകുന്നു; പിൻവാതിലുകാരെല്ലാം തെറിക്കും; രണ്ടാം പിണറായി സർക്കാരിൽ നിന്നും ആരും പ്രതീക്ഷിക്കാത്ത ഒരു ഉത്തരവ്
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന പിൻവാതിൽ സ്ഥിര നിയമനങ്ങളെ എല്ലാം വെട്ടിലാക്കി സർക്കാരിന്റെ പുതിയ ഉത്തരവ്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തുന്ന ധനവകുപ്പിന്റെ തീരുമാനമാണ് ഇതിന് കാരണം. വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ ഇതുവരെ സർക്കാർ ഉപയോഗിച്ചിരുന്ന, 2006ലെ ഉമാദേവി കേസിലെ സുപ്രീംകോടതി വിധി തന്നെ ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ വിലക്ക്. ഇതോടെ പഴയ നിയമനങ്ങൾ അസാധുവാകാനുള്ള സാധ്യതയും കൂടി.
വിധിയിൽ ഒരു തവണത്തേക്കാണു സ്ഥിരപ്പെടുത്തൽ അനുവദിച്ചത്. അതു ചൂണ്ടിക്കാട്ടിയാണ് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു നൂറുകണക്കിനു പേരെ സ്ഥിരപ്പെടുത്തയത്. വിധി ഒറ്റത്തവണത്തേക്കാണെന്നും അതിന്റെ ചുവടുപിടിച്ച് ഒരു സർക്കാർ വകുപ്പും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്നുമാണു ധനവകുപ്പിന്റെ നിർദ്ദേശം. ഇതിനു വിരുദ്ധമായ നിലപാടെടുക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. എല്ലാ സ്ഥിര നിയമനങ്ങളും പരസ്യപ്പെടുത്തണം. ഫലത്തിൽ പഴയ സ്ഥിരം നിയമനങ്ങൾ ചോദ്യം ചെയ്യപ്പെട്ടാൽ അതെല്ലാം റദ്ദാക്കേണ്ടി വരും. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ താൽകാലികക്കാർക്ക് അനുകൂലമായ പ്രസ്താവനയും ചോദ്യം ചെയ്യപ്പെടും.
കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തലിന് സർക്കാർ അടിസ്ഥാനമാക്കുന്ന ഉമാദേവി കേസിൽ 2006 ഏപ്രിൽ 10-നാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുണ്ടായത്. ഈ വിധിയുടെ വ്യവസ്ഥകൾ പാലിച്ചുമാത്രമേ സ്ഥിരപ്പെടുത്തൽ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ എന്ന് കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. പ്രധാനവ്യവസ്ഥകൾ ഇങ്ങനെയാണ്. താത്കാലിക നിയമനം ലഭിച്ചവർ ആ തസ്തികയ്ക്ക് പൂർണ്ണയോഗ്യതയുള്ളവർ ആയിരിക്കണം. അംഗീകൃത തസ്തികകളിലേക്കായിരിക്കണം നിയമനം. തുടർച്ചയായി 10 വർഷം സർവ്വീസ് ഉണ്ടായിരിക്കണം. ഇതു കോടതി ഉത്തരവുകളുടെ ബലത്തിലുള്ളതാകരുത്.
2006 ഏപ്രിൽ 10-നുള്ളിൽ പത്തുവർഷത്തെ സേവനകാലയളവ് ഉണ്ടായിരിക്കണം. അതായത് 1996 ഏപ്രിൽ 10-ന് മുമ്പ് താത്കാലിക നിയമനം നേടിയവർക്ക് മാത്രമേ സുപ്രീംകോടതി വിധിയുടെ പരിരക്ഷയിൽ സ്ഥിരനിയമനം അവകാശപ്പെടാനാകുകയുള്ളൂ. 10 വർഷം പൂർത്തിയാക്കുന്നവരെയെല്ലാം ഉമാദേവി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമിക്കാൻ കഴിയില്ല. പ്രസ്തുതകേസ് പരിഗണിച്ചുകൊണ്ട് 10 വർഷം പൂർത്തീകരിച്ചവരെ സ്ഥിരപ്പെടുത്തുന്നതിന് ഒറ്റത്തവണ മാത്രമാണ് കോടതി അവസരം നൽകിയിട്ടുള്ളത്. ഇതേ മാതൃകയിൽ വീണ്ടും സ്ഥിരപ്പെടുത്തൽ നടത്തരുതെന്നും ഉത്തരവിലുണ്ട്. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് താൽകാലികക്കാരെ സ്ഥിരപ്പെടുത്തിയത്.
അന്നും ഈ കേസിലന്റെ വിധിപകർപ്പ് പരിശോധിച്ച നിയമവകുപ്പ് നിയമവിരുദ്ധത സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. നിയമോപദേശത്തിന്റെ പകർപ്പ് ധന അഡീഷണൽ ചീഫ് സെക്രട്ടറി വിവിധ വകുപ്പുകൾക്കും കൈമാറിയിരുന്നു. ഇതൊന്നും പിണറായി അന്ന് പരിഗണിച്ചില്ല. എന്നാൽ ഇപ്പോൾ വീണ്ടും ഈ വിധി ഗൗരവത്തോടെ എടുക്കുന്ന ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയോട്. സാമ്പത്തിക സ്ഥിതി തകർന്ന സാഹചര്യത്തിലാണ് ഇതെല്ലാമെന്നാണ് ഉയരുന്ന വാദം. എതായാലും താൽകാലികക്കാർക്ക് ഇനി സ്ഥിരപ്പെടൽ അത്ര എളുപ്പമാകില്ല. കോടതി വിധികളുടെ അടിസ്ഥാനത്തിൽ കരാർ കാലാവധി നീട്ടിക്കിട്ടിയാലും അതിനെ സ്ഥിരനിയമനമായി കണക്കാക്കാനാകില്ലെന്നും ധനവകുപ്പിന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തായിരുന്നു താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. ഇതിനെതിരെ പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സമരത്തിനും പോയി. ഹൈക്കോടതി നിരീക്ഷണങ്ങളും സർക്കാരിന് തിരിച്ചടിയായി. തുടർ ഭരണത്തിന് ശേഷം എല്ലാം വീണ്ടും പരിഗണിക്കുമെന്ന സൂചനയും സർക്കാർ അന്ന് നൽകിയിരുന്നു. എന്നാൽ അധികാരത്തിലെത്തുന്ന സർക്കാർ നേരെ തിരിയുകയാണ്. ഉമാ ദേവി കേസിന്റെ കാര്യം പറഞ്ഞു തന്നെ താൽകാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് തടയുന്നു. നേരത്തെ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ മുട്ടുമടക്കുകയായിരുന്നു സർക്കാർ. സമരത്തെ തുടർന്ന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് മുമ്പ് തന്നെ മിക്ക വകുപ്പുകളിലും നിയമനങ്ങൾ നടന്നിരുന്നു. പുതിയ ധനവകുപ്പ് ഉത്തരവ് പ്രകാരം അതൊന്നും നിയമപരമല്ലെന്ന വിലയിരുത്തൽ സജീവമാണ്.
സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യോഗം വിലയിരുത്തി. സ്ഥിരപ്പെടുത്തൽ പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് തീരുമാനത്തിൽനിന്ന് പിന്നോട്ടുമാറാൻ സർക്കാർ തീരുമാനിച്ചത്. തുടർഭരണം കിട്ടിയാൽ താൽകാലികക്കാരെ വീണ്ടും നിയമിക്കുമെന്നും പിണറായി പറഞ്ഞിരുന്നു. എന്നാൽ കേരളത്തിലെ ഖജനാവിൽ ഒന്നുമില്ല. ഈ സാഹചര്യത്തിൽ നിയമന നിരോധനം പോലൊരു അവസ്ഥ ഉണ്ടാകുമെന്ന ആശങ്ക സർക്കാരിനുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് താൽകാലിക്കാരുടെ നിയമനത്തിന് നിരോധനം ഏർപ്പെടുത്തുന്നത്.
വിവിധ വകുപ്പുകളിൽ സർക്കാർ നടത്തിയ സ്ഥിരപ്പെടുത്തലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തു വന്നിട്ടുണ്ട്. ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയിൽ വീഴ്ചയില്ല. 10 വർഷം മുതൽ 20 വർഷം വരെ കാലാവധിയുള്ളവർക്ക് മാനുഷികപരിഗണന കണക്കിലെടുത്താണ് സ്ഥിര നിയമനം നൽകിയത്. പിഎസ്‌സി ലിസ്റ്റ് ഇല്ലാത്ത സ്ഥാപനങ്ങളിൽ മാത്രമാണ് നിയമനം നടത്തുന്നത്. ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നു എന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി 2021ൽ ആരോപിച്ചിരുന്നു. മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2021ൽ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയാണെന്നതിന്റെ കുറിപ്പുകൾ പുറത്തുവന്നിരുന്നു. നിയമവകുപ്പിന്റെയും ധനവകുപ്പിന്റെയും എതിർപ്പുകൾ മറികടന്നായിരുന്നു ഈ നിയനങ്ങളെല്ലാം.
കിലയിലും കെൽട്രോണിലും നടന്ന കൂട്ട നിയമനങ്ങൾ മാത്രമാണ് ചർച്ചയായത്. ഒന്നും രണ്ടുംപേരെ വച്ച് വിവിധ സ്ഥലങ്ങളിലായി നടത്തിയ നിയമനങ്ങൾ ആരുടെയും ശ്രദ്ധയിൽപെടാതെ പോകുകയായിരുന്നു. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ വരുന്ന കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ എൽ.ഡി. ക്ലർക്കുമാരായി രണ്ടുപേർക്കാണ് സ്ഥിര നിയമനം നൽകിയത്. സാക്ഷരതാ മിഷനിലും സ്‌കോൾ കേരളയിലും വൻ ശമ്പളത്തിന് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നടത്തിയ ശ്രമം വിവാദമായതോടെ മാറ്റിവയ്ക്കുകയായിരുന്നു. സാക്ഷരതാ മിഷനിൽ 83 പേരെയാണ് സ്ഥിരപ്പെടുത്താൻ ശ്രമിച്ചത്.
കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് സർക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചുള്ള ഈ നിയമനങ്ങൾ അന്ന് നടത്തിയത്. 10 വർഷത്തെ സർവീസ് കാലാവധി വച്ചാണ് മിക്ക സ്ഥാപനങ്ങളിലും സ്ഥിരപ്പെടുത്തൽ നടന്നതെങ്കിലും ഇതുപാലിക്കാതെയും പട്ടികകൾ പല സ്ഥലത്തും തയാറാക്കിയിരുന്നുവെന്നതും വിവാദമായി എത്തി.
മറുനാടന് മലയാളി ബ്യൂറോ