പാലക്കാട്: നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിൽ നിനിതയുടെ ഭർത്താവും സിപിഎം നേതാവുമായ എം ബി രാജേഷിനെ വെല്ലുവിളിച്ച് കാലടി സർവകലാശാലയിലെ ഇന്റ‍ർവ്യൂ ബോർഡ് അം​ഗം ഡോ. ഉമർ തറമേൽ. വിഷയവിദഗ്ദ്ധർ ഉപജാപം നടത്തിയെന്ന് കഴിഞ്ഞ ദിവസം രാജേഷ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ ശരിയാണെന്നു തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ എന്ന ചോദ്യമുയർത്തിയാണ് ഡോ. ഉമർ തറമേൽ രം​ഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഞങ്ങളെ ഏല്പിച്ച കാര്യം പൂർത്തിയാക്കി. അതിൽവന്ന ഒരാപകത ചൂണ്ടിക്കാട്ടി എന്നാണ് ഡോ. ഉമർ തറമേൽ പറയുന്നത്. അക്കാഡമികചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങൾ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിയമന വിവാദത്തിൽ വിഷയ വിദഗ്ദ്ധർ ഉപജാപം നടത്തിയെന്നാണ് രാജേഷിന്റെ ആരോപണം. മൂന്നുപേരുടെ വ്യക്തിപരമായ താൽപ്പര്യത്തിലുണ്ടായ വിവാദമാണ്. ഭാര്യയുടെ നിയമനം രാഷ്ട്രീയവൽക്കരിച്ചെന്നും രാജേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തന്റെ ഭാര്യ ആർ. നിനിതയ്‌ക്കെതിരെ 3 തലത്തിലുള്ള ഉപജാപം നടന്നു. അയോഗ്യയാക്കി ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കാതിരിക്കാനാണ് ആദ്യം ശ്രമിച്ചത്. അപേക്ഷ സമർപ്പിച്ച 2019 ൽ പിഎച്ച്ഡി ഉണ്ടായിരുന്നില്ലെന്നും 6 മാസം മുൻപു മാത്രമാണു പിഎച്ച്ഡി ലഭിച്ചതെന്നുമുള്ള പരാതി ശരിയല്ലെന്നു സർവകലാശാലയുടെ പരിശോധനയിൽ കണ്ടെത്തി. പിഎച്ച്ഡിക്കെതിരെ കേസ് ഉണ്ടെന്ന പരാതിയും പൊളിഞ്ഞു. തുടർന്നാണ് ഇന്റർവ്യൂവിൽ പിന്നിലാക്കാൻ ശ്രമം നടന്നത്. അവർ നൽകിയ പരാതിയിൽ തന്നെ പറയുന്നത് തങ്ങൾ കൂടിയാലോചിച്ച് ഒരാൾക്കു മാർക്ക് കൊടുക്കാൻ തീരുമാനിച്ചെന്നാണ്. ഇന്റർവ്യൂവിൽ എങ്ങനെയാണു കൂടിയാലോചിച്ചു മാർക്ക് കൊടുക്കുക ? ഇത്തരം ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് ജനുവരി 31നു രാത്രി 3 പേരും ഒപ്പിട്ട കത്ത് മറ്റൊരാൾ വഴി നിനിതയ്ക്കു ലഭ്യമാക്കിയത്. ജോലിയിൽ ചേരാതെ പിന്മാറിയാൽ പ്രശ്‌നമില്ലെന്നും ഇല്ലെങ്കിൽ മാധ്യമങ്ങൾക്കു കൊടുക്കുമെന്നും പറഞ്ഞു.-ഇതാണ് രാജേഷിന്റെ വാദം.

ഉമർ തറമേലിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മുൻ എം പി,ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന.

താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ച ഇക്കാര്യങ്ങൾ ശരിയാണെന്നു തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ. ഞങ്ങൾക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്ഥിക്ക് വേണ്ടി ശ്രീമതി നിനിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ ഞങ്ങൾ subject experts ഉപജാ പനം നടത്തി എന്നത്. ഞങ്ങൾ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തയിട്ടില്ല.

താങ്കൾ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ, വൈസ് ചാന്സലർക്ക് അയച്ച കത്ത് അയാൾക്ക് എവിടുന്നു കിട്ടിയെന്നും, അറിയേണ്ടതുണ്ട്.
മറ്റൊന്ന്, 2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.ആക്കാലത്ത് കാലിക്കറ്റ്‌ സർവകലാശാലയിലുള്ള ഏത് ഉദ്യോഗാർഥിക്കും പഠനവകുപ്പിലെ ഏതു അദ്ധ്യാപകരിൽ നിന്നും ഒരു സ്വഭാവ സർട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ subject expert ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികൾ!!

അതുപോട്ടെ, ഞാൻ നുഴഞ്ഞു കയറി ബോർഡിൽ വന്നതാണോ, സർവകലാശാല വൈസ് ചാന്സലർ വിളിച്ചിട്ട് വന്നതല്ലേ? താൻതാൻ ജോലി ചെയ്യുന്ന സർവകലാശാലയിലൊഴികെ ഏതു സർവകലാശാലയിലും subject expert ആയി വിളിക്കാം എന്നാണ് ഞാൻ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതു സമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങൾക്ക് മനസ്സിലായിട്ടില്ല.പിന്നെ, നിനിത എന്ന ഉദ്യോഗാർഥിയുടെ പി എച് ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങൾ എക്സ്പെർട്ടുകൾ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കുക.

(ഇത്തരം വിവാദ /സംവാദങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്.അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ 'വിസിബിലിറ്റി'യിൽനിന്നും മാറിനിൽക്കുന്നത്. ഞങ്ങളെ ഏല്പിച്ച കാര്യം പൂർത്തിയാക്കി . അതിൽവന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാഡമികചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങൾ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നു കൂടി ആവർത്തിക്കുന്നു.)
ശുഭം.

നിനിതയ്ക്ക് അസി.പ്രഫസർ നിയമനത്തിനുള്ള യോഗ്യതയില്ലെന്നു വാദിച്ച് ഇന്റർവ്യൂ ബോർഡിലെ വിഷയവിദഗ്ദ്ധർ വൈസ് ചാൻസലർക്കു നൽകിയ കത്ത് പുറത്തുവന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. നിനിതയ്ക്കു യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതകളില്ലെന്നും ബോർഡിന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഡോ. ടി. പവിത്രൻ, ഡോ. ഉമർ തറമേൽ, ഡോ. കെ.എം. ഭരതൻ എന്നിവർ ജനുവരി 31നാണ് വൈസ് ചാൻസലർക്കു കത്തു നൽകിയത്. യുജിസി മാനദണ്ഡപ്രകാരം വിഷയ വിദഗ്ധരുടെ അഭിപ്രായമാണ് സർവകലാശാലകൾ കാര്യമായി പരിഗണിക്കാറുള്ളത്. ചില സർവകലാശാലകളിൽ മറ്റ് അംഗങ്ങൾ മാർക്ക് രേഖപ്പെടുത്താറില്ല. ചിലയിടങ്ങളിൽ മാർക്ക് ഇടാറുണ്ടെങ്കിലും വിഷയവിദഗ്ധരുടെ മാർക്കിനാണു പ്രാധാന്യം. ഇതു മറികടന്ന്, അഞ്ചാം റാങ്ക് നൽകിയ ആൾ ഒന്നാമതെത്തിയതോടെയാണ് അദ്ധ്യാപകർ വൈസ് ചാൻസലർക്കു കത്തു നൽകിയത്.

കത്തിലെ പ്രസക്ത ഭാഗങ്ങൾ: ''കോളജ് / സർവകലാശാലാ തലത്തിലെ അദ്ധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാർഥി തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്ന് ലിസ്റ്റിൽ ഒന്നാമതായി മാറിയതായും കഴിഞ്ഞ സിൻഡിക്കറ്റിൽ നിയമനം നൽകാൻ തീരുമാനിച്ചതായും അറിഞ്ഞു. സർവകലാശാല നിയമിച്ച വിഷയ വിദഗ്ദ്ധർ എന്ന നിലയ്ക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും സർവകലാശാലാ എത്തിക്‌സിന് എതിരാണെന്നും ഞങ്ങൾ ബോധ്യപ്പെടുത്തട്ടെ. സർവകലാശാലാ അധികാരികൾക്ക് ഇഷ്ടമുള്ളവർക്കു നിയമനം നൽകാനായിരുന്നു എങ്കിൽ യുജിസി ഇക്കാര്യത്തിൽ നിർദ്ദേശിക്കുന്ന വിഷയ വിദഗ്ധരുടെ ആവശ്യം, ബോർഡിൽ എന്താണെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല.'' അനധികൃത നിയമനം മരവിപ്പിച്ച് ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നു വൈസ് ചാൻസലറോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതോടെയാണ് പ്രതിരോധവുമായി രാജേഷ് എത്തിയത്. ഇതിന് മറുപടിയായാണ് ഉപജാപം നടത്തിയെന്ന് തെളിയിക്കാൻ ഡോ. ഉമർ തറമേൽ ആവശ്യപ്പെട്ടിരിക്കുന്നത്.