- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരണം കാണിക്കൽ നോട്ടീസാണ്; ഓർഡർ അല്ല; അത് അറിയാത്തതുമല്ല; ഐ.ജി എ.വി. ജോർജിനെ കാണുമ്പോൾ വരത്തൻ സിനിമയിലെ വിജിലേഷിനെ ഓർമ വരുന്നു; നാലാംകിട സസ്പെൻഷൻ ഉത്തരവിന്റെ തുടർച്ചയെന്നും ഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: നിർബന്ധിത വിരമിക്കലിന് മുമ്പുള്ള കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിൽ പ്രതികരിച്ച് സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്. കാരണം കാണിക്കൽ നോട്ടീസാണ് ഓർഡറല്ല കിട്ടിയതെന്നും ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഉമേഷ് പ്രതികരിച്ചു. രണ്ട് വർഷത്തിനിടെ പത്തോളം കാരണംകാണിക്കൽ നോട്ടീസുകൾ കൈപ്പറ്റിയ പൊലീസുകാരനാണ് സി.പി.ഒ ഉമേഷ് വള്ളിക്കുന്ന്.
'ഓർഡറിൽ ഒപ്പിട്ടു എന്നൊക്കെ അയാൾ ചാനലുകളോട് ആവർത്തിച്ച് പറഞ്ഞ സംഗതി ഇന്ന് കൈപ്പറ്റി. കാരണം കാണിക്കൽ നോട്ടീസാണ്, ഓർഡർ അല്ല, ത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അത് ആ റിട്ടയേഡ് ഓഫീസർക്ക് അറിയാത്തതുമല്ല. പക്ഷെ ഉള്ളിലിരുന്ന് അധികാരം നുരഞ്ഞു പൊങ്ങുന്ന ദുര നാവിൻ തുമ്പിൽ തികട്ടിയെത്തുമ്പോൾ ഒരാൾക്ക് അങ്ങനെയേ പറയാനാവൂ.
പറ്റുന്നവർ ഡൗൺലോഡ് ചെയ്ത് ഒന്ന് വായിച്ചു നോക്കൂ. 2020 സെപ്റ്റംബർ മാസം അയാൾ ഇറക്കിയ നാലാംകിട സസ്പെൻഷൻ ഉത്തരവിന്റെ തുടർച്ചയാണിത്. കേരളത്തിലെ പൊതുസമൂഹം ചർച്ച ചെയ്യുകയും കേരള പൊലീസിന് തന്നെ അപമാനകരമാവുകയും ചെയ്ത ആ ഉത്തരവിലെ ദുഷിച്ച ദുരാചാരഗുണ്ടായിസം ഒന്നരക്കൊല്ലത്തിനിപ്പുറം വീണ്ടും എഴുതിപ്പിടിപ്പിക്കുകയാണ്.
ആതിരയുടെ ഫ്ളാറ്റ് ഒഴിഞ്ഞു കൊടുത്തിട്ട് ഒരു കൊല്ലം കഴിഞ്ഞു. പക്ഷേ, ആശാൻ ഇപ്പോഴും അതിനകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്. വരത്തൻ എന്ന സിനിമയിൽ നമ്മുടെ വിജിലേഷ് അഭിനയിച്ച കഥാപാത്രത്തെയാണ് ഓർമ വരുന്നത്.
അതിനൊപ്പം, ആയാൾ തന്നെ സ്വീകരിച്ച മറ്റ് ശിക്ഷാ നടപടികളും മറ്റുള്ള സേനാംഗങ്ങളുടെ ധാർമികതക്കും സൽസ്വഭാവത്തിനും ഭീഷണിയാവുന്നു എന്നതിനാൽ .... ഉത്തരവിടാൻ പുള്ളി തീരുമാനിച്ചതത്രേ. പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം ബോധിപ്പിക്കാനാണ് നോട്ടീസ്. മറുപടി നമുക്ക് കൊടുക്കാം, പുതിയ കമ്മീഷണർ ഉചിതമായ തീരുമാനം എടുക്കട്ടെ. ബാക്കിയൊക്കെ വരും വഴി നോക്കാം. അത്രേയുള്ളു നമ്മളെ സംബന്ധിച്ചിടത്തോളം ഈ നോട്ടീസിനെ സംബന്ധിച്ച്,' ഉമേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
തന്നെ സേനയിൽ നിന്ന് പിരിച്ച് വിടുമെന്നാണ് തോന്നുന്നതെന്നും പക്ഷെ പൊലീസിന് എതിരെയല്ല പൊലീസിലെ ചില കീടങ്ങൾക്കെതിരേയാണ് താൻ സംസാരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ഭയം കൊണ്ടാണ് പൊലീസുകാരൊക്കെ മിണ്ടാതിരിക്കുന്നത്. അത്രയേറെ സമ്മർദത്തിലാണവർ. പിരിച്ച് വിടുന്നതിൽ പേടിയില്ലെന്നും പത്ത് നോട്ടീസുകൾ കൈപ്പറ്റിയ അതേ രീതിയിൽ ഈ നോട്ടീസും കൈപ്പറ്റുമെന്നും ഉമേഷ് പറഞ്ഞിരുന്നു.
'ഞാൻ ഒരു ക്രിമിനൽ കേസിലും പ്രതിയല്ല. ഇത്തരം ഒരു പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചു വിടുന്നതായിയുള്ള ചരിത്രം ഞാൻ കേട്ടിട്ടില്ല. സേനയിലെ ക്രമക്കേടുകളെക്കുറിച്ച് പൂർണ ബോധ്യത്തോടെയാണ് സംസാരിച്ചത്. പലതിനും പരിഹാരവുമുണ്ടായി, ഞാൻ പ്രതികരിച്ചില്ലായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമോ,'' ഉമേഷ് ചോദിക്കുന്നു.
അതേസമയം, നിർബന്ധിത വിരമിക്കൽ നടപ്പാക്കുന്നതിന് മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസാണ് സിറ്റി പൊലീസ് കമ്മീഷണർ ഉമേഷ് വള്ളിക്കുന്നിന് നൽകിയതെന്നാണ് സൂചന.
ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കുമെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നുണ്ട്.
നിർബന്ധിത വിരമിക്കൽ ഉത്തരവിൽ ഐ.ജി എ.വി. ജോർജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പ് വെച്ചിരുന്നു. പൊലീസ് സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിക്കുന്നതുകൊണ്ടാണ് തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം. അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എ.വി. ജോർജ് പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ