കോഴിക്കോട്: പൊലീസ് സേനയെ നിരന്തരം വിമർശിച്ചുവെന്നാരോപിച്ച് ഉമേഷ് വള്ളിക്കുന്നിനെ പിരിച്ച് വിടാനുള്ള കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എ.വി ജോർജിന്റെ ശുപാർശ വിവാദത്തിൽ. വിരമിക്കുന്നതിന് തൊട്ട് മുമ്പാണ് ഉമേഷ് വള്ളിക്കുന്നിന് നിർബന്ധിത വിരമിക്കലിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഫറോക്ക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് നേരത്തെ എ.വി ജോർജിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഓർഡർ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു. എവി ജോർജിന്റെ ശുപാർശയിൽ സർക്കാർ എടുക്കുന്ന തീരുമാനമാണ് ഇനി നിർണ്ണായകം. എവി ജോർജിനെതിരെ ഉമേഷ് വള്ളിക്കുന്ന് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഉമേഷ് വള്ളിക്കുന്നിന്റെ പ്രതികരണം

ഓർഡർ ഇടാൻ എ.വി ജോർജിന് കഴിയില്ല. വിരമിക്കുന്നതിന് തൊട്ട് മുമ്പ് ഉത്തരവിൽ ഒപ്പിട്ടുവെന്ന് പറയുന്നത്. വ്യക്തിവ്യരാഗ്യം മാത്രമാണ് ഇതിന് പിന്നിൽ. രണ്ട് വർഷത്തിനിടെ 20 ഇൻഗ്രിമെന്റ് കട്ട് ചെയ്തു. പത്തിലധികം അച്ചടക്ക നടപടി എടുത്തു. നിർബന്ധിത വിരമിക്കലിന് ഉത്തരവിട്ടതായി മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഓർഡർ ലഭിച്ചാൽ നിയമപമായി മുന്നോട്ട് പോകും. സർക്കാരിന് അപ്പീൽ നൽകും. അതിൽ നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും.

2015 മുതൽ എ.വി ജോർജ് വ്യക്തിപരമായ പക സൂക്ഷിക്കുന്നു. നിരുത്തരവാദപരമായി അച്ചടക്ക നടപടി എനിക്കെതിരെ സ്വീകരിച്ചു. വിനീതവിധേയനായി നിൽക്കാതെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അധോലോക സ്‌റ്റൈലിലാണ് എ.വി ജോർജിന്റെ പ്രവർത്തനം. പ്രതികരിക്കുന്നവരെ ഇല്ലാതാക്കുകയാണ് അധോലോകത്തെ രീതി. വിരമിക്കുന്നതിന് മുമ്പ് ചെയ്യാൻ കഴിയുന്നതിന്റെ മാക്‌സിമം അയാൾ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

2015ൽ നൂറ് പേർ ചേർന്ന് ആയിരം രൂപ ഷെയർ ഇട്ട് ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചിരുന്നു. അതിന്റെ റിലീസ് ജനുവരി ആറിന് ടാഗോൾ ഹാളിൽ നിശ്ചയിച്ചു. മലബാർ ഗോൾഡിന്റെ ഫണ്ട് ഉപയോഗിച്ച് എ.വി ജോർജ് പ്രൊഡ്യൂസറായി ഷോര്ട്ട് ഫിലിം നിർമ്മിച്ചതിന്റെ റിലീസ് എട്ടാം തിയ്യതി ഗുജറാത്തി ഹാളിലും തീരുമാനിച്ചിരുന്നു. അതിനിടെ എ.വി ജോർജ് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. എട്ടാം തിയതി കഴിഞ്ഞ് മാത്രമേ ഞങ്ങളുടെ ഷോർട്ട് ഫിലീം റിലീസ് ചെയ്യാൻ പാടുള്ളുവെന്നും ഇല്ലെങ്കിൽ സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

അത് പറ്റില്ലെന്ന് മറുപടി നൽകിയപ്പോൾ നീ സർവീസിൽ ഉണ്ടാകില്ലെന്ന് എ.വി ജോർജ് ഭീഷണിപ്പെടുത്തി. പിരിച്ചുവിടാൻ കഴിയില്ലെന്നും പി.എസ്.സി എഴുതിക്കിട്ടിയ പണിയാണെന്നും സസ്‌പെൻഡ് ചെയ്യാനോ ട്രാൻസ്ഫർ ചെയ്യാനോ മാത്രമേ സാറിന് കഴിയുള്ളുവെന്നും മറുപടി നൽകി. അന്ന് മുതൽ അയാൾ അതിനായി ശ്രമിക്കുകയാണ്. ഇപ്പോൾ പോകുന്ന പോക്കിൽ ആണിയടിച്ച് പോയെന്നേയുള്ളു.

എ.വി.ജോർജിന് എതിരെ യുവതിയും പരാതി നൽകിയിരുന്നു്. പ്രായപൂർത്തിയായ യുവതിക്ക് ഫ്‌ളാറ്റ് എടുത്തുകൊടുത്തുവെന്ന പേരിൽ യുവതിയുടെ അമ്മയുടെ പരാതിയിലാണ് ഉമേഷ് വള്ളിക്കുന്നിനെ അവസാനമായി സസ്പെന്റെ ചെയ്തത്. വനിതാ സുഹൃത്തിന്റെ വീട്ടിൽ നിത്യ സന്ദർശകൻ എന്ന് ആരോപിച്ചാണ് ഉമേഷ് വള്ളിക്കുന്നിന് സസ്പെൻഷൻ നൽകിയിരിക്കുന്നത്. കൺട്രോൾ റൂമിലെ സിപിഒ ആണ് ഉമേഷ് വള്ളിക്കുന്ന്. തനിച്ച് താമസിക്കുന്ന യുവതിക്ക് പോലും പൊലീസ് പറയുന്ന വിഷയത്തിൽ പരാതിയില്ലാതെയാണ് യുവതിയുടെ അമ്മയുടെ പരാതിയിന്മേൽ ഉമേഷിനെതിരേ നടപടിയെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പുറത്താക്കണെമന്ന നിർദ്ദേശം.

മറ്റൊരാളുടെ പരാതിയിൽ ഇത്തരമൊരു കാരണം പറഞ്ഞ് പൊലീസുകാരനെതിരേ നടപടിയെടുത്തതിൽ സിവിൽ സ്റ്റേഷനിലെ ഫ്ളാറ്റിൽ താമസിക്കുന്ന യുവതി ഉന്നത വൃത്തങ്ങളിൽ പരാതി നൽകാനും ഒരുങ്ങുകയാണ്. മാത്രമല്ല കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വനിതാ പൊലീസുകാർ പോലുമില്ലാതെ തന്റെ ഫ്ളാറ്റിലെത്തിയ സ്പെഷ്യൽ എ.സി.പിയടക്കമുള്ളവർ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചുവെന്ന മറ്റൊരു പരാതിയും യുവതി നൽകിയിട്ടുണ്ട്.

തന്റെ പേര് ഉൾപ്പെട്ട സംഭവത്തിൽ പരാതി എന്താണെന്ന് പോലും പറയാതെയാണ് പൊലീസുകാർ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ പകർപ്പ് തരാൻ പറ്റില്ലെന്നായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ച നിലപാട്.പൊലീസുകാരനെ സസ്‌പെന്റ് ചെയ്ത ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുണ്ടന്ന് കാണിച്ചാണ് യുവതി ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. അമ്മ നല്കിയ പരാതിയിൽ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അധിക്ഷേപിച്ചെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. നേരത്തെ കാടുപൂക്കും നേരം എന്ന സിനിമയുടെ പോസ്റ്ററും സംഭാഷണവും ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന് ഉമേഷിന് സിറ്റി പൊലീസ് കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു

പൊലീസ് സേനയിലെ അംഗങ്ങളെ ഒന്നാകെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചതിനും തന്നെ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ പ്രണയിച്ചതിനും വരെ കാരണംകാണിക്കൽ നോട്ടിസുകൾ കൈപ്പറ്റേണ്ടി വരുന്ന ഒരു പൊലീസുകാരനാണ് ഉമേഷ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഉമേഷിന് ലഭിച്ച കാരണംകാണിക്കൽ നോട്ടിസുകളും സസ്‌പെൻഷൻ ഓർഡറുകളും എണ്ണം കേട്ടാൽ ഗുരുതരമായ എന്തോ വിഷയമുണ്ടെന്ന് തോന്നിപ്പോകും. എന്നാൽ ചില അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞതിന്റെ വേട്ടയാടലാണ് ഇവിടെ നടക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. എല്ലാത്തിനും മേലെ നിയമനിർവഹണത്തിന് സേനയുടെ അച്ചടക്കം അത്യാവശ്യമാണെന്ന ഒരു ലേബൽ പതിപ്പിച്ചാണ് ഈ വേട്ടയാടൽ അരങ്ങേറുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റുകളിലെ നിലപാടുകൾ സംബന്ധിച്ച് ഉമേഷ് വള്ളിക്കുന്നിനെതിരെ ആദ്യ നടപടി വരുന്നത് 2018 അവസാനത്തോടെയാണ്. ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്ന കാലം. ഹർത്താൽ പ്രഖ്യാപിച്ച ദിവസം മിഠായിത്തെരുവിൽ കടകൾ തുറക്കുന്നതു സംബന്ധിച്ച് വ്യാപാരികളും ഡിവൈഎഫ്‌ഐയും ഒരു ഭാഗത്തും സംഘപരിവാർ സംഘടനകൾ മറുഭാഗത്തും നിൽക്കുകയായിരുന്നു. പ്രശ്‌നത്തിൽ ഇടപെടാതെ ഏറെനേരം പൊലീസ് നോക്കുകുത്തിയായി നിൽക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തു. ഈ സംഭവത്തിൽ കമ്മിഷണറുടെ നടപടികളെ വിമർശിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്നിട്ട പോസ്റ്റിനെതിരെ അന്വേഷണവും നടപടിയും വന്നു.

പന്തീരാങ്കാവ് യുഎപിഎ കേസിൽ പൊലീസ് അറസ്റ്റുചെയ്ത അലനും താഹയ്ക്കും പത്തുമാസത്തിനുശേഷം കോടതി ജാമ്യമനുവദിച്ചു. ആ സംഭവത്തെക്കുറിച്ച് പരാമർശിച്ച് ഉമേഷ് വള്ളിക്കുന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. അലനും താഹയ്ക്കും ജാമ്യം നൽകിക്കൊണ്ട് എൻഐഎ. കോടതി പ്രഖ്യാപിച്ച വിധിയിലെ കോടതിയുടെ വിശദീകരണങ്ങൾ എല്ലാ പൊലീസുദ്യോഗസ്ഥരും വായിക്കേണ്ടത് ആവശ്യമാണെന്നും ആ ചെറുപ്പക്കാർ പുറംലോകം കാണില്ലെന്ന് പരിഹസിച്ചവർക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും ഉമേഷ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

കോടതി വിധി വായിക്കുക എന്നത് തീവ്ര ഇടതുപക്ഷ നിലപാടാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതെന്നു ഉമേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. യുഎപിഎ സംഭവത്തിൽ ഏതാനും മാസങ്ങൾക്കുമുൻപ് ഡോ.ബിജു സംവിധാനം ചെയ്ത 'കാടുപൂക്കുന്ന നേരം' എന്ന സിനിമയിലെ ഒരു രംഗം ഫേസ്‌ബുക്ക്‌പോസ്റ്റായി ഇട്ട സംഭവത്തിൽ സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന പേരിൽ എസിപി അന്വേഷണറിപ്പോർട്ട് നൽകുകയും നടപടിയുടെ ഭാഗമായി ഉമേഷ് വള്ളിക്കുന്നിന്റെ രണ്ട് ഇൻക്രിമെന്റ് കട്ടുചെയ്യുകയും ചെയ്തു.

പൊലീസിനുള്ളിലെ സദാചാര പൊലീസ് തലപൊക്കിയ മറ്റൊരു പ്രധാന സംഭവമുണ്ട്. അത് വ്യക്തിജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒരു യുവതിയുടെ ഫ്‌ളാറ്റിൽ ഉമേഷ് സ്ഥിരസന്ദർശകനാണെന്ന് യുവതിയുടെ വീട്ടുകാർ പരാതി നൽകിയ സംഭവത്തിലാണ് എസിപി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. ഗായികയായ ആതിരയുമായി പ്രണയത്തിലായിരുന്നു. എതിർപ്പുകളെ മറികടന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ നടന്നുവരികയുമായിരുന്നു. പൊലീസിന്റെ കൊണ്ടുപിടിച്ച അന്വേഷണം നടക്കുന്നതിനിടെ ഇരുവരും നിയമപരമായി വിവാഹിതരാകുകയും ചെയ്തു. ഉമേഷ് വള്ളിക്കുന്നിനെതിരെ വിചിത്രമായ അന്വേഷണ ഉത്തരവ് വന്നതോടെയായിരുന്നു ഈ സദാചാര പൊലീസിങ് അരങ്ങേറിയത്.

പൊലീസ് സേനയുടെ അച്ചടക്കവുമായി ഒരു ബന്ധവുമില്ലാതെ അധികാരികൾ 'സദാചാരപൊലീസിങ്ങ്' നടത്തുകയാണെന്ന് സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിചിത്ര കാരണം പറഞ്ഞ് സസ്‌പെൻഷൻ നൽകിയ സംഭവത്തിൽ സിറ്റി കമ്മിഷണർക്കെതിരെ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഏതുനിമിഷവും അധികൃതർ തന്റെ ജോലി തെറിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജീവിക്കാനായി കൂലിപ്പണിക്കുപോവാൻ തയാറാണെന്നുവരെ ഒടുവിൽ ഉമേഷ് വള്ളിക്കുന്നിന് ഫേസ്‌ബുക്ക് പോസ്റ്റിടേണ്ടി വന്നു.