തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ചെന്നിത്തലയെ മാറ്റിയ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നി ഉമ്മൻ ചാണ്ടി. പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത എഐസിസി തീരുമാനം എല്ലാവരും അംഗീകരിച്ചതാണ്. ഇനി പിന്നോട്ടുപോയി ഇക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശങ്ങൾ ഉണ്ട് എന്ന പ്രചരണത്തിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി.

കേന്ദ്രനേതൃത്വത്തിന് ചെന്നിത്തല അയച്ച കത്തിൽ തനിക്കെതിരേ വിമർശനമുണ്ടെന്ന വാർത്തയും ഉമ്മൻ ചാണ്ടി തള്ളി. ചെന്നിത്തല അത്തരമൊരു വിമർശനം ഉന്നയിക്കാൻ സാധ്യതയില്ലെന്നാണ് വിശ്വാസമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. എല്ലാകാര്യങ്ങളും നേരിട്ട് അറിയാവുന്ന ആളാണ് ചെന്നിത്തലയെന്നും അദ്ദേഹം വ്യക്തമാക്കി.

ഘടകകക്ഷികളുടെ തെറ്റിദ്ധാരണ നീക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഷിബു ബേബി ജോൺ മുന്നണിക്കെതിരേ ആക്ഷേപം ഉയർത്തിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എന്നും ഘടകകക്ഷികളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയിട്ടുള്ളത്.ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പ്രധാനകാരണം ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ചുമതലപ്പെടുത്തിയതാണെന്ന് കാണിച്ച് രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.ഹൈക്കമാൻഡിന്റെ ഈ തീരുമാനം ഹിന്ദു വോട്ടുകളെ കോൺഗ്രസിൽനിന്നും അകറ്റിയെന്നും പാർട്ടി അധ്യക്ഷക്ക് അയച്ച കത്തിൽ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

മാത്രമല്ല ഈ തീരുമാനത്തിലൂടെ താൻ തീർത്തും അപമാനിതനാവുകയായിരുന്നു.എന്നാൽ ഒരു പ്രതിഷേധവും അറിയിക്കാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി.പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആണ് ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടു വന്നത്. ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.എന്നാൽ ഉമ്മൻ ചാണ്ടി പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല.

പദവിക്കു വേണ്ടി കടിച്ചുതൂങ്ങിക്കിടന്നയാൾ എന്ന അപമാനിതന്റെ മുഖമല്ല താൻ അർഹിക്കുന്നതെന്ന്.പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ തന്നെ ഇരുട്ടത്തു നിർത്തിക്കൊണ്ടുള്ള തീരുമാനം വേണ്ടിയിരുന്നില്ലെന്നുംകത്തിൽ രമേശ് ചെന്നിത്തല പറയുന്നു.

പ്രതിപക്ഷ നേതാവിന്റെതടക്കം ഒരുസ്ഥാനവും തനിക്കുവേണ്ടി മാറ്റിവെക്കേണ്ടതില്ലെന്നു തന്നെയാണ് നിലപാട്.പാർട്ടിയിൽ ഇതുവരെ ലഭിച്ച പദവിയും അംഗീകാരവുമെല്ലാം വിലമതിക്കുന്നു. പക്ഷേ, ഇപ്പോൾ പ്രതിപക്ഷനേതാവിനെ തിരിഞ്ഞെടുക്കുന്നതിൽ ഹൈക്കമാൻഡ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നതാണ്.

യുഡിഎഫ് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന ആഗ്രഹം താൻ പ്രകടിപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് തുടരാൻ നിർദ്ദേശിച്ചത്. പൊരുതിത്തോറ്റഘട്ടത്തിൽ അതിന് നേതൃത്വം കൊടുത്തവർ മാറിനിൽക്കുന്നത് പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുമെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. നിയമസഭാ കക്ഷിയിലും താൻ തുടരണമെന്ന അഭിപ്രായത്തിനു ഭൂരിപക്ഷം ലഭിച്ചെന്നാണ് മനസ്സിലാക്കുന്നത് ചെന്നിത്തല പറഞ്ഞു.

ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നീ നേതാക്കളോടെല്ലാം ഇത് സംബന്ധിച്ച് ചർച്ച നടത്തി. പുതിയ നേതാവ് വരണമെന്ന നിലപാട് ഹൈക്കമാൻഡിനുണ്ടോയെന്ന് ആരാഞ്ഞിരുന്നു. ആരും അത്തരമൊരുമാറ്റം വേണമെന്ന് അറിയിച്ചില്ലെന്നല്ല, സൂചന പോലും തന്നില്ല. പ്രതിപക്ഷനേതാവിന്റെ പദവിയിൽനിന്ന് മാറിനിൽക്കേണ്ടിവരുന്നുവെന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമല്ല. പക്ഷേ, അക്കാര്യം നേരത്തേ അറിയിക്കാമായിരുന്നു. പ്രവർത്തകർക്കും പൊതുസമൂഹത്തിനും മുമ്പിൽ അപമാനിതന്റെ മുഖം നൽകേണ്ടിയിരുന്നില്ല.

മുന്നണിക്കും പാർട്ടിക്കുവേണ്ടി പൊരുതിനിന്നപ്പോഴൊക്കെ ഒരുപരാതിയും ആരും ഉന്നയിച്ചിട്ടില്ല. മുന്നണിയെയും പാർട്ടിയെയും തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ പൂച്ചെണ്ടുമായി ആരും സ്വീകരിച്ചിട്ടുമില്ല. മാറ്റത്തെ ഉൾകൊള്ളാനാവാത്ത മനസ്സിനുടമയല്ല താൻ. പക്ഷേ, തന്റെ പ്രവർത്തനത്തെ മുഖവിലയ്‌ക്കെടുക്കാതെയും നേതാവെന്ന വിശ്വാസം നൽകാതെയുമുള്ള പാർട്ടി തീരുമാനമാണ് വേദനിപ്പിച്ചതെന്നു ചെന്നിത്തല കത്തിൽ പറഞ്ഞു.