- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടയിൽ ആകെ നാട്ടിൽ വന്നത് മൂന്ന് തവണ മാത്രം; നാല് പെൺമക്കളെയും വിവാഹം കഴിപ്പിച്ചത് ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട്; ഒരാളുടെ കല്യാണത്തിനും പങ്കെടുക്കാനായില്ല; പ്രാരബ്ധങ്ങൾ തീർത്ത് നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ രേഖകൾ ശരിയല്ലാത്തതിനാൽ യാത്ര മുടങ്ങി; തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ; എടവണ്ണ സ്വദേശി ഉമ്മർ പ്രാരാബ്ധങ്ങൾ തീർക്കുവാൻ മണലാരണ്യത്തിൽ ജീവിതം ഹോമിച്ച പ്രവാസികളുടെ പ്രതീകം
മലപ്പുറം: പ്രാരാബ്ധങ്ങൾ തീർക്കാനായി മണലാരണ്യത്തിൽ ജീവിതം ഹോമിച്ച പ്രവാസി മലയാളികൾ നിരവധിയാണ്. അത്തരം പ്രവാസി മലയാളികളുടെ പ്രതിനിധിയാണ് മലപ്പുറം ജില്ലയിലെ എടവണ്ണ പാലപ്പറ്റ സ്വദേശി ഉമ്മർ. ഇരുപത് വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ആകെ നാട്ടിൽ വന്ന് പോയത് മൂന്ന് തവണ മാത്രം. അവസാനമായി നാട്ടിലെത്തിയിട്ട് 10 വർഷവും. കുടുംബത്തിന്റെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും തീർക്കാനായി ജീവിതത്തിന്റെ നല്ലകാലം മുഴുവൻ മണലാരണ്യത്തിൽ കഴിച്ചുകൂട്ടിയ വ്യക്തി.
20 വർഷങ്ങൾക്ക് മുമ്പാണ് ഉമ്മർ ഗൾഫിലേക്ക് ജോലി തേടിപ്പോകുന്നത്. ബക്കാല നടത്തിയും കാർട്ടൺ ബോക്സുകൾ പെറുക്കി വിറ്റുമെല്ലാമായിരുന്നു അദ്ദേഹം അവിടെ ജീവിച്ചിരുന്നത്. എങ്കിലും മാന്യമായ വരുമാനവും ജീവിത സാഹചര്യവും ഈ തൊഴിലുകൾ കൊണ്ട് അദ്ദേഹത്തിന് ലഭിച്ചു. അവസാന നാല് വർഷമായി താമസരേഖകൾ ഇല്ലാതെയായിരുന്നു അദ്ദേഹം സൗദിയിൽ കഴിഞ്ഞിരുന്നത്.
വിവിധയിടങ്ങളിൽ മലയാളികൾ താമസിക്കുന്ന റൂമുകളിൽ ഭക്ഷണം പാകം ചെയ്യലായിരുന്നു ജോലി. അതുകൊണ്ട് തന്നെ വാദിദവാസിർ മേഖലയിലെ ബഹുഭൂരിഭാഗം ആളുകൾക്കും ഉമ്മറിനെ പരിചയമായിരുന്നു. അദ്ദേഹത്തിന്റെ കൈപുണ്യും അുഭവിക്കാത്ത മലയാളികൾ ഈ മേഖലയിൽ കുറവായിരുന്നു. 10 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി ഉമ്മർ നാട്ടിലേക്ക് പോയത്.
രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിത കാലത്ത് ലഭിച്ച വരുമാനം കൊണ്ടാണ് ഉമ്മർ തന്റെ നാല് പെൺമക്കളെയും വിവാഹം കഴിപ്പിച്ചത്. എന്നാൽ ഒരാളുടെ വിവാഹത്തിനും പിതാവിന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ചേൽപിക്കാൻ അദ്ദേഹം നാട്ടിലുണ്ടായിരുന്നില്ല. പ്രാരാബ്ധങ്ങൾ എല്ലാം തീർത്ത് ഒടുക്കം നാട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴാകട്ടെ രേഖകൾ പൂർണമല്ലെന്ന് കാണിച്ച് യാത്രമുടങ്ങി.
അങ്ങനെ കഴിഞ്ഞ നാല് വർഷമായി താമസരേഖകൾ ഇല്ലാതെയാണ് അദ്ദേഹം സൗദിയിൽ കഴിഞ്ഞത്. രേഖകൾ ശരിയാക്കാൻ വലിയൊരു സംഖ്യ പിഴയക്കേണ്ടി വരുമെന്ന് വന്നതോടെ പിന്നീട് അതിനായുള്ള ഓട്ടത്തിലായിരുന്നു. ഇതിനിടയിലാണ് വിഷയം സൗദിയിലെ ഇന്ത്യൻ സോഷ്യൽ ഫോറം വാദി ദവാസിർ ബ്ലോക്ക് വെൽഫെയർ ഇൻചാർജ് അബ്ദുൽ ലത്തീഫ് മാനന്തേരിയുടെ ശ്രദ്ധയിൽ എത്തുന്നത്.
പിഴയടക്കം ഭീമമായ ഒരു തുക അടച്ചാൽ മാത്രമേ രേഖകൾ ശരിയാക്കാൻ കഴിയുമായിരുന്നുള്ളൂ. സോഷ്യൽ ഫോറം പ്രവർത്തകർ ജവാസാത്ത് മേധാവിയുമായി സംസാരിച്ചു ഉമ്മറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തിയപ്പോൾ അടക്കേണ്ട തുക പൂർണമായും ഒഴിവാക്കി കൊടുക്കുകയായിരുന്നു. യാത്ര രേഖകൾ എല്ലാം ശരിയായി കിട്ടിയ ഉമ്മർക്ക ഇന്ത്യൻ സോഷ്യൽ ഫോറം നൽകിയ ടിക്കറ്റിൽ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഇന്നലെ നാട്ടിലെത്തി. വാദിയിലെ വിവിധ മലയാളി സംഘടനകൾ അദ്ദേഹത്തിനു ഉപഹാരങ്ങൾ നൽകിയാണ് യാത്ര അയച്ചത്.