കോഴിക്കോട്: സിറാജ് ദിന പത്രം പി.ആർ.ഒ എൻ.പി ഉമർഹാജി ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നും പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലറും സിറാജ് പബ്ലിക് റിലേഷൻസ് ഓഫീസറുമായ കണ്ണാടിക്കൽ സാബിറ മൻസിലിൽ എൻ പി ഉമർ ഹാജി(72) ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടത്തെ തുടർന്ന് മരിച്ചത്. നിരവധി സുന്നി സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും ഭാരവാഹിയായിരുന്നു ഉമർഹാജി.

എസ് എം എ സംസ്ഥാന സമിതി അംഗം, കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് സിറ്റി നോർത്ത് സോൺ സെക്രട്ടറി, കണ്ണാടിക്കൽ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി, കോഴിക്കോട് സ്റ്റേഡിയം പള്ളി സെക്രട്ടറി, കയ്യടിത്തോട് മഹല്ല് സെക്രട്ടറി, പന്നിയങ്കര മസ്ജിദ് റൗള പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിലായി സെക്രട്ടറി പദവിയിൽ ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ചശേഷം മത-സാമൂഹിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. സിറാജ് ദിനപത്രത്തിനായി ജീവിതം മാറ്റി വെച്ച് മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഉമർഹാജി.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങവേ കോഴിക്കോട് നഗരത്തിൽവെച്ച് ബൈക്കിടിച്ച് പരുക്കേറ്റ അദ്ദേഹം അർധരാത്രി 12.45ഓടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവെച്ച് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റതിനാൽ ചികിത്സക്കിടെ മരിക്കുകയായിരുന്നു.

ഭാര്യ: റുഖിയ. മക്കൾ: മൻസൂർ, സഹീർ, യാസിർ, ഇസ്്മാഈൽ (ഡി ടി പി ഓപ്പറേറ്റർ, സിറാജ്), സാബിറ. മരുമക്കൾ: മുസ്തഫ വേങ്ങേരി, നാസിയ, ബുഷ്റ, ജസ്ന, ഫർഹാന.