തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയ സത്യപ്രതിജ്ഞാ ചടങ്ങിനു മാത്രമായി നാലു വകുപ്പുകൾ ചെലവിട്ടത് 35,52,894 രൂപ. 19 മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 35,95,000 രൂപ ചെലവിട്ടതായും നിയമസഭയിൽ എംഎൽഎമാരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തി. അതേസമയം, സർക്കാർ അധികാരമേറ്റതുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളിൽ നൽകിയ പരസ്യങ്ങൾക്ക് ചെലവായത് എത്രയെന്ന ചോദ്യത്തിന് പത്രങ്ങളുടെ ബിൽ ലഭിക്കാത്തതിനാൽ ഇപ്പോൾ മറുപടി നൽകാനാവില്ലെന്നാണ് വ്യക്തമാക്കിയത്. അതേസമയം, കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പരസ്യങ്ങൾ നൽകിയ ഇനത്തിൽ 158 കോടിയിൽപ്പരം രൂപ ചെലവാക്കിയതായും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

പിണറായിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനിൽ നടത്താതെ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയത് ദുഷ്‌ചെലവാണെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. എംഎൽഎ ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് മറുപടിയായാണ് പൊതുമരാമത്ത് (30,86,814), ടൂറിസം (3,65,200), പൊതുഭരണം (20,000), ശുചിത്വമിഷൻ (81,280) എന്നീ വകുപ്പുകളിലൂടെ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിന് 35,52,894 രൂപ ചെലവായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് അരക്കോടിയോളം വിവിധ വകുപ്പുകൾക്കായി അനുവദിച്ചെന്ന് നേരത്തേ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് സർക്കാർ മറുപടി നൽകിയിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പരസ്യങ്ങൾ നൽകുന്നതിന് എത്രരൂപ ചെലവാക്കിയെന്ന ചോദ്യം സിപിഐ(എം) എംൽഎയായ ആർ രാജേഷ് ആണ് ഉന്നയിച്ചത്. 2011 മുതൽ 2016 വരെയുള്ള കാലയളവിൽ 158,00,85,558 രൂപ ഉമ്മൻ ചാണ്ടി സർക്കാർ പരസ്യങ്ങൾ നൽകാൻ മാത്രം ചെലവിട്ടിട്ടുണ്ട്. സർക്കാർ അധികാരത്തിലേറിയ വർഷം 36.17 കോടിയും പിന്നീടുള്ള മുന്ന് വർഷങ്ങളിൽ യഥാക്രമം 26.48 കോടി, 24.02 കോടി, 29.99 കോടി എന്നിങ്ങനെയും ചെലവിട്ടപ്പോൾ അവസാനവർഷം 41.32 കോടിയാണ് ചെലവായത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള മാസങ്ങളിൽ ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ ഉദ്ഘാടനങ്ങളുടേയും വകുപ്പുകൾ കൈവരിച്ച നേട്ടങ്ങളുടേയും പ്രഖ്യാപനമായി കൂടുതൽ പരസ്യങ്ങൾ നൽകിയതോടെയാണ് അവസാന വർഷം പരസ്യച്ചെലവ് 41 കോടിയിലേക്ക് കുതിച്ചുയർന്നതെന്ന് വ്യക്തം. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറുന്നതിന് തൊട്ടുമുൻപായി 2011 മെയ് 13നും 19നും ഇടയിൽ സർക്കാരിന്റെതായി 32,73,786 രൂപ പരസ്യങ്ങൾ നൽകിയ വകയിൽ ചെലവിട്ടതായും രാജേഷിന്റെ ചോദ്യത്തിന് മറുപടി ലഭിച്ചിട്ടുണ്ട്. പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് പരസ്യം നൽകിയെന്ന വിമർശനം ഉന്നയിക്കപ്പെടുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാരും അധികാരമേൽക്കുന്നതിന് മുൻപായി പരസ്യം നൽകിയിരുന്നെന്നാണ് ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്. 

സംസ്ഥാനത്തിനകത്തും പുറത്തും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏതൊക്കെ പത്രങ്ങളിലാണ് പിആർഡി പരസ്യം നൽകിയതെന്നും ഇതിനായി എത്രതുക നൽകിയെന്നും ഇനംതിരിച്ചു വ്യക്തമാക്കാൻ ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് പത്രസ്ഥാപനങ്ങൾ ബില്ലുകൾ നൽകിയിട്ടില്ലാത്തതിനാൽ തുക ഇതുവരെ നൽകിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കേരളത്തിലെ മുൻനിര പത്രങ്ങൾ മുതൽ ചെറുകിടപത്രങ്ങൾവരെ എല്ലാ എഡിഷനുകളിലും പരസ്യങ്ങൾ നൽകിയിട്ടുണ്ട്.

ദി ഹിന്ദു, ബിസിനസ് ലൈൻ, ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ് പത്രങ്ങളുടെ കേരളാ പേജിൽ പരസ്യം നൽകിയപ്പോൾ മറ്റുഭാഷകളിലെ നിരവധി പത്രങ്ങളിലും പ്രത്യേകം പരസ്യങ്ങൾ നൽകി. തമിഴ് പത്രങ്ങളായ തീക്കതിർ, ദിനകരൻ, കന്നഡയിൽ ഹൊസദിഗന്ധ, വിജയകർണാടക, വാർത്താഭാരതി, ചെന്നൈയിൽ ട്രിനിറ്റി മിറർ, ഡൽഹിയിൽ ഇന്ത്യൻ എക്സ്‌പ്രസ്, ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്്, എന്നിങ്ങനെ സംസ്ഥാനത്തിന് പുറത്തും പരസ്യങ്ങൾ നൽകിയിട്ടുണ്ട്. ടൈംസ്ഓഫ് ഇന്ത്യയിലും എക്കണോമിക് ടൈംസിലും ഡൽഹി, മുംബൈ എഡിഷനുകളിലാണ് പരസ്യം നൽകിയത്.

ബില്ലുകൾ ലഭിച്ചശേഷമേ ഈ പരസ്യങ്ങളുടെ ചെലവ് വെളിവാകൂ എങ്കിലും ഇത് കോടികൾ വരുമെന്നാണ് സൂചന. പത്ര പരസ്യങ്ങൾക്കുപുറമെ വിവിധ ദൃശ്യ,ശ്യാവ്യ മാദ്ധ്യമങ്ങളിലും പരസ്യം നൽകിയിരുന്നു. ഇതിന്റെ കണക്കും ബില്ലുകൾ ലഭിക്കാത്തതിനാൽ നൽകിയിട്ടില്ല. പിണറായി സർക്കാർ അധികാരത്തിലേറുംമുൻപ് ദേശീയ ദിനപത്രങ്ങളിലടക്കം പരസ്യം നൽകിയത് തെറ്റാണെന്ന വാദവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായോ എംഎ‍ൽഎ ആയോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയുടെ ഫോട്ടോ അത്തരം പരസ്യങ്ങളിൽ ഉൾപ്പെടുത്തിയത് നിയമപരമായിരുന്നോ എന്ന് വിടി ബൽറാം ഉൾപ്പെടെയുള്ള പ്രതിപക്ഷ എംഎൽഎമാർ ചോദ്യമുയർത്തിയിരുന്നു.

സർക്കാർ ധൂർത്ത് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുമുതൽ ധൂർത്തു തുടങ്ങിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്. എന്നാൽ മന്ത്രിമന്ദിരം മോടിപിടിപ്പിക്കുന്നകാര്യത്തിൽ ദുഷ്‌ചെലവുകൾ സർക്കാർ ഒഴിവാക്കിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടൂറിസംവകുപ്പ് പൊതുമരാമത്ത് വകുപ്പുവഴി ചെയ്യേണ്ട സാധാരണ അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തിയത്. ഇതിനായി 32,62,000 രൂപയാണ് ചെലവാക്കിയത്. ഇലക്ട്രിഫിക്കേഷൻ പണികൾക്കായി 3,33,000 രൂപയും ചെലവിട്ടു. പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്താനോ മോടിപിടിപ്പിക്കാനോ പണമൊന്നും ചെലവിഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇക്കാര്യം നിർദ്ദേശിച്ചിരുന്നെന്നും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.