ശ്രീനഗർ: കശ്മീരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കവെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ ഉമർ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇഷ്വാഖ് അഹമ്മദ് തോകർ, ഗയാസ് ഉൾ ഇസ്ലാം, അബ്ബാസ് അഹമ്മദ് ഭട്ട് എന്നീ മൂന്ന് പേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഒരു കൊലപാതക കേസിൽ അഞ്ചു വർഷം ശിക്ഷ അനുഭവിച്ചുവന്നിരുന്ന അബ്ബാസ് 2016 സെപ്റ്റംബറിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. എന്നാൽ മറ്റ് രണ്ട് പേരെക്കുറിച്ച് കാര്യമായ വിവരങ്ങളില്ല.

തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലുള്ള ഹെർമൻ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം വെടിയുണ്ട തറച്ച നിലയിലായിരുന്നു മൃതദേഹം.

കശ്മീരിലെ കുൽഗാം സ്വദേശിയാണ് ഉമർ ഫയാസിനെ ഷോപ്പിയാനിൽവെച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭീകർ തട്ടിക്കൊണ്ട് പോയത്.

മെയ് 9ന് രാത്രിമുതൽ അദ്ദേഹത്തെ കാണാതായിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരർ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ 10ന് പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.