പട്ടാള അട്ടിമറി: മ്യാന്മറിൽ ആയുധ ഉപരോധത്തിന് പ്രമേയം പാസാക്കി യുഎൻ പൊതുസഭ; 193 അംഗരാജ്യങ്ങളിൽ അനുകൂലിച്ചത് 119 അംഗങ്ങൾ; ഇന്ത്യയടക്കം 36 രാജ്യങ്ങൾ വിട്ടുനിന്നു; പ്രമേയം പാസാക്കിയത്, രാജ്യാന്തര തലത്തിൽ മ്യാന്മർ പട്ടാളത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂയോർക്ക്: മ്യാന്മറിൽ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന പ്രമേയം പാസാക്കി യുഎൻ പൊതുസഭ. രാജ്യാന്തര തലത്തിൽ മ്യാന്മർ പട്ടാളത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പട്ടാള അട്ടിമറിയെ അപലപിച്ചും ആയുധ ഉപരോധത്തിനുമായി പ്രമേയം പാസാക്കിയത്. ഇന്ത്യയുൾപ്പെടെ 36 അംഗങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
193 അംഗരാജ്യങ്ങളിൽ 119 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഇന്ത്യയുൾപ്പെടെ 36 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 2020 നവംബറിലെ ജനവിധി മാനിക്കണമെന്നും രാജ്യത്തെ അടിയന്തരാവസ്ഥ പിൻവലിക്കണമെന്നും മനുഷ്യാവകാശങ്ങൾ ബഹുമാനിക്കണമെന്നും മ്യാന്മറിലെ പട്ടാള ഭരണകൂടത്തോട് പ്രമേയം ആവശ്യപ്പെട്ടു.
സൂ ചിയുടെ നേതൃത്വത്തിൽ പട്ടാളഭരണത്തിനെതിരെ ദശകങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ 2011 ലാണു രാജ്യത്തു ജനാധിപത്യ മാതൃകയിലുള്ള ഭരണത്തിനു പട്ടാളനേതൃത്വം വഴങ്ങിയത്. അട്ടിമറിക്കെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളെ അതിക്രൂരമായാണു പട്ടാളം അടിച്ചമർത്തുന്നത്.
പാർലമെന്റ് പ്രവർത്തനം തുടരുന്നതുപ്പെടെ സുസ്ഥിര ജനാധിപത്യ പ്രക്രിയ നടപ്പാക്കണം, സൈന്യം അടക്കം എല്ലാ സർക്കാർ വിഭാഗങ്ങളും സ്ഥാപനങ്ങളും ജനാധിപത്യ ഭരണകൂടത്തിന്റെ കീഴിലാക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ കരടിൽ ഇന്ത്യയുടെ കാഴ്ചപ്പാട് പ്രതിഫലിച്ചില്ലെന്നു കാട്ടിയാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതെന്ന് ഇന്ത്യൻ പ്രതിനിധികൾ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരി ഒന്നിനാണു മ്യാന്മറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചത്. ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
പുതിയ സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപേ ആയിരുന്നു അട്ടിമറി. 83% വോട്ടുകൾ നേടി സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻവിജയം നേടിയ കഴിഞ്ഞ നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്.
ന്യൂസ് ഡെസ്ക്