ബ്രസൽസ്: അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കാതുകൂർപ്പിക്കുന്ന കാഴ്‌ച്ച അടുത്താകാലത്ത് പതിവാണ്. ലോകത്തെ എണ്ണപ്പെട്ട നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി മാറുകയും ചെയ്യുന്നു. ലോക പരിസ്ഥിതി ഉച്ചകോടിയിൽ അടക്കം മോദിയുടെ വാക്കുകൾ ലോക നേതാക്കൾ ശ്രദ്ധാ പൂർവ്വം കാതോർത്തിരുന്നു. ഇപ്പോൾ ഭീകരവാദനത്തിന് എതിരായി മോദിയുടെ വാക്കുകൾ ലോകം ശ്രദ്ധിക്കുകയാണ്. ഭീകരാക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ബ്രസൽസ് സന്ദർശിച്ചു കൊണ്ടാണ് മോദി ലോകത്തിന്റെ ശ്രദ്ധ ഭീകരവാദത്തിലേക്ക് വീണ്ടും ക്ഷണിച്ചത്.

ഭീകരവാദത്തിന്റെ ദുരിതം ഇന്ത്യ അനുഭവിക്കുന്ന കാലത്ത് ലോകരാജ്യങ്ങൾ വെറും കാഴ്‌ച്ചക്കാരായി നിന്ന പഴയ കാലം ഓർമ്മപ്പെടുത്തി കൊണ്ടായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ബ്രസൽസിൽ പ്രസംഗിച്ചത്. ഭീകരവാദത്തെ നേരിടുന്നതിൽ യുഎന്നിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ച ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തെ നേരിടുന്നതിൽ യുഎൻ പരാജയപ്പെട്ടു. ഭീകരവാദത്തിന്റെ തീക്ഷ്ണത എന്താണെന്ന് യുഎന്നിന് അറിയില്ലെന്നും മോദി പറഞ്ഞു. ബ്രസൽസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോദി ഭീകരവാദ വിഷയം എടുത്തിട്ടത്.

ഇന്ത്യൻ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നരേന്ദ്ര മോദി ഭീകരവാദത്തിന്റെ ദുരന്തങ്ങളെ ചൂണ്ടിക്കാട്ടിയത്. ലോകം ഭീകരവാദത്തെ കുറിച്ച് കേൾക്കുന്നത് സെപ്റ്റംബർ 11ന് വേൾഡ് ട്രേയ്ഡ് സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ മാത്രമാണ്. എന്നാൽ ഭീകരവാദത്തിന്റെ ദുരന്തം കഴിഞ്ഞ 40 വർഷമായി ഇന്ത്യ അനുഭവിച്ചു വരികയാണ്. സെപ്റ്റംബർ 11ന് ദുരന്തം ഉണ്ടാകുന്നത് വരെ ഇന്ത്യ പറയുന്ന ഭീകരവാദം എന്താണെന്ന് ലോകരാഷ്ട്രങ്ങൾക്ക് അറിവുണ്ടായിരുന്നില്ല. ഇന്ത്യ ഒരിക്കലും ഭീകരവാദത്തിന്റെ മുമ്പിൽ മുട്ടുവളച്ചിട്ടില്ല. ഇനിയും അതുണ്ടാകില്ലെന്നും മോദി പറഞ്ഞു.

ലോക രാഷ്ട്രങ്ങൾ ഭീകരവാദത്തെ നേരിടാൻ ഒരുമിക്കണം. അല്ലാത്ത പക്ഷം ഭീകരത ലോകത്തിന് കൂടുതൽ വിനാശകാരിയായി മാറും. അതേസമയം ഭീകരതയെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ലെന്നും മോദി ചൂണ്ടിക്കാട്ടി. തോക്കുകൾ കൊണ്ടല്ല ഭീകരതയെ നേരിടേണ്ടതെന്നും മാനിവകതയുടെ ഐക്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസംഗത്തെ ഇന്ത്യൻ സമൂഹം കൈയടികളോടെയാണ് സ്വീകരിച്ചത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരാക്രമണത്തിന്റെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ഇന്ത്യ - യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് എത്തിയ മോദി ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 32 പേരുടെ മരണത്തിനിടയാക്കിയ ബ്രസൽസ് ഭീകരാക്രമണത്തെ 'ഹൃദയമില്ലാത്ത അക്രമം' എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യക്കാരനായ ഇൻഫോസിസ് ജീവനക്കാരൻ രാഘവേന്ദ്രൻ ഗണേശൻ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാരെ മരണത്തിലേക്കു നയിച്ച ചാവേർ സ്‌ഫോടനം നടന്ന മാൽബീക് മെട്രോ സ്റ്റേഷനിൽ നരേന്ദ്ര മോദി ഭീകരാക്രമണത്തിന്റെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് വെളുത്ത പൂക്കൾകൊണ്ടു തീർത്ത റീത്തു സമർപ്പിച്ചു.

ബൽജിയം വിദേശകാര്യമന്ത്രി ഡൈഡിയർ റെയ്ൻഡേഴ്‌സ് മോദിക്കൊപ്പം ഉണ്ടായിരുന്നു. ഈ മാസം 22ന് ആയിരുന്നു ബ്രസൽസ് ഭീകരാക്രമണം. ബൽജിയത്തിന്റെ സഹായത്തോടെ ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സർവേഷനൽ സയൻസസ് സ്ഥാപിച്ച ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ഇന്നലെ മോദിയും ബൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കലും ചേർന്നു റിമോട്ട് സംവിധാനം ഉപയോഗിച്ചു തുറന്ന് ഉദ്ഘാടനം ചെയ്തു.

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ ദേവസ്ഥലിലാണു 3.6 മീറ്റർ വീതിയുള്ള ദൂരദർശിനി സ്ഥാപിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ ഉച്ചകോടിയുടെ ഇടവേളയിൽ മോദി ഇറ്റാലിയൻ നാവികരുടെ പ്രശ്‌നത്തിൽ ഇറ്റലിയുമായി ചില ക്രമീകരണങ്ങൾ ഉണ്ടാക്കിയേക്കുമെന്നു സൂചനയുണ്ട്. ബൽജിയത്തിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ബൽജിയത്തിലെ വജ്രവ്യാപാരികളെ കണ്ട മോദി ഇന്ത്യയിൽ സംരംഭങ്ങൾ തുടങ്ങാൻ അവരെ ക്ഷണിക്കുകയും ചെയ്തു. യുഎസിലെത്തുന്ന നരേന്ദ്ര മോദി വാഷിങ്ടണിൽ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയിലും പങ്കെടുക്കും.