- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലികയെ പീഡിപ്പിച്ച കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് അബുദാബി ജയിലിൽ കഴിയുന്ന ഗംഗാധരന്റെ മോചനത്തിന് നാട് തീവ്രശ്രമത്തിൽ; കള്ളകേസിൽ കുടുക്കിയത് ക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ച്; നീതി നിഷേധത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിലും
മലപ്പുറം: മലപ്പുറം മുത്തൂർ സ്വദേശി ഗംഗാധരനെ യു.എ.ഇയിലെ അബുദാബി ജയിലിലടച്ചിട്ട് നാളേക്ക് രണ്ടുവർഷം തികയുകയാണ്. മറ്റൊരു വിഷുക്കാലം കൂടി കടന്നുപോകുമ്പോൾ ആഘോഷങ്ങളില്ലാതെ ഗംഗാധരന്റെ തൂക്കുകയറിൽനിന്നുള്ള മോചനത്തിനായി ഭാര്യയും മൂന്നുപെൺമക്കളും അടങ്ങുന്ന കുടുംബം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. കീഴ്‌ക്കോടതി വധശിക്ഷക്ക് വിധിച്ച ഗ
മലപ്പുറം: മലപ്പുറം മുത്തൂർ സ്വദേശി ഗംഗാധരനെ യു.എ.ഇയിലെ അബുദാബി ജയിലിലടച്ചിട്ട് നാളേക്ക് രണ്ടുവർഷം തികയുകയാണ്. മറ്റൊരു വിഷുക്കാലം കൂടി കടന്നുപോകുമ്പോൾ ആഘോഷങ്ങളില്ലാതെ ഗംഗാധരന്റെ തൂക്കുകയറിൽനിന്നുള്ള മോചനത്തിനായി ഭാര്യയും മൂന്നുപെൺമക്കളും അടങ്ങുന്ന കുടുംബം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.
കീഴ്‌ക്കോടതി വധശിക്ഷക്ക് വിധിച്ച ഗംഗാധരൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് മേൽകോടതിയിൽ കേസ് നടക്കുകയാണ്. കേസിന്മേലുള്ള അന്തിമവിധി യു.എ.ഇയിലെ പരമോന്നത കോടതി ഏപ്രിൽ 15 പുറപ്പെടുവിക്കാൻ ഇരിക്കുകയാണ്. ഗംഗാധരന്റെ മോചനത്തിനായി നാട്ടുകാർ ഒന്നടങ്കം പ്രയത്‌നത്തിലാണ്. എംഎൽഎ സി.മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സേവ് ഗംഗാധരൻ ഫോറം ഇതിനോടകം വിവിധ തലങ്ങളിൽനിന്നും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിലും കേന്ദ്രത്തിലുമായി ഭരണതലങ്ങളിലും വിദേശകാര്യ മന്ത്രാലയത്തിലും ഉൾപ്പെടെ സഹായം തേടിയെത്തിയിട്ടുണ്ട്. ഇതിനുപുറമെ വിദേശമലയാളികളായ പ്രമുഖരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി. ഒടുവിൽ ഗംഗാധരന്റെ നിരപരാധിത്വം മനസിലാക്കിയ യു.എൻ മനുഷ്യാവകാശ കൗൺസിലും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലയാളിയായ ബ്രിട്ടീഷ് പൗരൻ ടോം ആദിത്യൻ വിവരശേഖരണത്തിനായി കഴിഞ്ഞ ദിവസം ഗംഗാധരന്റെ വീട് സന്ദർശിച്ചിരുന്നു.
56 വയസ്സുള്ള ഇ.കെ ഗംഗാധരൻ കഴിഞ്ഞ 32 വർഷമായി അബുദാബിയിലെ അൽ റബീഹ് പ്രൈവറ്റ് സ്‌കൂളിൽ സ്‌കൂൾ ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. 2013 ഏപ്രിൽ 14ന് ഇതേ സ്‌കൂളിലെ ഏഴു വയസുകാരിയെ പീഡിപ്പിച്ചു എന്ന കുറ്റം ആരോപിച്ചായിരുന്നു സഹജീവനക്കാരായ മറ്റ് അഞ്ചുപേരോടൊപ്പം അന്നു രാത്രിയിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് അഞ്ചു പേരെയും മോചിപ്പിച്ച് ഗംഗാധരനിൽ കുറ്റം ആരോപിച്ച് ജയിലിൽ അടയ്്ക്കപ്പെടുകയായിരുന്നു. പരാതിക്കാർക്കും പൊലീസിനും ഒരു കുറ്റവാളി വേണം എന്നതിനാൽ ജയിലിൽ അതിക്രൂരമായി മർദ്ദനമേല്പിച്ചു വേണ്ടത്ര നിയമസഹായം നൽകാതെ ഗംഗാധരനെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. ഈ സംഭവം അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടു. ഗംഗാധരനെതിരായ നീതിനിഷേധത്തിൽ ബ്രിട്ടണിലും മറ്റും യു.എ.ഇ എംബസിക്കു മുമ്പിൽ പ്രതിഷേധപ്രകടനങ്ങൾ നടക്കുകയുണ്ടായി.
അബുദാബി നിയമവകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് മെഡിസിൻ കേസുമായി ബന്ധപ്പെട്ട,് ഗംഗാധരൻ പീഡിപ്പിച്ചുവെന്നു പറയപ്പെടുന്ന പെൺകുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ, ഫോറൻസിക് തുടങ്ങിയ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഗംഗാധരനിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം സാധൂകരിക്കാൻ പര്യാപ്തമായ യാതൊരു വിധ തെളിവുകളും ഇതിൽനിന്നും ലഭിച്ചിരുന്നില്ല. ശാസ്ത്രീയതെളിവുകളൊന്നും പരിശോധിക്കാതെയായിരുന്നു കീഴ്‌ക്കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ തെളിവുകൾ പരിഗണിക്കാതെ പുറപ്പെടുവിച്ച വിധിക്കെതിരെ സ്‌കൂൾ അധികാരികളും ഗംഗാധരന്റെ യു.എ.ഇയിലുള്ള സഹോദരങ്ങളും മേൽക്കോടതിയെ സമീപിക്കുകയുണ്ടായി. ഇതിനെ തുടർന്ന് 2014 മെയ് ആറിന് വധശിക്ഷ റദ്ദ് ചെയ്യുകയും ശാസ്ത്രീയ തെളിവുകൾ കൂടി പരിഗണിച്ച് പുനർ വിചാരണ നടത്താൻ കീഴ്‌ക്കോടതിയോട് മേൽക്കോടതി നിർദ്ദേശിക്കുകയുമായിരുന്നു.
തുടർന്ന് ജനുവരി 25ന് വന്ന കോടതിവിധിയിൽ, കുട്ടിയും കുട്ടിയുടെ മാതാവും പ്രതിയെ തിരിച്ചറിഞ്ഞെന്നും പ്രതി കുറ്റം സമ്മതിച്ചു എന്നുമുള്ള സാഹചര്യം മാത്രം പരിഗണിച്ച് വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. അതേസമയം ക്രൂരമായി മർദനമേൽക്കേണ്ടി വന്നതും കുട്ടിയുടെയും മാതാവിന്റെയും മൊഴികൾ പരസ്പര വിരുദ്ധമാണെന്നുള്ളതും കോടതി പരിഗണിച്ചില്ല. കൂടാതെ കുട്ടി അനവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് കേസിന്റെ ഭാഗമാക്കാതെയായിരുന്നു ഇവിടെയും വിധി നടത്തിയിട്ടുള്ളത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് വീട്ടിൽവച്ച് വൈകുന്നേരമായിരുന്നു. ഇതിനാൽ നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചത് വീട്ടിൽ തന്നെയുള്ള ആരോ ആകാമെന്ന നിഗമനത്തിലാണ് ബന്ധപ്പെട്ടവർ. എന്നാൽ ഇത്തരത്തിലുള്ള പരിശോധന കേസിന്റെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല. കുട്ടി സംഭവം നടക്കുന്ന ദിവസം സാധാരണ രീതിയിൽ വളരെ സന്തോഷവതിയായി സ്‌കൂളിൽനിന്നും വീട്ടിലേക്ക് തിരിച്ചു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിച്ചിട്ടില്ല.
യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രവർത്തകൻ ടോം ആദിത്യൻ ഗംഗാധരന്റെ വീട് സന്ദർശിച്ചപ്പോൾകുടുംബത്തോടൊപ്പം
ഗംഗാധരന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി യു.എ.ഇ പരമോന്നത കോടതിയിൽ യു.എ.ഇ സ്വദേശിയായ പ്രത്യേക വക്കീൽ മുഖാന്തരം അപ്പീൽ സമർപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്ന് കഴിഞ്ഞ മാസം 18നും 30നും അന്തിമവിധി പുറപ്പെടുവിക്കുന്നത് മാറ്റിവച്ച് ഈ മാസം പതിനഞ്ചിലേക്ക് മാറ്റുകയായിരുന്നു. അപൂർവ്വം കേസുകൾ മാത്രമെ യു.എ.ഇ പരമോന്നത കോടതിയിൽ എത്തപ്പെടാറുള്ളൂ. 32 വർഷമായി ഇതേ സ്‌കൂളിൽ ജോലി ചെയ്യുന്ന ഗംഗാധരനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ സ്‌കൂൾ അധികൃതർക്ക്. സഹജീവനക്കാർക്കും കൂട്ടുകാരുമെല്ലാം ഉറച്ചു വിശ്വസിക്കുന്നു ഗംഗാധരൻ നിരപരാധിയാണെന്ന്. ഇതിനാൽ തന്നെ സ്‌കൂൾ മാനേജ്‌മെന്റും ജിവനക്കാരും ഗംഗാധരന്റെ നീതിക്കുവേണ്ടി കേസ് നടത്താൻ മുൻപന്തിയിൽ നിൽക്കുന്നുണ്ട്.
കുട്ടിയുടെ ബന്ധുക്കൾ സാമ്പത്തിക നേട്ടത്തിനായി ഗംഗാധരനും സ്‌കൂളിനുമെതിരെ ബോധപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്നതിന് തെളിവാണ് ആദ്യ പരാതിയിൽ തന്നെ ഇവർ പണം ആവശ്യപ്പെട്ടത്. ബന്ധുക്കൾ നൽകിയ പരാതിയിൽ നഷ്ടപരിഹാരമായി 50 ലക്ഷം ദിർഹം( എട്ടര കോടി രൂപ) നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കുറ്റകൃത്യം നടന്നെന്ന് പറയപ്പെടുന്ന സ്ഥലവും സമയവും ഇത്തരമൊരു ചെയ്തിക്ക് ഒരു തരത്തിലും ഉതകുന്നതല്ലെന്ന സാക്ഷിമൊഴികൾ നൽകിയിട്ടും ഇതൊന്നും പരിഗണിച്ചില്ലെന്നു മാത്രമല്ല ഗംഗാധരനെതിരേ പെൺകുട്ടിയും ബന്ധുക്കളും നൽകിയ മൊഴികളിൽ വൈരുദ്ധ്യം നിറഞ്ഞുന്‌ലക്കുന്നതുമാണ്. ഗംഗാധരന് അനുകൂലമായി തെളിവുകളെല്ലാം ഉണ്ടായിട്ടും ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം കുട്ടി ഗംഗാധരനെ തിരിച്ചറിഞ്ഞെന്നതു മാത്രം പരിഗണിച്ചായിരുന്നു വധശിക്ഷക്ക് വിധിച്ചത്. മാത്രമല്ല അറബിഭാഷാ പരിജ്ഞാനമില്ലാത്ത ഗംഗാധരനെ ദിവസങ്ങളോളം മർദിച്ച് കുറ്റസമ്മതം നടത്തിയതായി പേപ്പറിൽ ഒപ്പുവയ്‌പ്പിക്കുകയായിരുന്നുവെന്ന് ജയിൽ മോചിതരായ സുഹൃത്തുക്കൾ പറയുന്നു.
കഴിഞ്ഞ 32 വർഷമായി സ്‌കൂൾ ബോയ് എന്ന പേരിൽ പകൽ സമയങ്ങളിൽ സ്‌കൂളിലെ ശുചീകരണ പ്രവർത്തനങ്ങളും രാത്രിയിൽ സെക്യൂരിറ്റി ജോലിയും ചെയ്തുവരികയാണ്. വീണുകിട്ടുന്ന ഒഴിവുസമയങ്ങളിൽ അബുദാബിയിലെ സന്നദ്ധസംഘടനകളായ ടീം യു.എ.ഇ ക്കുവേണ്ടിയും, കേരളാ സോഷൽ സെന്റർ അബുദാബിക്കു വേണ്ടിയും ചെലവഴിക്കാറുള്ളതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ സൗമ്യനും മിതഭാഷിയുമായ ഇദ്ദേഹത്തെപ്പറ്റി സുഹൃത്തുക്കൾക്കെല്ലാം നല്ലതേ പറയാനുള്ളൂ. ഗംഗാധരൻ ജയിലിലായതിനു ശേഷം സ്‌കൂൾ മാനേജ്‌മെന്റ് അദ്ദേഹത്തിന്റെ നിരാലംബരായ കുടുംബത്തിന് അത്യാവശ്യത്തിനു വേണ്ട പണം പിരിവു നടത്തി സ്വരൂപിച്ച് അയച്ചുകൊടുത്തിരുന്നു എന്നത് വിദേശസ്‌കൂൾ മാനേജ്‌മെന്റ് അധികൃതർ ഗംഗാധരനിൽ ഒരു കുറ്റവാളിയെ കാണുന്നില്ലെന്നതിനും സംഭവം സ്‌കൂളിൽവച്ച് നടന്നില്ലെന്നതിനും തെളിവാണ്.
ഓരോ വീട്ടിൽനിന്നും കുറഞ്ഞത് ഒരാളെങ്കിലും വിദേശത്ത് ജോലിചെയ്യുന്ന കേരളത്തിൽ ആർക്കും സംഭവിക്കാവുന്ന ദുരന്തത്തിന്റെ പ്രതീകമാണ് ഗംഗാധരൻ. ഗംഗാധരന്റെ മോചനത്തിനും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്ന നീതിനിഷേധത്തിനുമെതിരെ യു.എൻ മനുഷ്യാവകാശ കൗൺസിൽ രംഗത്ത് എത്തിയത് ഏറെ പ്രതീക്ഷ നൽകുന്നതായി സേവ് ഗംഗാധരൻ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. തെളിവുകളെല്ലാം അനുകൂലമാണ്, അതിനാൽ വിധി അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഭാര്യയും മക്കളും.
ഗംഗാധരന്റെ കുടുംബാംഗങ്ങളിൽനിന്നും കൂടെ ജയിലിലടച്ച് പിന്നീട് മോചിപ്പിക്കുകയും ചെയ്ത വളാഞ്ചേരി സ്വദേശി രാധാകൃഷ്ണൻ, കൊടുങ്ങല്ലൂർ സ്വദേശി അലിയാർ എന്നിവരിൽനിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം ഇന്ത്യൻ എംബസി അധികൃതർ, കേരളാ മുഖ്യമന്ത്രി, സേവ് ഗംഗാധരൻ പ്രവർത്തകർ എന്നിവരുമായി കൂട്ടിക്കാഴ്ച നടത്തി. അടുത്ത ദിവസം ഗംഗാധരൻ ജോലി ചെയ്ത അബുദാബിയിലെ സ്ഥാപനത്തിൽ സന്ദർശനം നടത്തി യു.എൻ മനുഷ്യാവകാശ കൗൺസിലിൽ കേസിനാസ്പദമായ തെളിവുകൾ സമർപ്പിക്കുമെന്ന് ടോം ആദിത്യൻ പറഞ്ഞു.