ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് നീതി ലഭിക്കാൻ വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയൽ നിയമപോരാട്ടത്തിലാണ് ഇന്ത്യ. കേസിന്റെ ആദ്യഘട്ടത്തിൽ വിജയം ഇന്ത്യക്കൊപ്പമാണ് താനും. ഹരീഷ് സാൽവയെന്ന മുതിർന്ന അഭിഭാഷകാനാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ വാദം ഉന്നയിച്ചത്. ഈ കേസിൽ ഇന്ത്യ പ്രതീക്ഷ വെക്കവേ തന്നെ പാക്കിസ്ഥാന് തിരിച്ചടിയായി യുഎൻ കമ്മിറ്റിയുടെ റിപ്പോർട്ട്.

പാക്കിസ്ഥാൻ പട്ടാള കോടതിയിൽ വിചാരണകൾ നടക്കുന്ന്ത മുൻവിധികളോടെയാണ് എന്ന വിമർശനമാണ് പീഡനങ്ങൾക്ക് എതിരായ യുഎൻ സമിതി വ്യക്തമാക്കിയിരിക്കുന്നത്. പട്ടാളത്തിന് അമിതാധികാരമുള്ള പാക്കിസ്ഥാനിൽ നീതിയുക്തമായ നടപടികൾ ഇല്ലെന്ന കടുത്ത വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച്ച അവസാനത്തോടെയാണ് യുഎൻ റിപ്പോർട്ട് പുറത്തുവന്നത്.

കുൽഭൂഷണൽ ജാദവിനെ പോലുള്ളവരുടെ വിഷയങ്ങൾ പരിഗണിക്കേണ്ടത് സിവിൽ കോടതികളിലാണെന്നും യുഎൻ കോടതി റിപ്പോർട്ടിൽ പറയുന്നു. കുൽഭൂഷൻ ജാദവ് കേസിൽ പാക്കിസ്ഥാൻ വിയന്നകരാർ ലംഘിച്ചുവെന്ന് കാണിച്ച് രാജ്യാന്തര കോടതിയിൽ ഇന്ത്യ നിലപാട് കർക്കശമാക്കിയതിന് പിന്നാലെയാണ് യുഎൻ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നത്. കുൽഭൂഷൻ എവിടെയാണെന്നു പോലും പറയാൻ തയ്യാറാകാത്ത പാക് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, ഇന്ത്യക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ രാജ്യാന്തരകോടതിയിൽ വാദിച്ചു. ഉച്ചയ്ക്ക് ഒന്നു മുപ്പതിനാണ് കേസിൽ വാദം തുടങ്ങിയത്.

പാക് സൈനിക കോടതി ചാരക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന് ഏറ്റ കനത്ത തിരിച്ചടിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടൽ. വിഷയത്തിൽ ഇടപെട്ട് പാക് സൈനിക കോടതി ഉത്തരവ് സ്റ്റേ ചെയ്ത നീതിന്യായ കോടതി പാക്കിസ്ഥാന് മേലും പാക് സൈന്യത്തിന് മേലും കടുത്ത സമ്മർദ്ധമാണ് ചെലുത്തുന്നത്. ചാരക്കുറ്റം ആരോപിച്ച് കുൽ ഭൂഷൺ യാദവിനെ വധ ശിക്ഷയ്ക്ക് വിധേയനാക്കാനുള്ള പാക് സൈനിക കോടതിയുടെ നീക്കത്തിനേറ്റ തിരിച്ചടി വിഷയത്തിൽ പാക്കിസ്ഥാനുള്ള സ്വാധീനം നഷ്ടപ്പെടുന്നതിന്റെ കൂടി സൂചനയാണ്.

2016 മാർച്ച് 3നാണ് യാദവ് പാക് സൈന്യത്തിന്റെ പിടിയിലായത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണ് യാദവെന്നാണ് പാക് ആരോപണം. ഇദ്ദേഹം കുറ്റസമ്മതം നടത്തിയെന്നും പാക്കിസ്ഥാൻ പറയുന്നു. ഇറാനിൽ ബിസിനസ് ട്രിപ്പ് പോയ യാദവിനെ പാക് സൈന്യം പിടികൂടി ബലൂചിസ്താനിൽ എത്തിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

46 വർഷത്തിന് ശേഷമാണ് ഇന്ത്യ കുൽഭൂഷൺ യാദവ് വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത്. ഇന്ത്യ 16 തവണ സ്ഥാനപതി വഴി യാദവിനെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പാക്കിസ്ഥാൻ ഇതെല്ലാം തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. യാദവിന്റെ കാണാൻ അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യവും ഉത്തരമില്ലാതെ കിടക്കുകയാണ്. യാദവിന്റെ ബന്ധുക്കൾക്ക് യാദവിന്റെ രക്ഷിതാക്കൾക്ക് പാസ്‌പോർട്ട് അനുവദിക്കാനുള്ള സുഷമാ സ്വരാജിന്റെ അപേക്ഷയും പാക്കിസ്ഥാൻ കണക്കിലെടുത്തില്ല.