തിരുവനന്തപുരം: മൂന്നാർ തൊഴിലാളികളുടെ വിപ്ലവ സമരത്തിന് തുരങ്കം വച്ച് രംഗത്തെത്തിയത് മുഖ്യധാര പാർട്ടികളുടെ തൊഴിലാളി സംഘടനകളായിരുന്നു. ഇപ്പോഴിതാ ഇതേകൂട്ടർ തന്നെ സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ ശമ്പള പരിഷ്‌ക്കരണ നീക്കത്തിനും തുരങ്കം വച്ചു. ഇതിൽ പ്രതിഷേധിച്ച് വ്യവസായ ബന്ധ സമിതി(ഐആർസി)യിൽ നിന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രതിനിധികൾ രാജിവച്ചു.

യുഎൻഎ നടത്തിയ സമരത്തെ തുടർന്ന് നേഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിന്റെ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് വേണ്ടി മന്ത്രി ഷിബു ബോബി ജോണിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. എന്നാൽ, ശമ്പള പരിഷ്‌ക്കരണ ഉത്തരവ് വന്നാൽ അത് തിരിച്ചടിയാകുമെന്ന് ഭയന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയില്ല. ഇതോടെ അടുത്ത യോഗം ഈ മാസം 9 ലേക്ക് മാറ്റാൻ തീരുമാനം മന്ത്രി എടുത്തതോടെ ആണ് യുഎൻഎ പ്രതിനിധികൾ രാജിവെയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ, മുഖ്യധാര പാർട്ടികളുടെ തൊഴിലാളി സംഘടനകൾ ആശുപത്രി മുതലാളിമാരെ സഹായിക്കുന്ന വിധത്തിലുള്ള നിലപാടാണ് കൈക്കൊണ്ടത്.

മാനേജുമെന്റുകൾ ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ സാധ്യത കുറവാണെന്നും അതുകൊണ്ട് ആശുപത്രി മാനേജുമെന്റുകൾ വന്നില്ലെങ്കിലും ശമ്പള പരിഷ്‌ക്കരണ ഉത്തരവ് പുറപ്പെടുവിക്കണെന്ന നിലപാടാണ് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ കൈക്കൊണ്ടത്. എന്നാൽ മന്ത്രി നോട്ടിഫിഷക്കേഷൻ ഇറക്കാൻ തയ്യാറായില്ല. മാത്രമല്ല, സിഐടിയുവും ഐടിയുസിയും ഐഎൻടിയുസി പ്രതിനിധികളും എല്ലാ ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലും സിറ്റിങ് നടത്തിയ ശേഷം മാത്രം ഉത്തരവ് പുറപ്പെടുവിച്ചാൽ മതിയെന്ന നിലപാടും കൈക്കൊണ്ടു. ഇത് ഫലത്തിൽ ആശുപത്രി മാനേജ്‌മെന്റിന് അനുകൂലമാകുകയും ചെയ്തു.

ഇങ്ങനെ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തിക്കഴിയുമ്പോൾ ചുരുങ്ങിയ മൂന്ന് മാസമെങ്കിലും നീണ്ടുപോകും. ഈ സമയത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ തടസങ്ങളും ഉണ്ടാകും. അതുകൊണ്ട് എത്രയും വേഗം ശമ്പള പരിഷ്‌ക്കരണ വിജ്ഞാപനം വേണമെന്ന നിലപാടിലായിരുന്നു യുഎൻഎ. വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ 18000 രൂപ മിനിമം ശമ്പളം ആശുപത്രി ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. എന്നാൽ തൊഴിലാളി സംഘടനകൾ തന്നെ വിലങ്ങുതടിയായി നിന്നതോടെ ഈ ലക്ഷ്യം ഫലം കാണാതെ പോകുകയായിരുന്നു. തുടർന്നാണ് യുഎൻഎ പ്രതിനിധികൾ വ്യവസായ ബന്ധ സമിതിയിൽ നിന്നും രാജിവച്ചത്. യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷായും ബെൽജോ ഏലിയാസുമാണ് രാജിവച്ചത്.

കഴിഞ്ഞ മാസം 25 നു സെക്രട്ടറിയേറ്റ് നടയിൽ യുഎൻഎ നടത്തിയ അനിശ്ചിതിത കാല നിരാഹാര സമരം പിൻവലിക്കുന്നതിനു വേണ്ടി സർക്കാർ കൊടുത്ത ഉറപ്പ് ലംഘിക്കപ്പെട്ടത്തിനെ തുടർന്നാണ്, സർക്കാർ മാനേജ്‌മെന്റ് തൊഴിലാളി പ്രധിനിധികൾ ഉൾപ്പെടുന്ന ഐആർസിയിൽ നിന്നും യുഎൻഎ പ്രതിനിധികൾ രാജി വച്ച് ഇറങ്ങി പോയത്.

അതേസമയം ആരൊക്കെ എതിർപ്പുകളുമായി രംഗത്തുവന്നാലും നഴ്‌സിങ് സമൂഹത്തിന് വേണ്ടി പോരാട്ടം തുടരുമെന്ന് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ മറുനാടൻ മലയാളിയോട് പറഞ്ഞു. ലക്ഷക്കണക്കിന് നേഴ്‌സിങ് സമൂഹത്തിന്റെ ന്യായമായ അവകാശങ്ങൾ വിസ്മരിച്ചു മാനേജുമെന്റിന്റെ ഒപ്പം നിന്നവർ തൊഴിലാളി വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.