തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ശമ്പളം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുമായി ലേബർ കമ്മിഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ മുൻ പ്രഖ്യാപനപ്രകാരം ഈമാസം 24 മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും പണിമുടക്കി നഴ്‌സുമാർ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻ ഷാ പ്രഖ്യാപിച്ചു.

കഴിഞ്ഞ വർഷം മുഖ്യമന്ത്രി ഉറപ്പുനൽകിയതു പ്രകാരമുള്ള ശമ്പളവർധന ഒരു വർഷം കഴിഞ്ഞിട്ടും നടപ്പാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ജാസ്മിൻഷാ വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി ലോംഗ് മാർച്ച് തലസ്ഥാനത്തേക്ക് നടത്താനാണ് യുഎൻഎയുടെ തീരുമാനം. ചേർത്തല കെവി എം ആശുപത്രിക്ക് മുന്നിൽ നിന്ന് 24 മുതൽ പദയാത്രയായി നഴ്‌സുമാർ തലസ്ഥാനത്തേക്ക് നീങ്ങും. വാക്ക് ഫോർ ജസ്റ്റിസ് എന്ന പേരിട്ടാണ് പദയാത്ര നടത്തുന്നത്.

സമരം തീർക്കാൻ സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്ന് യുഎൻഎ ആവശ്യപ്പെട്ടു. സമാധാനപരമായി ഇത്രയും ദിവസം തലസ്ഥാനത്ത് സമരം നടത്തിയിട്ടും ചേർത്തല ആശുപത്രി വിഷയമോ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ പ്രശ്‌നമോ പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ആശുപത്രികളെ ബാധിക്കാത്ത തരത്തിൽ ഇതുവരെ സമരം നടത്തി. എന്നാൽ മാനേജ്‌മെന്റുകളെ നിലയ്ക്കുനിർത്താൻ സർക്കാർ മുന്നോട്ടുവരുന്ന സാഹചര്യം കാണുന്നില്ലെന്നും നഴ്‌സുമാർ പറയുന്നു. ഈ സാഹചര്യത്തിലാണ് ലോംഗ് മാർച്ചിലേക്കും സ്വകാര്യ ആശുപത്രികൾ സ്തംഭിപ്പിക്കുന്ന പണിമുടക്കിലേക്കും തങ്ങൾ നീങ്ങുന്നതെന്നും യുഎൻഎ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ കഴിഞ്ഞ വർഷം ഉണ്ടായതിന് സമാനമായ രീതിയിൽ സ്വകാര്യ ആശുപത്രി മേഖല പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയാണ് ഉണ്ടാവുകയെന്നതും വ്യക്തമായി. ചർച്ചകളെല്ലാം പൂർത്തിയായി യൂണിയൻ പ്രതിനിധികളുടേയും ഇതിനായി രൂപീകരിച്ച സമിതിയുടേയും എല്ലാം റിപ്പോർട്ട് അടുത്തിടെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയാണ് ഇനി തീരുമാനമെടുക്കേണ്ടത്. സമരം ശക്തമാകുന്നത് മുമ്പ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

മിനിമം വേജ് ഉപേദശക സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ അതിന്മേൽ അടയിരിക്കുന്നുവെന്നാണ് യുഎൻഎയുടെ ആരോപണം. തീരുമാനമെടുക്കാൻ 10 ദിവസം കൂടി വേണമെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതിൽ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ലെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു.മാനേജ്മെന്റുകൾക്കാകട്ടെ നഴ്സുമാർ സമരം തുടരട്ടെയെന്ന നിലപാടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ ആദ്യം ഇറത്തിയ കരട് രേഖയും ശമ്പളപരിഷ്‌കരണത്തിൽ ഭേദഗതി വരുത്തി മിനിമം വേജ് ഉപദേശക സമിതി തയ്യാറാക്കിയ റിപ്പോർട്ടും സർക്കാരിന് മുമ്പാകെ സമർപ്പിച്ചിരുന്നു. രണ്ടും റിപ്പോർട്ടുകളിലെ ശുപാർശകളിൽ ഏത് വേണമെന്ന് അന്തിമ വിജ്ഞാപനമിറക്കാൻ സർക്കാരിന് മുമ്പാകെ തടസ്സങ്ങളില്ല. എന്നാൽ, അതിന് നടപടിയുണ്ടാകാത്തതാണ് നഴ്സുമാരെ ചൊടിപ്പിച്ചത്. അതേസമയം ശമ്പള പരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ച് നഴ്സുമാർ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്.

ഏപ്രിൽ 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും യുഎൻഎ നേരത്തെ നിശ്ചയിച്ചിരുന്നു.അനിശ്ചിതകല പണിമുടക്ക് തുടങ്ങുന്ന 24 ന് തന്നെയാണ് കെവിഎമ്മിൽ നിന്ന് ലോങ് മാർച്ചും തുടങ്ങുന്നത്. തങ്ങൾ പണിമുടക്കുമെന്ന മുന്നറിയിപ്പിനെ സർക്കാർ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്ന പരാതിയും നഴ്സുമാർക്കുണ്ട്. എട്ടുദിവസമെടുത്താണ് മാർച്ച് തലസ്ഥാനത്ത് എത്തുക. അപ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ നഴ്‌സുമാരും സമരത്തിൽ അണിചേരും.

വിജ്ഞാപനം ഇറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സർക്കാർ നിയോഗിച്ച ഉപദേശക സമിതി ഒളിച്ചുകളി നടത്തുകയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും യുണൈറ്റഡ് നഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ശമ്പളം വർധിപ്പിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് ആശുപത്രി മാനേജ്മെന്റുകൾ ശ്രമിച്ചുവരുന്നതെന്നും ഏപ്രിൽ 23ന് മുൻപ് ശമ്പളം വർധിപ്പിക്കാനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കുന്നില്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുഎൻഎ നേരത്തേ വ്യക്തമാക്കിയിരുന്നു.