- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയിൽ പാർക്ക് ചെയ്ത പൊലീസ് വാനിൽ ചന്ദ്രക്കലയും നക്ഷത്രവും പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹത; തീർത്ഥാടന കേന്ദ്രത്തിൽ അടയാളം പതിച്ച വാഹനം എത്തിയതിന് പിന്നിൽ ഗൂഢാലോചന? പഴുതില്ലാത്ത അന്വേഷണത്തിന് എസ്പിക്ക് ചുമതല; അടിയന്തര റിപ്പോർട്ട് നൽകാൻ ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: പമ്പയിൽ പാർക്ക് ചെയ്ത പൊലീസ് വാനിൽ ചന്ദ്രക്കലയും നക്ഷത്രവും പ്രത്യക്ഷപ്പെട്ടത് എങ്ങനെ? സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോയും കറങ്ങി നടക്കുന്നു. പൊലീസ് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നിരിക്കെയാണ് ആരുമറിയില്ലെന്ന ഭാവേന ഉള്ള അടയാളങ്ങൾ പതിക്കൽ.
മാസ പൂജക്ക് ശബരിമല നട തുറന്നപ്പോൾ പമ്പയിലെത്തിയ പൊലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാനിനു പിറകിൽ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയൻ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്. തീർത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാർ നെടുമ്പ്രേത്ത് ആണ് ദൃശ്യങ്ങൾ പകർത്തിയത്.
ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തിൽ ഇത്തരത്തിൽ ചിഹ്നംപതിച്ച് പൊലീസ് വാഹനം എത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. വാഹനങ്ങൾ അനുവദിക്കുമ്പോൾ പൊലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നംപതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങളും പാടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
സംഭവത്തോടെ, പൊലീസ് വാഹനങ്ങളിൽ അടയാളങ്ങൾ പതിക്കരുതെന്ന് ഡിജിപി അനിൽ കാന്ത് കർശനനിർദ്ദേശം നൽകി. പൊലീസ് വാനിന് പിന്നിൽ മതചിഹ്നം പതിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. ബസിൽ ചിഹ്നം പതിച്ചതിനെക്കുറിച്ച് മോട്ടോർ ട്രാൻസ്‌പോർട്ടിന്റെ ചുമതലയുള്ള എസ്‌പി. അന്വേഷണം തുടങ്ങി.
പൊലീസ് വാഹനങ്ങളിൽ വ്യക്തിപരമോ മതപരമോ രാഷ്ട്രീയപരമോ സാമുദായികമോ ആയ എഴുത്തുകളോ അടയാളങ്ങളോ പതിപ്പിക്കരുത്. ഏതെങ്കിലും വാഹനങ്ങളിൽ ഇത്തരം എഴുത്തുകളോ അടയാളങ്ങളോ ഉണ്ടെങ്കിൽ അവ എത്രയുംപെട്ടെന്ന് നീക്കി വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനുമുമ്പ് റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. ഇത്തരം എഴുത്തുകളോ ചിഹ്നങ്ങളോ വാഹനങ്ങളിലുണ്ടെങ്കിൽ വാഹനത്തിന്റെ ചുമതല വഹിക്കുന്ന ഡ്രൈവറും വാഹനം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകും.
മറുനാടന് മലയാളി ബ്യൂറോ