കോതമംഗലം: ഭർത്താവ് മരിച്ചിട്ട് ദിവസങ്ങളെ ആയിരുന്നുള്ളു.ചെറിയ പ്രായം.ജീവിതത്തിൽ ഒറ്റപ്പെട്ടുപോയതിന്റെ ആഘാതം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്ന നാളുകൾ.ഭാവി ജിവിതത്തിന്റെ വാതിലടഞ്ഞ സ്ഥിതി.സാമ്പത്തീക നില പരിതാപകരം.ഒരു കുപ്പി പാലും ഒരു കിലോ അരിയും സംഘടിപ്പിച്ച് ചന്ദ്രേട്ടൻ നടത്തിയിരുന്ന ചായക്കട തുറന്നു.പ്രതിസന്ധികളുടെ ഘോഷയാത്രയാണ് പിന്നീട് നേരിടേണ്ടിവന്നത്.ക്യാൻസറിനെ അതിജീവിക്കാനായത് ആത്മവിശ്വസത്തിന്റെ കരുത്തുകൂട്ടി.ഒന്നും അസാധ്യമല്ലന്ന ബോധം മനസ്സിലുണ്ടെങ്കിൽ ഒരിടത്തും തോൽക്കേണ്ടിവരില്ല എന്നാണ് ജിവിതം എന്നെ പഠിപ്പിച്ച പാഠം...സുധാമ്മ പറയുന്നു..

കോതമംഗലം തട്ടേക്കാട് കുമ്പളക്കുടി പരേതനായ ചന്ദ്രന്റെ ഭാര്യയാണ് സുധാമ്മ.സുജാത എന്നാണ് യാഥാർത്ഥ പേരെങ്കിലും നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് സുധാമ്മയെന്നാണ്.ഈ വിളിയാണ് സുജാതയ്ക്കും ഇഷ്ടവും.മുമ്പത്തെക്കാൾ ജീവിക്കാൻ കൊതി തോന്നുന്നത് ഇപ്പോഴാണ്.എന്തൊക്കയോ ഒരുപാട് ചെയ്യാനുണ്ടെന്ന് ഒരു തോന്നൽ.വിധവയായ എന്നെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.അന്നത്തെ എന്റെ സാഹചര്യം നേരിടുന്നവർ ആരായിരുന്നാലും അറിവിൽപ്പെട്ടാൽ എന്നെക്കൊണ്ട് ആവും പോലെ സഹായിക്കണമെന്നാണ് ആഗ്രഹം.67 കാരിയായ സുധാമ്മ കൂട്ടിച്ചേർത്തു.

ക്യാൻസർ തളർത്തിയ ജീവിതത്തിൽ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ സുധാമ്മ ജീവിത വഴിയിലെ ഓട്ടത്തിന്റെ വേഗത ഒട്ടും കുറച്ചിട്ടില്ല.സ്വയം സംരംഭക , പക്ഷി നിരീക്ഷക ,ടൂറിസ്റ്റ് ഗൈഡ് ,സ്‌കൂൾ ജീവനക്കാരി തുടങ്ങിയ നിലകളിലെ പ്രവർത്തനങ്ങളുമായി തിരക്കിലാണിപ്പോൾ സുധാമ്മ.ഇതിനിടയിൽ സമയം കണ്ടെത്തി രോഗബാധ മൂലം നഷ്ടപ്പെട്ട ഒരു കൈയുടെ ചനശേഷി പൂർവ്വസ്ഥിതിയിൽ എത്തിക്കുന്നതിനുള്ള ചികത്സയും തുടരുന്നു.

പത്താംക്ലാസ് മാത്രം വിദ്യാഭ്യസമുള്ള തനിക്ക് ഇന്ന് ലോകമെമ്പാടുമായി വ്യാപിച്ചുകിടക്കുന്ന സൗഹൃദ ശ്യംഘലയുണ്ട്.ജീവിതത്തിൽ താങ്ങും തണലും നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളത് ഈ സൗഹൃദ കൂട്ടമാണ്.സുധാമ്മ വിശദമാക്കി.ചുറ്റും വനമായിരുന്നതിനാൽ ചന്ദ്രന്റെ തട്ടേക്കാടുള്ള വീട്ടിലെ ജീവിതം ആദ്യകാലത്ത് വല്ലാതെ ഭയപ്പെടുത്തിയിരുന്നെന്നും തിരച്ചറിവുകൾ പിൽക്കാലത്ത് കാടിനെ വല്ലാതെ സ്നേഹിക്കാൻ നിമിത്തമായെന്നും സുധാമ്മ പറയുന്നു.

കൈവിട്ടുപോകുമെന്ന് കരുതിയ ജീവിതം തിരികെ പിടിക്കാൻ വലിയൊരളവിൽ ഈ കാട് സ്വാധീന ശക്തിയായി.ഈ വനമേഖല ഇന്ന് ജീവിതത്തിന്റെ ഭാഗമാണ്.ഇവിടുത്തെ പക്ഷികളെകുറിച്ചും സസ്യ-ജന്തുജാലങ്ങളെക്കുറിച്ചുമെല്ലാം നന്നായി അറിയാം.ഇന്നുവരെയുള്ള ജീവതത്തിലെ എടുത്തുപറയാവുന്ന നേട്ടവും ഇതുതന്നെ.സുധാമ്മ വിശദമാക്കി.ഭർത്താവിന്റെ മരണത്തിന് ശേഷമുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും കരുത്തുപകർന്ന നേട്ടങ്ങളെക്കുറിച്ചുമെല്ലാം സുധാമ്മ മറുനാടനോട് മനസ്സുതുറന്നു.

മൂവാറ്റുപഴ ആയവനയാണ് സ്വദേശം.1971 ഒക്ടോബറിലായിരുന്നു വിവാഹം.വിവാഹം നടക്കുന്ന സമയത്ത് തട്ടേക്കാട് കടവിൽ വച്ചുകെട്ടിയ ഒരു ചായക്കട നടത്തുകയായിരുന്നു ഭർത്താവ്.കൂടാതെ കടത്തുവള്ളത്തിലെ ജോലിയും ഉണ്ടായിരുന്നു.അന്ന് തട്ടേക്കാട് കടവിൽ പാലം ഉണ്ടായിരുന്നില്ല.വാഹനങ്ങൾ അക്കരെ ഇക്കരെ എത്തിക്കാൻ ഒരു ജംഗാർ മാത്രമാണ് കടവിലുണ്ടായിരുന്നത്.

4 അനുജന്മാരും സഹോദരിയും മതാപിതാക്കളും ഉൾപ്പെടുന്ന കുടുംബം വളരെ കഷ്ടപ്പെട്ടാണ് അന്ന് കഴിഞ്ഞിരുന്നത്.കുടുംബത്തിലെ എല്ലാവർക്കും എന്നോട് വലിയ കാര്യമായിരുന്നു.16 വർഷത്തോളം ഇങ്ങിനെ മുക്കിയും മുളിയുമെല്ലാം ജീവിതം മുന്നോട്ടുപോയി.ഇതിനിടയിൽ ഭർത്താവ് രോഗ ബാധിതനായി.ചികത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.രോഗം മുർച്ഛിച്ച് മരണപ്പെട്ടു.ഇവിടം മുതലാണ് ജീവിതം മാറിമറിയുന്നത്.

ഒരു കുപ്പി പാലും ഒരു കിലോ അരിയും നൽകിയ ജീവിതം

ഭർത്തിവിന്റെ മരണാനന്തര ചടങ്ങുകൾക്കായി ഒരാഴ്ചയിലേറെ ചായക്കട തുറന്നില്ല.കൈയിൽ ഒരു രൂപയെടുക്കാനില്ല എന്നതായിരുന്നു അന്നത്തെ സാമ്പത്തീക സ്ഥിതി.രണ്ടുമക്കളെയും കുടുബാംഗങ്ങളെയും കുറിച്ച് ആലോചിച്ചപ്പോൾ വിഷമം ഉള്ളിലൊതുക്കി,ചായക്കട തുറക്കാൻ തീരുമാനിച്ചു.ഒരു കിലോ അരിയും ഒരു കുപ്പിപാലും എങ്ങിനെയൊക്കെയോ സംഘടിപ്പിച്ച്,ചായക്കട തുറന്നു.അന്ന് കടത്തുകടവിൽ നിർത്തുന്ന ബസ്സുകളുടെ സമീപത്തേയ്ക്ക് ഓടിയെത്തി ജീവനക്കാരെയും യാത്രക്കാരെയും ചായകുടിക്കാൻ ക്ഷണിക്കുമായിരുന്നു.ഒരു ചായക്ക് അന്ന് 8 രൂപയായിരുന്നു വാങ്ങിയിരുന്നത്.ബസ്സ് ജീവനക്കാർ ചായകുടിക്കാൻ ഇറങ്ങിയാൽ ഒന്നോ രണ്ടോ യാത്രക്കാർ കൂടി ചായകുടിക്കാൻ ഇറങ്ങും.അത് മനസ്സിൽകണ്ടാണ് ബസ്സുകളുടെ അടുത്തേയ്ക്കുള്ള ഓട്ടം.

തുറിച്ചുനോട്ടവും അടക്കം പറച്ചിലും നേരിടുന്നുണ്ടായിരുന്നെങ്കിലും കാര്യമാക്കിയില്ല.ഇതെല്ലാം അതിജീവിച്ചാലെ ജീവിതം മുന്നോട്ടു പോകു എന്ന തിരച്ചറിവ് ഇതിനകം നേടിക്കഴിഞ്ഞിരുന്നു.ഇതിനകം സത്രപ്പടിയിലെ സർക്കാർ സ്‌കൂളിൽ ചെറിയ ജോലിയും ലഭിച്ചിരുന്നു.ചായക്കടയിലെ ജോലികൾ ഒട്ടൊക്കെ ഒതുക്കി രാവിലെ 9 ണിയോടെ 2 കിലോ മീറ്റർ അകലെ സ്‌കൂളിലെത്തും.

മുറ്റം അടിക്കലും ഉച്ചകഞ്ഞി വയ്ക്കലും എല്ലാമായി ഉച്ചവരെ സ്‌കൂളിൽ.576 രൂപയായിരുന്നു ശമ്പളം.കുട്ടികൾക്ക് കഞ്ഞിവയ്ക്കുന്നതിനുള്ള വിറക് വീട്ടിൽ നിന്നും സ്‌കൂളിലേയ്ക്ക് തലച്ചുമടായി കൊണ്ടുപോയിരുന്നു.വിറക് എത്തിക്കുന്നതിനാൽ ദിവസം ഒരു ശമ്പളത്തിൽ ഒരു രൂപ കൂട്ടികിട്ടിയിരുന്നു.അന്ന് ഇത് വലിയ കാര്യമായിരുന്നു.

ജീവിതം ഭദ്രമാക്കിയത് പക്ഷിസങ്കേതം,നിമത്തമായത് സുഗതൻ സാർ

1983- ൽ തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നിരുന്നു.എന്റെ കഷ്ടപ്പാട് മനസിലാക്കിയിട്ടായിരക്കണം ഇവിടുത്തെ വനംവകുപ്പ് ജീവനക്കാർ സ്ഥിരമായി ചായ കുടിക്കാൻ എത്തയിരുന്നു.വർഷങ്ങൾ പിന്നിട്ടപ്പോൾ ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ.സലീം അലിയുടെ ശിഷ്യൻ കൂടിയായ ഡോ. ആർ സുഗതൻ സാർ ഇവിടെ എത്തുന്ന സ്‌കൂൾ -കോളേജ് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ എടുക്കാൻ എത്തിയിരുന്നു.
ക്ലാസ്സിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഭക്ഷണം നൽകാമോ എന്ന് ഒരു ദിവസം റെയിഞ്ചോഫീസർ ചോദിച്ചു.നൽകാമെന്ന് സമ്മതിച്ചു.ഇതുമൂലം ലഭിച്ച വരുമാന വർദ്ധനവ് അന്നത്ത സ്ഥിതിയിൽ ശരിക്കും പിടിച്ചുനിൽപ്പായി.ഈ സമയം മകൻ എട്ടാം ക്ലാസ്സിലും മകൾ 10 കഴിഞ്ഞ് നിൽക്കുകയും ആയിരുന്നു.പണച്ചെലവ് കൂടുതൽ നേരിട്ടിരുന്ന സമയമായിരുന്നു അത്.

ഡോർമെറ്ററിയിൽ ഭക്ഷണമെത്തിക്കാൻ പോകുമ്പോൾ സുഗതൻ സാറിന്റെ ക്ലാസ്സുകൾ പുറത്ത് നിന്ന് കേൾക്കാറുണ്ടായിരുന്നു.ഇത് ഒരിക്കൽ സാറിന്റെ ശ്രദ്ധയിൽപ്പെട്ടു.ക്ലാസിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഒപ്പം ഇരിക്കാൻ എന്നെയും ക്ഷണിച്ചു.വലിയ സന്തോഷമായി.
പക്ഷികളെക്കുറിച്ചും ജന്തു-സസ്യജാലങ്ങളെക്കുറിച്ചും അടുത്തറിയാൻ ക്ലാസ്സുകൾ വലിയൊരളവിൽ സഹായകമായി.ഈ സമയത്ത് പക്ഷിസങ്കേതത്തിൽ ഗൈഡുകളെ നിയമിക്കുന്നതിനായി നീക്കങ്ങൾ നടന്നിരുന്നു.വനംവകുപ്പിന്റെ നിബന്ധപ്രകാരമുള്ള യോഗ്യത നേടി ലൈസൻസുള്ള ഗൈഡായി.വന്യമൃഗങ്ങളും ഉഗ്രവിഷവാഹിയായ രാജവെമ്പാലുകളും വിഹരിക്കുന്ന കാട്ടിൽ ഗസ്റ്റുകളെ കൊണ്ടുപോകുന്നത് റിസ്‌കാണെന്ന് നല്ല ബോദ്ധ്യമുണ്ടായിരുന്നെങ്കിലും മനസ്സിൽ തെല്ലും ഭയമില്ലായിരുന്നു.

ജീവിതച്ചെലവ് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുമ്പോൾ ലഭിച്ച കച്ചിത്തുരുമ്പായിരുന്നു ഈ ജോലി.ഈ മേഖലയിൽ പെണ്ണായി ഞാൻ മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്.ഗൈഡായി പ്രവർത്തിക്കാൻ അവസരം ലഭിച്ചത് വഴി കാടിനെ കൂടുതൽ അടുത്തറിയാൻ അവസരം ലഭിച്ചു.2500 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന വനമേഖലയുടെ മുക്കും മൂലയും ഇന്ന് മന:പാഠമാണ്.രാവിലെ 6.30 മുതൽ 11.30 വരെ നീളുന്ന ഒറ്റ സെക്ഷനിൽ മാത്രം 40 ഇനം പക്ഷികളെ ഗസ്റ്റുകൾക്ക് കാണിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

പക്ഷികളുടെ ചിലയ്ക്കുന്ന ശബ്ദം കേട്ട് ,അത് ഏത് പക്ഷിയാണെന്ന് തിരച്ചറിയാനും അവയെ കണ്ടെത്താനും ഇന്ന് സാധിക്കുന്നുണ്ട്.ഇതിന് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സുഗതൻ സാറിനോടാണ്.അദ്ദേഹം മനസ്സുവച്ചില്ലങ്കിൽ ഇതൊക്കെ വെറും സ്വപ്നം മാത്രമായി അവശേഷിക്കുമായിരുന്നു.

താങ്ങായി ജംഗിൾ ബേർഡും

പക്ഷി സങ്കേതത്തിൽ ഗൈഡായി ജോലി ചെയ്യുമ്പോൾ തന്നെ വീടിനോടനുബന്ധിച്ച് രണ്ട് മുറികൾ നിർമ്മിച്ച് ഗസ്റ്റുകൾക്ക് താമസിക്കാൻ നൽകിയിരുന്നു.താമസിക്കാൻ എത്തിയിരുന്നവർക്ക് ഭക്ഷണവും വീട്ടിൽ നിന്നുതന്നെ.താമസിക്കാൻ ആവശ്യക്കാർ കൂടി വന്നതോടെ കൂടുതൽ മുറികൾ പണിതു.ജംഗിൾ ബേർഡ് എന്ന പേരിൽ പരിസ്ഥിതി സൗഹൃദം നിലനിർത്തി പോരുന്ന ഈ താമസ കേന്ദ്രം സമ്മാനിച്ച അറിവുകളും ചെറുതല്ല.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും നിരീക്ഷകരും ഇവിടെ താമസിക്കാൻ എത്തിയിട്ടുണ്ട്.പത്താംക്ലാസ് വരെ മാത്രമാണ് എന്റെ വിദ്യാഭ്യാസ യോഗ്യത.ഗസ്റ്റുകളോട് എനിക്ക് അറിയാവുന്ന ഇംഗ്ലീഷിൽ ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കും.അവർ പറയുന്ന ഓരോവാക്കുകളും മന:പാഠമാക്കും.അതിന്റെ അർത്ഥം മനസ്സിലാക്കിയെടുക്കും. അവരോടൊപ്പമുള്ള സമയം ഒരു ട്യൂഷൻ ക്ലാസ്സിലാണ് എന്നാണ് ഞാൻ മനസ്സിൽ സങ്കൽപ്പിച്ചിരുന്നത്.

രണ്ടുമക്കളാണ്.മകൾ ശാലിനി നേഴ്സായി ജോലി ചെയ്യുന്നു.മകൾ മകൻ ഗരീഷ് അഭിഭാഷകനും മികച്ച പക്ഷി നിരീക്ഷനുമാണ്.ഒട്ടുമിക്ക ദിവസങ്ങളിലും അവനും ഗസ്റ്റിനോടൊപ്പമുണ്ടാവും. ഗസ്റ്റ് പറയുന്ന കാര്യങ്ങൾ അവൻ കൃത്യമായി ധരിപ്പിക്കും.ഭാഷ പരിജ്ഞാനത്തിൽ ഇത് ഏറെ സഹായകമായി.ഇപ്പോൾ ഇംഗ്ലീഷ് ഉൾപ്പെടെ 8 ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഹോംസ്റ്റേയിലെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് മകന്റെ ഭാര്യ സന്ധ്യയാണ്.ഗസ്റ്റുകളെ കാട്ടിൽ കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൽ മാത്രമാണ് ഞാനും ഗിരീഷും ശ്രദ്ധിക്കുന്നുള്ളു.കോവിഡ് വ്യാപനം മൂലം രണ്ട് വർഷമായി വിദേശത്തുനിന്നും ഗസ്റ്റുകൾ എത്തിയിരുന്നില്ല.ഇപ്പോൾ സ്ഥിതി അൽപ്പമൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്.രാജ്യത്തിന്റെ പലഭാഗത്തുനിന്നായി പക്ഷിനീരീക്ഷകരും ഗവേഷകരും വിനോദ സഞ്ചാരികളും എത്തുന്നുണ്ട്.

ചികത്സതേടിയത് വയറുവേദനക്ക്,ടെസ്റ്റിൽ തിരച്ചറിഞ്ഞത് ക്യാൻസർ

2018-ൽ വയറുവേദനുമായിട്ടാണ് കുട്ടമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. ക്യാൻസറിന്റെ ലക്ഷണമാണ് കാണുന്നതെന്ന് അവിടുത്തെ ഡോക്ടർ പറഞ്ഞെങ്കിലും കാര്യമാക്കിയില്ല.കുറച്ചുദിവസങ്ങൾക്കുശേഷം കോതമംഗലത്തെ സ്‌കാൻ സെന്ററിൽ ഡോക്ടർ നിർദ്ദേശിച്ച പ്രകാരമുള്ള ടെസ്റ്റുകൾ നടത്തി.റിസൽട്ട് കണ്ടപ്പോൾ കാതമംഗലം താലൂക്ക് ആശുപത്രിയിലെ ക്യാൻസർ ബാധ സ്ഥിരീകരിച്ചു.നേഴ്സായ മകൾ ശാലിനിയോട് കാര്യങ്ങളെല്ലാം പറഞ്ഞു.സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു അവൾ.പ്രളയം വ്യാപകമായി ബാധിച്ചിരുന്ന സമയത്താണ് പരിശോധനകളും രോഗനിർണ്ണയുവും മറ്റും നടന്നത്.

ചികത്സ അവൾ ജോലിചെയ്യുന്ന ആശുപത്രിയൽ ആകാമെന്ന് കരുതി ,അവിടെ അഡ്‌മിറ്റായി. രോഗത്തിന്റെ ഗുരുതരാവസ്ഥ തിരച്ചറിഞ്ഞ് ചികത്സ പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലേയ്ക്ക് മാറ്റി.25 ദിവസം ഇവിടെ അഡ്‌മിറ്റായി ചികത്സിച്ചു.25 റേഡിയേഷനും 3 കീമോയും അനുബന്ധ ചികത്സകളും വേണ്ടിവന്നു.ഇത്രയും കഴിഞ്ഞപ്പോഴേയ്ക്കും ശരീരം ജീവനുണ്ടെന്ന് മാത്രം പറയാവുന്ന അവസ്ഥയിലെത്തിയിരുന്നു.

പിന്നീട് 7 മാസം വീട്ടിൽ കിടന്ന കിടപ്പ്.ദ്രവ രൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നൽകിയാണ് ജീവൻ നിലനിർത്തിയിരുന്നത്.പിന്നെ പതിയെ ജീവിതത്തിലേയ്ക്ക് പിച്ചവച്ചുതുടങ്ങി.6 മാസം കൂടുമ്പോൾ ടെസ്റ്റ് നടത്തുന്നുണ്ട്. ഒരു കൈ പൊക്കാൻ പ്രയാസമുണ്ട്.ഫിസിയോ തെറാപ്പിയിലൂടെ ഇത് പരിഹരിക്കാൻ കഴിയുമെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്.ഇപ്പോൾ പതിവ് പോലെ എല്ലാ ജോലികളും ചെയ്യുന്നുണ്ട്,

ഈശ്വരൻ കൂടെയുണ്ടാവുമെന്ന് അമ്മ,ദൈവത്തെ കണ്ടത് പ്രകൃതിയിലും

അമ്മയായിരുന്നു എല്ലാത്തിനും താങ്ങും തണലും.പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മയുടെ സാന്നിദ്ധ്യം വല്ലാത്ത ധൈര്യം പകർന്നിരുന്നു.ഈശ്വരൻ കൂടെയുണ്ടാവും എന്നുപറഞ്ഞാണ് വിഷമഘട്ടങ്ങളിൽ അമ്മ എന്നെ സമാധാനിപ്പിച്ചിരുന്നത്.അമ്മ പറഞ്ഞ്,പഠിപ്പിച്ച ഇശ്വരസാന്നിദ്ധ്യം ഞാൻ തിരിച്ചറിഞ്ഞത് പ്രകൃതിയിൽ നിന്നാണ്.അതുകൊണ്ട് തന്നെ ഇനിയുള്ള ജീവിതം പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കണം എന്നാണ് തീരുമാനിച്ചിട്ടുള്ളത്.

പ്രകൃതിയെ സംരക്ഷിച്ചുനിർത്തുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ഇതിനായി നമ്മളിൽ ഓരോരുത്തരും അവരവരുടേതായ പങ്ക് വഹിക്കണം.മക്കളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കണം.സ്‌കൂളിലെ കുട്ടികളോട് ഇടപെടുമ്പോഴെല്ലാം ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കാൻ പരാമാവധി ശ്രമിക്കുന്നുണ്ട്.കൊച്ചുമക്കൾ മൂന്നുപേരാണ്.ഇവരെല്ലാം പ്രകൃതിയെയും ജീവ ജാലങ്ങളെയും മനസ്സറിഞ്ഞ് സ്നേഹിക്കുന്നവരാണ്.

ആരെക്കണ്ടാലും ഉള്ളിന്റെയുള്ളിൽ നിന്നുവരുന്ന ഒരു ഒരു പുഞ്ചിരി മുഖത്തുണ്ടാവണം. പ്രയത്നിച്ചാൽ ഒന്നും അസാധ്യമല്ലന്ന ബോധം മനസ്സിൽ കരുതുകയും വേണം.ഇത്രയുമായാൽ ജീവിതം ഭദ്രമാവുമെന്നാണ് അനുഭവത്തിൽ നിന്നും മനസ്സിലായിട്ടുള്ളത്. സുധാമ്മ വാക്കുകൾ ചുരുക്കി.

പോസിറ്റീവ് എനർജ്ജി പകരുന്ന വ്യക്തിത്വമെന്ന് ഹെഡ്‌മിസ്ട്രസ്

എല്ലാകാര്യത്തിലും പോസിറ്റീവ് എനർജ്ജി പകരുന്ന വ്യക്തിത്വമാണ് സുധാമ്മയുടെതെന്നും സ്‌കൂളിൽ നടക്കുന്ന എല്ലാപരിപാടികളിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടാവാറുണ്ടെന്നും തട്ടേക്കാട് ഗവൺമെന്റ് യൂപി സ്‌കൂൾ ഹെഡ്‌മിസ്ട്രസ് മഞ്ജുള ദേവി പറഞ്ഞു.

പുഞ്ചിരിക്കുന്ന മുഖഭാവത്തോടെ അല്ലാതെ സുധാമ്മയെ കാണുന്നത് വിരളമാണ്. പ്രതിസന്ധികളുടെ കാലത്തും സ്‌കൂളിൽ എത്തുന്നതിൽ സുധാമ്മ ശ്രദ്ധിച്ചിരുന്നു.ഈ കൃത്യനിഷ്ഠ ജീവിതത്തിലും തുടരുന്നു.മറ്റ് പലരും ആലോചിക്കുന്നതിന് മുമ്പെ സുധാമ്മ സ്വന്തം നിലക്ക് നിരവധി കർമ്മപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി.അത് അവരുടെ ജീവിത വിജയത്തിന് വഴികാട്ടിയായി. മഞ്ജുള ദേവി വ്യക്തമാക്കി.