- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന ഓവറിൽ ഒരു റൺസും രണ്ട് വിക്കറ്റും; രാജസ്ഥാന് അവിശ്വസനീയ വിജയം സമ്മാനിച്ച് കാർത്തിക് ത്യാഗി; പാഴായത് രാഹുലിന്റെയും അഗർവാളിന്റെയും പോരാട്ടം; വീണ്ടും പടിക്കൽ കലമുടച്ച് പഞ്ചാബ്
ദുബായ്: അവിശ്വസനീയം എന്നല്ലാതെ ഒരു വാക്കുകാണ്ടും വിശേഷിപ്പിക്കാൻ പറ്റില്ല കാർത്തിക് ത്യാഗിയുടെ അവസാന ഓവറിനെയും രാജസ്ഥാന്റെ വിജയത്തെയും.ജയിച്ച മത്സരത്തെ തന്റെ മികച്ച ഓവറിലുടെ പഞ്ചാബിന്റെ കൈയിൽ നിന്ന് വാങ്ങി രാജസ്ഥാന് നൽകുകയായിരുന്നു ത്യാഗി.185 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 4 വിക്കറ്റ് നഷ്ടത്തിൽ 183 റ്ൺസെടുക്കാനെ സാധിച്ചുള്ളു. രാജസ്ഥാന് 2 റൺസിന്റെ അവിശ്വസനീയ വിജയം.സ്‌കോർ രാജസ്ഥാൻ റോയൽ 20 ഓവറിൽ 185ന് ഓൾ ഔട്ട്, പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 183-4.
അവസാന ഓവറിൽ ജയത്തിലേക്ക് നാലു റൺസ് മാത്രം മതിയായിരുന്ന പഞ്ചാബ് കിങ്‌സിനെ എറിഞ്ഞുവീഴ്‌ത്തി കാർത്തിക് ത്യാഗി രാജസ്ഥാൻ റോയൽസിന് സമ്മാനിച്ചത് അവിശ്വസനീയ വിജയം. തകർപ്പൻ അടികളുമായി ക്രീസിലുണ്ടായിരുന്ന ഏയ്ഡൻ മാർക്രത്തെ കാഴ്ചക്കാരനാക്കി നിക്കോളാസ് പുരാനെയും ദീപക് ഹൂഡയെയും വീഴ്‌ത്തി അവസാന ഓവറിൽ ഒറു റൺസ് മാത്രം വഴങ്ങിയാണ് രാജസ്ഥാൻ അവിശ്വസനീയ ജയം പിടിച്ചെടുത്തത്.
കാർത്തിക് ത്യാഗി എറിഞ്ഞ അവാസന ഓവറിൽ എട്ടു വിക്കറ്റ് ശേഷിക്കെ പഞ്ചാബിന് ജയത്തിലേക്ക് നാലു റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. തകർപ്പനടികളുമായി ക്രീസിലുണ്ടായിരുന്നത് ഏയ്ഡൻ മാർക്രവും നിക്കോളാസ് പുരാനും. ആദ്യ പന്തിൽ ത്യാഗി റൺസ് വിട്ടുകൊടുത്തില്ല. രണ്ടാം പന്തിൽ മാക്രം സിംഗിളെടുത്തു.മൂന്നാം പന്തിൽ നിക്കോളാസ് പുരാനെ സഞ്ജുവിന്റെ കൈകകളിലെത്തിച്ച് ത്യാഗി പഞ്ചാബിനെ ഞെട്ടിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് പോയ നാലാം പന്തിൽ ദീപക് ഹൂഡക്ക് റണ്ണൊന്നും നേടാനായില്ല. അഞ്ചാം പന്തിൽ ദീപക് ഹൂഡയെയും സഞ്ജുവിന്റെ കൈകളിലെത്തിച്ച് ത്യാഗിയുടെ ഇരട്ട പ്രഹരം. അവസാന പന്തിൽ മൂന്ന് റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് റണ്ണൊന്നും നേടാനായില്ല. തോൽവിയുടെ വക്കത്തു നിന്ന് രാജസ്ഥാൻ അവിശ്വസനീയമായി ജയിച്ചു കയറി.
185 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സിന് വേണ്ടി കെ.എൽ.രാഹുലും മായങ്ക് അഗർവാളും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മോശം പന്തുകളിൽ മാത്രം റൺസ് സ്‌കോർ ചെയ്ത് രാഹുലും മായങ്കും പഞ്ചാബിനെ മുന്നോട്ട് നയിച്ചു. ചേതൻ സക്കറിയ എറിഞ്ഞ മൂന്നാം ഓവറിൽ തുടർച്ചയായി ഒരു ഫോറും രണ്ട് സിക്സും നേടിക്കൊണ്ട് രാഹുൽ സ്‌കോറിങ്ങിന് വേഗം കൂട്ടി. ഒപ്പം ഐ.പി.എല്ലിൽ 3000 റൺസ് തികയ്ക്കുകയും ചെയ്തു.
ആദ്യ അഞ്ചോവറിനിടെ രണ്ടുതവണയാണ് രാഹുലിന്റെ ക്യാച്ച് രാജസ്ഥാൻ ഫീൽഡർമാർ പാഴാക്കിയത്. ബാറ്റിങ് പവർപ്ലേയിൽ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 49 റൺസെടുത്തു. ഏഴാം ഓവറിലെ ആദ്യ പന്തിൽ ഒരു റൺസ് കൂടി എടുത്ത് രാഹുലും മായങ്കും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. കാർത്തിക് ത്യാഗി എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ മൂന്ന് പന്തുകൾ ബൗണ്ടറി കടത്തിക്കൊണ്ട് മായങ്ക് അഗർവാളും ആക്രമിക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ പതറി.
ക്രിസ് മോറിസ് എറിഞ്ഞ പത്താം ഓവറിലെ മൂന്നാം പന്തിൽ സിക്സ് നേടിക്കൊണ്ട് മായങ്ക് അർധസെഞ്ചുറി പൂർത്തിയാക്കി. ഒപ്പം ഐ.പി.എല്ലിൽ 2000 റൺസും പൂർത്തിയാക്കി. 34 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി കണ്ടെത്തിയത്. അതേ ഓവറിൽ തന്നെ രാഹുലും മായങ്കും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. ആദ്യ പത്തോവറിൽ 106 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.
ഒടുവിൽ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് ചേതൻ സക്കറിയ രാജസ്ഥാന് ആശ്വാസം പകർന്നു. സ്‌കോർ 120-ൽ നിൽക്കെ 33 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 49 റൺസെടുത്ത രാഹുലിനെ സക്കറിയ കാർത്തിക് ത്യാഗിയുടെ കൈയിലെത്തിച്ചു. പഞ്ചാബിനെ സുരക്ഷിതമായ നിലയിലെത്തിച്ച ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്.
രാഹുലിന് പിറകേ മായങ്കും പുറത്തായത് പഞ്ചാബിന് തിരിച്ചടി സമ്മാനിച്ചു. 43 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 67 റൺസെടുത്ത മായങ്കിനെ രാഹുൽ തെവാത്തിയ ലിവിങ്സ്റ്റന്റെ കൈയിലെത്തിച്ചു.
പിന്നീട് ക്രീസിലൊന്നിച്ച നിക്കോളാസ് പൂരാനും എയ്ഡൻ മാർക്രവും ചേർന്ന് ടീം സ്‌കോർ 150 കടത്തി. വൈകാതെ ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിയെങ്കിലും ത്യാഗിയുടെ ഉശിരൻ പ്രകടനം രാജസ്ഥാന്റെ തലവര മാറ്റിയെഴുതി. അവിശ്വസനീയമായ വിജയം ടീം സ്വന്തമാക്കി. മാർക്രം 26 റൺസും പൂരാൻ 32 റൺസും നേടി അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഇരുവരും പടിക്കൽ കലമുടച്ചു.
രാജസ്ഥാന് വേണ്ടി ത്യാഗി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ചേതൻ സക്കറിയയും രാഹുൽ തെവാത്തിയയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ 185 റൺസിനു എല്ലാവരും പുറത്തായി. മഹിപാൽ ലൊംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലും (17 പന്തിൽ 43),ഓപ്പണർ യശസ്വി ജെയിസ്വാൾ (36 പന്തിൽ 49), എവിൻ ലൂയിസ് (21 പന്തിൽ 36), ലിയാം ലിവിങ്സ്റ്റൻ (17 പന്തിൽ 25) എന്നിവരുടെ മികച്ച സംഭാവനയിലും ഒരുഘട്ടത്തിൽ 200 മുകളിലുള്ള സ്‌കോർ രാജസ്ഥാൻ സ്വപ്‌നം കണ്ടിരുന്നു.എന്നാൽ അവസാന ഓവറുകളിൽ നന്നായി പന്തെറിഞ്ഞ പഞ്ചാബിന്റെ ബൗളർമാർ രാജസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു.
പഞ്ചാബിനായി അർഷ്ദീപ് സിങ് 4 ഓവറിൽ 32 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തി. 4 ഓവറിൽ 21 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും തിളങ്ങി. രാജസ്ഥാനായുള്ള ആദ്യ മത്സരത്തിൽ 21 പന്തിൽ 7 ഫോറും ഒരു സിക്‌സുമടിച്ച ലൂയിസ് ആരാധകരെ രസിപ്പിച്ചതിനു ശേഷമാണു മടങ്ങിയത്. അർഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്.
ഇഷാൻ പോറേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിനു ക്യാച്ച് നൽകിയാണു സഞ്ജു പുറത്തായത്. പിന്നാലെ 17 ബോളിൽ 2 ഫോറും ഒരു കൂറ്റൻ സിക്‌സുമടിച്ചു ലിയാം ലിവിങ്സ്റ്റൻ തകർപ്പൻ ഫോം സൂചന നൽകിയതാണ്. എന്നാൽ അർഷ്ദീപിനെ സിക്‌സടിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനിനു സമീപം തകർപ്പൻ ഡൈവിലൂടെ ഫാബിയൻ അലൻ ലിവിങ്സ്റ്റനെ പിടികൂടി. കരുതലോടെ കളിച്ച യുവതാരം യശസ്വി ജെയിസ്വാൾ അർധ സെഞ്ചുറിക്ക് ഒരു റൺ അകലെ വീണത് ആരാധകർക്കു നിരാശയായി. ഹർപ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്.
എന്നാൽ ദീപക് ഹൂഡ എറിഞ്ഞ 16ാം ഓവറിൽ 2 വീതം സിക്‌സും ഫോറുമടക്കം 24 റൺസ് അടിച്ച് മഹിപാൽ ലോംറോർ രാജസ്ഥാൻ കുതിപ്പിന്റെ വേഗം കൂട്ടി. വെറും 17 പന്തിൽ 4 സിക്‌സും 2 ഫോറും അടക്കം 43 റൺസ് അടിച്ചുകൂട്ടിയ ലോംറോന്റെ വിക്കറ്റും അർഷ്ദീപ് സിങ് തന്നെയാണു വീഴ്‌ത്തിയത്.
പിന്നീടു ഡെത്ത് ഓവറുകളിൽ 3 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി പഞ്ചാബിനെ മത്സരത്തിൽ തിരികെയെത്തിച്ചു. 19ാം ഓവറിൽ 3 റൺസ് മാത്രം വഴങ്ങിയ ഷമി രാഹുൽ തെവാത്തിയ (2), ക്രിസ് മോറിസ് (5) എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ 200നടുത്ത സ്‌കോർ നേടാമെന്ന രാജസ്ഥാൻ സ്വപ്നവും പൊലിഞ്ഞു
സ്പോർട്സ് ഡെസ്ക്