കോട്ടയം: ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ്. സേനയുടെ വിശ്വസ്തത വീണ്ടെടുക്കാന്‍ അത് അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ട എസ് പി സുജിത് ദാസിനെതിരേയും നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പോലീസ് മേധാവി ആവശ്യപ്പെട്ടു. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ തുടരാന്‍ അനുവദിക്കുന്നത് പൊതു ജനങ്ങള്‍ക്കിടയിലെ വിശ്വാസ്യത തകര്‍ക്കുമെന്നാണ് വാദം. അച്ചടക്ക നടപടിയുടെ ഭാഗമല്ലാതെ അജിത് കുമാറിനെ മാറ്റണമെന്നാണ് ആവശ്യം.

പി വി അന്‍വറിന്റെ ആരോപണം പുകമറയായിരിക്കാം. എങ്കിലും ഇത്രയും വലിയ ആരോപണം നേരിടുന്ന വ്യക്തിയെ ക്രമസമാധാന ചുമതല ഏല്‍പ്പിക്കുന്നതിലെ അതൃപ്തിയാണ് പോലീസ് മേധാവി പ്രകടിപ്പിച്ചത്. പോലീസിനുള്ളില്‍ ഗ്രൂപ്പിസം അനുവദിക്കില്ലെന്നും ശക്തമായ നടപടികള്‍ എടുക്കുമെന്നും ബന്ധപ്പെട്ടവര്‍ക്കും പോലീസ് മേധാവി വിശദീകരണം നല്‍കിയിട്ടുണ്ട്. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തുന്നുണ്ട്. ഇതിന് മുമ്പ് എഡിജിപിയുമായും മുഖ്യമന്ത്രി സംസാരിക്കും.

പോലീസ് മേധാവിയായി ദര്‍വേശ് സാഹിബ് എത്തിയിട്ട് വര്‍ഷം ഒന്നില്‍ അധികമായി. എങ്കിലും കരുതലോടെ മാത്രമാണ് പോലീസ് മേധാവി ഇടപെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അജിത് കുമാര്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിന് അറുതി വേണമെന്ന് മുതിര്‍ന്ന ഐപിഎസുകാര്‍ക്ക് അടക്കം അഭിപ്രായമുണ്ട്. ആ നിലപാടുകള്‍ കൂടി പരിഗണിച്ച് സേനയില്‍ എല്ലാ അര്‍ത്ഥത്തിലും പിടിമുറുക്കാനാണ് സാഹിബിന്റെ നീക്കം.

കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎല്‍എ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്‍വറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബും പരിപാടിയില്‍ പങ്കെടുക്കും. പി വി അന്‍വിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേകും.

അജിത് കുമാറിനെതിരായ ആരോപണം ഇന്റലിജന്‍സ് മേധാവിയെ കൊണ്ട് അന്വേഷണം നടത്തിയേക്കും. എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തുമോ എന്ന കാര്യം നിര്‍ണായകമാവും. അതു വേണമെന്ന് മുഖ്യമന്ത്രിയോട് പോലീസ് മേധാവി ആവശ്യപ്പെട്ടു കഴിഞ്ഞു. സുജിത് ദാസ് സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

അന്‍വര്‍ എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണ്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.