തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ യാത്രാ രീതികളില്‍ വന്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തല്‍. 'ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്' എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും. പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി റജിസ്ട്രര്‍ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.

ഇതോടെ ടാക്‌സികളെ പോലെ ദീര്‍ഘദൂര യാത്രയ്ക്ക് ഓട്ടോയേയും ഉപയോഗിക്കാനാകും. ടാക്‌സിയേക്കാള്‍ നിരക്ക് കുറവാണ് ഓട്ടോയ്ക്ക്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് ഗുണകരമായി മാറും. വിമാനത്താവളങ്ങളിലും മറ്റും വരുന്ന സാധാരണക്കാര്‍ക്കും ഇതര ജില്ലാ യാത്രയ്ക്ക് ഓട്ടോകളെ ഉപയോഗിക്കാം. ഇതെല്ലാം ടാക്‌സിക്കാര്‍ക്ക് പ്രതിസന്ധിയായി മാറുകയും ചെയ്യും. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ടായിരുന്നു പെര്‍മിറ്റ് നിയന്ത്രിയിച്ചിരുന്നത്.

ഉദാഹരണത്തിന് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നവര്‍ക്ക് കോട്ടയത്തേയ്ക്കും തൃശൂരിലേയ്ക്കും ആലപ്പുഴയിലേയ്ക്കും ഇനി ഓട്ടോയില്‍ പോകാം. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഉള്ള വിമാനത്താവളങ്ങളില്‍ ഇത് സാധാരണ യാത്രക്കാര്‍ക്ക് ഗുണകരമായി മാറും. ഓട്ടോ പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. റോഡുകളില്‍ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളില്‍ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടിരുന്നു. അതോറിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം.

ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പെര്‍മിറ്റിലെ ഇളവ്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളുകയാണ് അതോറിട്ടി ചെയ്തത്. ഇതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനവും ഉണ്ടെന്നാണ് സൂചന. ദീര്‍ഘദൂര യാത്രക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ, എന്ന വാദവും ഈ തീരുമാനത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. ഈ സാഹചര്യത്തില്‍ ഓട്ടോകളുണ്ടാക്കുന്ന അപകടങ്ങളും മറ്റും ഭാവിയില്‍ വിലയിരുത്തി തീരുമാനം പുനപരിശോധിക്കാനും സാധ്യതയുണ്ട്.

അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ക്കിടയില്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തലയോഗം വിലയിരുത്തി. യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്തത്. മുമ്പ് ജില്ലയിലെ മാത്രം ഓട്ടത്തിന് അനുവദിക്കുന്നതായിരുന്നു ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ്.