തിരുവനന്തപുരം: മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. മര്യനാട് സ്വദേശിയായ അരുള്‍ദാസന്റെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ 6.30-ന് ആയിരുന്നു സംഭവം.

12 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അത്തനാസ്, അരുള്‍ദാസന്‍, ബാബു എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, അത്തനാസിന്റെ നില ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തിക്കയറി.