കൊച്ചി: വിമാന യാത്രക്കാരുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങള്‍ ഉണ്ടാക്കുക വലിയ പ്രത്യാഘാതം. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായതും ഇതാണ്. തമാശയെന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരും. തമാശയായിട്ടാണെങ്കില്‍ പോലും ബോംബ് എന്ന വാക്ക് വിമാനയാത്രക്കാര്‍ ഉച്ഛരിക്കരുത്. തമാശയാണെന്ന് കേള്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ പോലും നടപടി അനിവാര്യതയാകും.

അപകടം, ബോംബ് പോലുള്ള വാക്കുകള്‍ കേട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം. ബോംബ് ഭീഷണി മുഴക്കുന്നവരെ പരിശോധനയില്‍ ബോംബില്ലെന്ന് കണ്ടാല്‍ വെരുതെ വിടില്ല. ഈ കുറ്റത്തിന് അഞ്ച് വര്‍ഷം വരെ തടവും ലഭിച്ചേക്കാം. യാത്രക്കാരനെ വിമാനകമ്പനികള്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്യും. വിമാനക്കമ്പനി സുരക്ഷാ ജീവനക്കാരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നീരസം പൂണ്ട് ബാഗേജില്‍ ബോംബുണ്ടെന്ന് കളിയായി പറഞ്ഞ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത് ഇതിന് തെളിവാണ്. വേണമെങ്കില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പോലും ചുമത്താന്‍ കഴിയുന്ന കുറ്റമായി ഇത് മാറാനും ഇടയുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. 'ബോംബ് ഭീഷണി' മൂലം വിമാനം രണ്ട് മണിക്കൂറിലധികം വൈകുകയും യാത്രക്കാരന്റെയും കുടുംബത്തിന്റെയും വിദേശയാത്ര മുടങ്ങുകയും ചെയ്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ തായ് ലയണ്‍ എയറില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. പ്രശാന്തിനോടൊപ്പം ഭാര്യയും മകനും മറ്റു നാലുപേരും കൂടിയുണ്ടായിരുന്നു. പ്രശാന്തിന് ആഫ്രിക്കയില്‍ ബിസിനസ്സുണ്ട്.

സ്വാതന്ത്ര്യദിനം അടുത്തതിനാല്‍ വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ട സുരക്ഷാ പരിശോധനകള്‍ക്കുശേഷം വിമാനത്തില്‍ കയറും മുന്‍പുള്ള സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയുമുണ്ട്. വിമാനക്കമ്പനി ജീവനക്കാരാണ് ഇവിടെ പരിശോധന നടത്തുന്നത്. സെക്കന്‍ഡറി ലാഡര്‍ പോയിന്റിലെത്തിയപ്പോള്‍ പ്രശാന്തിനോട് ബാഗേജില്‍ എന്തെല്ലാമാണുള്ളതെന്ന് ആരാഞ്ഞു. ഇത് ഇഷ്ടപ്പെടാതെയാണ് ബാഗേജില്‍ ബോംബുണ്ടെന്ന് കളിയായി പറഞ്ഞത്.

ഇത് സുരക്ഷാ ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തിലെ ബോംബ് ത്രെഡ് അസസ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സുരക്ഷാ നടപടികള്‍ കൈക്കൊണ്ടു. വിമാനത്തില്‍ കയറ്റിയ ബാഗേജെല്ലാം താഴെയിറക്കി പരിശോധിച്ചു. വിമാനവും പരിശോധിച്ച് സംശയകരമായ ഒന്നുംതന്നെയില്ലെന്ന് ഉറപ്പാക്കി. തുടര്‍ന്നാണ് വിമാനം ബാങ്കോക്കിലേക്ക് പറന്നത്. പുലര്‍ച്ചെ 2.10-ന് പോകേണ്ടിയിരുന്ന വിമാനം നാലരയ്ക്കാണ് പോയത്.

പ്രശാന്തിന്റെയും ഭാര്യയുടെയും മകന്റെയും യാത്രയും മുടങ്ങി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നെടുമ്പാശ്ശേരി പോലീസ് പ്രശാന്തിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.