തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യത. 11 ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റും മഴയുമുള്ള സാഹചര്യത്തില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ വയനാട്ടില്‍ ഇന്ന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. കോട്ടയത്തു പുലര്‍ച്ചെ മുതല്‍ മഴയാണ്.

രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെവരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.