കോഴിക്കോട്: ഹേമാകമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ മലയാള സിനിമ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയമാണിത്. ജയസൂര്യ, സിദ്ദീഖ്, മുകേഷ്, രഞ്ജിത്ത്, ബാബുരാജ്, മണിയന്‍പിള്ള രാജു തുടങ്ങിയ പ്രമുഖരൊക്കെ ജാമ്യത്തിനുവേണ്ടി നെട്ടോട്ടമോടുന്ന സമയം. മലയാള ചലച്ചിത്രമേഖലയെ തന്നെ ഹേമാകമ്മറ്റി റിപ്പോര്‍ട്ട് സ്തംഭിപ്പിച്ചു കഴിഞ്ഞു. ഓണച്ചിത്രങ്ങള്‍ക്കുള്ള പ്രമോഷന്‍ പോലും ഇപ്പോള്‍ അവതാളത്തിലാണ്. മാത്രമല്ല ആരോപിതരായ പ്രമുഖ താരങ്ങളെ മാറ്റേണ്ടിവന്നതുെകാണ്ട്, പരസ്യവിപണിയിലും കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

ഈ സാഹചര്യത്തിലാണ് ഇത്തരം വെളിപ്പെടുത്തലുകളുടെ നൈതികതയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയരുന്നത്. പത്തും ഇരുപതും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവങ്ങള്‍ അപ്പോഴോന്നും പ്രതികരിക്കാതെ, ഇപ്പോള്‍ ഒരു ബോംബായി പൊട്ടിക്കുന്നത് എന്തിനാണെന്നാണ് ചോദ്യമുയരുന്നത്. ഇതിന് മറുപടിയായി ഇരയാക്കപ്പെട്ടവര്‍ പറയുന്നത് അക്കാലത്ത് അതൊന്നും പറയാനുള്ള സാഹചര്യമില്ലായിരുവെന്നും, ആരും കൂടെ നില്‍ക്കില്ലായിരുന്നുവെന്നും, അവസരം നഷ്ടപ്പെടുമെന്നൊക്കെയാണ്.

എന്നാല്‍ അമ്മയും മാക്ടയും ഡബ്ലിയുസിയുമൊക്കെ വരുന്നതിന് മുമ്പ് യാതൊരു കോമ്പ്രമൈസുമില്ലാതെ ജീവിച്ചിട്ടും, താരമായ ഒരു നടിയുടെ ജീവതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അതാണ് സുനന്ദ നായര്‍ എന്ന കാര്‍ത്തിക. 80കളിലെ മോഹന്‍ലാല്‍- കാര്‍ത്തിക താരജോഡിയിലൂടെ മലയാളികള്‍ ഏറെ സ്നേഹിച്ച നടി.

കമലഹാസനെപ്പോലും എതിര്‍ത്തു

സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ നടി കാര്‍ത്തികയെക്കുറിച്ചുള്ള പോസ്റ്റുകളാണ് വൈറല്‍ ആവുന്നത്. -"സിനിമയില്‍ അവസരങ്ങള്‍ കിട്ടാന്‍ വേണ്ടി വഴങ്ങിക്കൊടുക്കുകയും എല്ലാവിധ 'സഹകരണവും' നല്‍കിയിട്ട് ഇന്ന് ആളാകാന്‍ വേണ്ടി നാലാള്‍ കേള്‍ക്കെ പണ്ടത്തെ കാര്യങ്ങള് വിളിച്ച് പറയുകയും ചെയ്യുന്ന അഭിനവ കുലസ്ത്രീകള്‍ അറിയണം ഈ നടിയെ' എന്ന ആമുഖത്തോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്.

എണ്‍പതുകളിലെ മലയാളസിനിമയുടെ മുഖശ്രീ തന്നെ ആയിരുന്ന നടി കാര്‍ത്തിക. 84 മുതല്‍ 89വരെയുള്ള അഞ്ചുവര്‍ഷമാണ് അവര്‍ സജീവമായിരുന്നത്. തലസ്ഥാനജില്ലയിലെ അറിയപ്പെടുന്ന ബാഡ്മിന്‍ഡന്‍ പ്ലെയര്‍ ആയിരിക്കെയാണ്, ബാലചന്ദ്രമേനോന്റെ 'മണിച്ചെപ്പ് തുറന്നപ്പോള്‍' എന്ന ചിത്രത്തിലൂടെ അവര്‍ നായികയായത്. ആക്ടിങ്ങ് കരിയര്‍ തുടങ്ങുമ്പോള്‍ സുനന്ദ എന്ന തന്റെ യഥാര്‍ത്ഥനാമധേയം തിരുത്തി കാര്‍ത്തിക ആയതു മാത്രമാണ് ചലച്ചിത്രജീവിതത്തില്‍ നടി നടത്തിയ ഒരേയൊരു ഒത്തുതീര്‍പ്പ്. കഥ ആവശ്യപ്പെടാത്തതായ ഒരു ആലിംഗനത്തിനു പോലും നിന്നു കൊടുക്കാതിരുന്ന നടിയായിരുന്നു അവര്‍. എന്നിട്ടും കാര്‍ത്തിക അന്നത്തെ ലേഡി സൂപ്പര്‍ സ്റ്റാറായി. മോഹന്‍ലാലിനൊപ്പം താളവട്ടം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, ജനുവരി ഒരു ഓര്‍മ്മ, എന്നീ ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റായിരുന്നു. ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ, ഇടനാഴിയില്‍ ഒരു കാലൊച്ച തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

അങ്ങനെയാണ് അവര്‍ തമിഴിലും കാസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് തനിക്കൊപ്പം അഭിനയക്കുന്ന നടിമാരുമായി ചുംബനരംഗങ്ങള്‍ റീടേക്ക് എടുക്കുന്ന കമലഹാസിന്റെ രീതിയൊക്കെ ഇന്‍ഡസ്ട്രിയില്‍ കുപ്രസിദ്ധമായിരുന്നു. എന്നാല്‍ കാര്‍ത്തിക ആര്‍ക്കും വഴങ്ങിയില്ല. 1987 -ല്‍ ഇറങ്ങിയ മണരത്നത്തിന്റെ നായകന്‍ എന്ന തമിഴ് ചിത്രത്തിലാണ് കമല്‍ഹാസനും കാര്‍ത്തികയും ആദ്യമായും അവസാനമായും ഒന്നിച്ച് അഭിനയിച്ചത്.

സിനിമയ്ക്കു മുന്നേ നടന്ന ഒരു ഫോട്ടോ ഷൂട്ട് വേളയില്‍ അനാവശ്യമായ ഒരു ശരീരസ്പര്‍ശത്തിനു മുതിര്‍ന്ന കമല്‍ഹാസന്റെ കൈ തട്ടിമാറ്റി അവര്‍ പ്രതിഷേധം അറിയിച്ചു. ഇതിന് പ്രതികാരമെന്നോണം ഷൂട്ടിങ്ങിനിടെ, തന്റെ മകളായി അഭിനയിക്കുന്ന കാര്‍ത്തികയുടെ മുഖത്ത് അടിക്കുന്ന സീനില്‍ കമല്‍ ശരിക്കും അടിച്ചതായി പരാതി വന്നു. ഇതേ തുടര്‍ന്ന് കാര്‍ത്തിക ഉടക്കി. സിനിമയുടെ ചിത്രീകരണം തന്നെ നിന്നു. അന്നത്തെ ഉഗ്രപ്രതാപിയായ ഉലകനായകന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ മണിരത്നം കാര്‍ത്തികയുടെ ഭാഗത്തുനിന്നു. പിന്നെ കമല്‍ ക്ഷമ പറഞ്ഞാണ് പ്രശ്നം ഒതുക്കിയതെന്ന് അക്കാലത്ത് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കാര്‍ത്തികയുടെ തൊഴില്‍ അവസാനിപ്പിക്കല്‍ തീരുമാനത്തിന്റെ കാരണവും അതേ സിനിമ ആയിരുന്നുവെന്നതും പലരും എഴുതുന്നുണ്ട്.

86-ല്‍ ഇറങ്ങിയ അനില്‍ സംവിധാനം ചെയ്ത മോഹല്‍ലാല്‍ ചിത്രമായ, 'അടിവേരുകള്‍' എന്ന സിനിമയില്‍ ജീപ്പില്‍ നിന്നും കാലുയര്‍ത്തി ഇറങ്ങവെ, അടിവസ്ത്രം കാണുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഇത് എഡിറ്റിംഗില്‍ കട്ട് ചെയ്തു മാറ്റാന്‍ കാര്‍ത്തിക ആവശ്യപ്പെട്ടെങ്കിലും, അത് നടന്നില്ല. ഇതും അക്കാലത്ത് നാന അടക്കമുള്ള മാസികളില്‍ വന്നതാണ്. ഇങ്ങനെ മീ ടുവും, വനിതാമുന്നേറ്റവും, എന്റെ ശരീരം എന്റെ അവകാശം എന്ന കാമ്പയിനും ഒന്നും ഇല്ലാത്ത കാലത്തതാണ് കാര്‍ത്തിക തന്റെടേത്തോടെ ഒറ്റക്ക് പോര്‍മുഖം തുറന്നത്. അതിന്റെ പേരില്‍ അവര്‍ക്ക് അവസരങ്ങളൊന്നും നഷ്ടപ്പെട്ടില്ല. പിന്നീട് വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയ അവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും അവര്‍ മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കയാണ് പതിവ്.