കോട്ടയം: ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ മനക്കരുത്ത് ചോരാതെ പഠിച്ച് മിടുക്കനായി കിരണ്‍ ലാല്‍ കെ. മധു. കാറ്റടിച്ചാല്‍ പറന്നു പോകാവുന്ന ചോരുന്ന വീട്ടിലിരുന്ന് പഠിച്ച കിരണ്‍ലാല്‍ ഡോക്ടര്‍ പഠനത്തിന് ഒരുങ്ങുകയാണ്. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പഠിക്കാനവസരം കിട്ടിയ കിരണ്‍ലാല്‍ തിങ്കളാഴ്ച പ്രവേശനം നേടും.

കാടമുറി കാഞ്ഞൂപ്പറമ്പില്‍ കെ.എം.മധുവിന്റെയും അജിതയുടെയും മകനാണ് കിരണ്‍ലാല്‍. മേസ്തിരിപ്പണിക്കാരനായ അച്ഛന്റെ.ും സ്വകാര്യ ആശുപത്രിയിലെ ക്ലീനിങ് വിഭാഗത്തില്‍ ജീവനക്കാരിയായ അമ്മയുടെയും കഷ്ടപ്പാടുകള്‍ അറിഞ്ഞാണ് കിരണ്‍ വളര്‍ന്നതും പഠിച്ചതും. വീട്ടിലെ പരിമിതികള്‍ക്കുനടുവിലും മകന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പമായിരുന്നു ഇക്കാലമത്രയും ഈ അച്ഛനമ്മമാരുടെ യാത്ര.

ശ്വാസംമുട്ടല്‍ അധികരിക്കുന്ന അമ്മയെക്കൂട്ടി ആശുപത്രികളില്‍ ചെലവിട്ട രാത്രികളിലെപ്പൊഴോ നാമ്പിട്ട സ്വപ്നമാണ് 'ഡോക്ടര്‍' പ്രൊഫഷന്‍. വീട്ടുകാരുടെ പിന്തുണ കൂടി കിട്ടിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. സിമന്റ് കട്ട കൊണ്ട് കെട്ടിയ തേക്കാത്തഭിത്തി. ചോരുന്ന ഒറ്റമുറിയിലെ പഠനം ബുദ്ധിമുട്ടെന്ന് കണ്ടാണ് എന്‍ട്രന്‍സ് പഠനത്തിന് ഹോസ്റ്റല്‍ തിരഞ്ഞെടുത്തത്.

പാലാ ബ്രില്യന്റ് ഫീസിളവും നല്‍കി. ഹോസ്റ്റല്‍ ഫീസടക്കം ലോണെടുത്തും മറ്റുമായി കണ്ടെത്തി. റിസള്‍ട്ടെത്തിയപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരവുമായി. തൃക്കോതമംഗലം എം.എം.ഡി. പബ്ലിക് സ്‌കൂള്‍, ഞാലിയാകുഴി എം.ജി.എം. പബ്ലിക് സ്‌കൂള്‍, എം.ജി.ഇ.എം.എച്ച്.എസ്., പാലാ ബ്രില്യന്റ് എന്നിവിടങ്ങളിലായിരുന്നു പഠനം. കിരണ്‍ലാലിന്റെ സഹോദരന്‍ പ്രകാശ്കുമാര്‍ കെ.മധുവും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്കുള്ള തയ്യാറെടുപ്പിലാണ്.